ഗണിതം: വിജയത്തില്‍ ജില്ല ഒന്നാമതെങ്കിലും മികവ് പോരെന്ന് ശില്‍പ്പശാല

Thursday 2 August 2018 5:37 pm IST

 

കണ്ണൂര്‍: കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയിലെ ഗണിതത്തില്‍ കണ്ണൂര്‍ ജില്ല വിജയശതമാനത്തില്‍ സംസ്ഥാനത്ത് ഒന്നാമതെത്തിയെങ്കിലും മറ്റു വിഷയങ്ങളെപ്പോലെ മികവ് പ്രകടിപ്പിക്കാന്‍ സാധിച്ചില്ലെന്ന് വിലയിരുത്തല്‍. ജില്ലാ പഞ്ചായത്ത് സംഘടിപ്പിച്ച മികവുല്‍സവം 2018 ശില്‍പ്പശാലയില്‍ കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷാ ഫലത്തെക്കുറിച്ച് നടന്ന അവലോകനത്തിലാണ് ഇക്കാര്യം ചര്‍ച്ചയായത്. ജില്ലയില്‍ പരീക്ഷയെഴുതിയ 34227 കുട്ടികളില്‍ ഗണിതത്തില്‍ 8882 പേര്‍ക്ക് പകുതിയില്‍ കുറവ് മാര്‍ക്ക് മാത്രമേ ലഭിച്ചുള്ളൂ. സാമൂഹ്യ ശാസ്ത്രത്തിത്തില്‍ 6019 പേര്‍ക്കും സി പ്ലസില്‍ കുറവ് ഗ്രേഡ് മാത്രമാണ് നേടാനായത്. 

അതേസമയം, എല്ലാ വിഷയങ്ങളിലും സംസ്ഥാന ശരാശരിയേക്കാള്‍ മികച്ച വിജയശതമാനം കൈവരിക്കാന്‍ ജില്ലയ്ക്ക് സാധിച്ചു. ഫിസിക്‌സ്, ഐടി വിഷയങ്ങളില്‍ സംസ്ഥാനത്ത് രണ്ടാം സ്ഥാനവും ഹിന്ദി, ബയോളജി വിഷയങ്ങളില്‍ മൂന്നാം സ്ഥാനവും കൈവരിക്കാന്‍ ജില്ലയ്ക്കായി. അതേസമയം, മലയാളം ഒന്നാം പേപ്പറില്‍ സംസ്ഥാനത്ത് എട്ടാം സ്ഥാനം മാത്രമാണ് ജില്ലയ്ക്കുള്ളത്. സാമൂഹ്യശാസ്ത്രത്തില്‍ ഏഴും ഇംഗ്ലീഷില്‍ ആറുമാണ് ജില്ലയുടെ സ്ഥാനം. 

കഴിഞ്ഞ എസ്എസ്എല്‍സി പരീക്ഷയില്‍ 99.036 ശതമാനവുമായി സംസ്ഥാനത്ത് മൂന്നാമതാവാന്‍ കണ്ണൂര്‍ ജില്ലയ്ക്ക് സാധിച്ചിരുന്നു. പരീക്ഷയ്ക്കിരുന്ന 34227 കുട്ടികളില്‍ 33897 പേര്‍ തുടര്‍പഠനത്തിന് യോഗ്യത നേടി. 30 കുട്ടികളെക്കൂടി വിജയിപ്പിക്കാന്‍ സാധിച്ചിരുന്നെങ്കില്‍ സംസ്ഥാനത്ത് വിജയശതമാനത്തില്‍ ഒന്നാം സ്ഥാനത്തെത്താന്‍ ജില്ലയ്ക്ക് സാധിക്കുമായിരുന്നുവെന്ന് ശില്‍പ്പശാല വിലയിരുത്തി. ആകെയുള്ള 209ല്‍ 105 സ്‌കൂളുകള്‍ക്ക് എല്ലാ കുട്ടികളെയും വിജയിപ്പിക്കാനായി. 32 സ്‌കൂളുകള്‍ക്ക് 99നും 100നുമിടയിലും 37 സ്‌കൂളുകള്‍ക്ക് 98നും 99നുമിടയിലും വിജയ ശതമാനമുണ്ട്. 90ല്‍ കുറവ് വിജയ ശതമാനമുള്ളത് ജില്ലയിലെ രണ്ട് സ്‌കൂളുകള്‍ക്ക് മാത്രമാണ്. 

85 വിദ്യാലയങ്ങളുള്ള തലശ്ശേരി വിദ്യാഭ്യാസ ജില്ലയില്‍ 51 സ്‌കൂളുകളും (60%), 88 സ്‌കൂളുകളുള്ള തളിപ്പറമ്പില്‍ 43 സ്‌കൂളുകളും (48.9%) 100 ശതമാനം വിജയം കൈവരിച്ചപ്പോള്‍ 36 സ്‌കൂളുകള്‍ മാത്രമുള്ള കണ്ണൂര്‍ വിദ്യാഭ്യാസ ജില്ലയില്‍ 36ല്‍ എട്ട് സ്‌കൂളുകള്‍ക്കു മാത്രമേ (22.2 %) ഈ നേട്ടം കൈവരിക്കാനായുള്ളൂ എന്നും യോഗം വിലയിരുത്തി. കഴിഞ്ഞ വര്‍ഷത്തെ പിഴവുകള്‍ തിരുത്തി മുന്നോട്ടുപോവാന്‍ ആവശ്യമായ പ്രവര്‍ത്തനങ്ങള്‍ ശില്‍പ്പശാല ചര്‍ച്ച ചെയ്തു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.