കീഴാറ്റൂര്‍: ബദല്‍ നിര്‍ദ്ദേശവുമായി വയല്‍ക്കിളി നേതാക്കള്‍

Thursday 2 August 2018 5:46 pm IST

 

കണ്ണൂര്‍: കീഴാറ്റൂരില്‍ വയല്‍ നികത്തി ദേശീയപാതാ ബൈപ്പാസ് നിര്‍മ്മിക്കുന്നതിനെതിരെ സമരം ചെയ്യുന്ന വയല്‍ക്കിളി നേതാക്കള്‍ നാളെ ദല്‍ഹിയില്‍ കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരിയുമായി ചര്‍ച്ച നടത്തും. വയല്‍ക്കിളി സമരനായകന്‍ സുരേഷ് കീഴാറ്റൂരിന്റെ നേതൃത്വത്തിലുള്ള സംഘമാണ് നാളെ മന്ത്രിയെ കാണുന്നത്. 

കീഴാറ്റൂരില്‍ ഇരുനൂറ്റി അമ്പതേക്കറോളം വയല്‍ നികത്തി ദേശീയപാത ബൈപാസ് നിര്‍മ്മിക്കുന്നതിനെതിരെ ഒന്നര വര്‍ഷമായി വയല്‍ക്കിളികള്‍ സമരത്തിലാണ്. ബിജെപി സംസ്ഥാന അധ്യക്ഷനായിരുന്ന കുമ്മനം രാജശേഖരനും ദേശീയ നിര്‍വ്വാഹകസമിതിയംഗം പി.കെ.കൃഷ്ണദാസും നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കേന്ദ്ര വനം പരിസ്ഥിതി മന്ത്രാലയം പാരിസ്ഥിതികാഘാത പഠനം നടത്തിയിരുന്നു. എന്നാല്‍ ഇത് പരിഗണിക്കാതെ ബൈപാസിന് വേണ്ടി സ്ഥലമേറ്റെടുക്കാന്‍ ത്രി ഡി നോട്ടിഫിക്കേഷന്‍ ഇറക്കിയത് കഴിഞ്ഞ ദിവസം കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം റദ്ദാക്കിയിരുന്നു. തുടര്‍ന്നാണ് ബദല്‍ നിര്‍ദ്ദേശങ്ങള്‍ക്ക് സാധ്യത തെളിഞ്ഞത്. വയലും തണ്ണീര്‍ത്തടങ്ങളും പൂര്‍ണ്ണമായും സംരക്ഷിച്ച് കൊണ്ടുള്ള അലൈന്‍മെന്റ് കേന്ദ്രമന്ത്രിക്ക് മുന്നില്‍ സമര്‍പ്പിക്കാനാണ് വയല്‍ക്കിളി നേതാക്കളുടെ തീരുമാനം. പാരിസ്ഥിതികമായ പ്രത്യാഘാതം ഏറ്റവും കുറഞ്ഞതായിരിക്കും വയല്‍ക്കിളികള്‍ നിര്‍ദ്ദേശിക്കുന്ന പുതിയ അലൈന്‍മെന്റ്. അതോടൊപ്പം സാമ്പത്തികമായ നേട്ടങ്ങളും പരിഗണിക്കും. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.