പാലക്കയം തട്ടിലേക്കുള്ള വഴി ചെളിയില്‍ മൂടി

Thursday 2 August 2018 5:47 pm IST

 

ആലക്കോട്: വടക്കേ മലബാറിലെ പ്രധാന ടൂറിസം കേന്ദ്രമായ പാലക്കയം തട്ടിലേക്കുള്ള വഴി ചെളിയില്‍ മൂടി. കോട്ടയം തട്ടില്‍ നിന്നും പാലക്കയം തട്ടിലേക്കുള്ള അരക്കിലോമീറ്റര്‍ ദൂരമാണ് റോഡ് ചെളിക്കുളമായത്. റോഡില്‍ ഒരടിയോളം താഴ്ചയില്‍ പലഭാഗത്തും മുട്ടോളം ചെളിയാണ്. കോട്ടയംതട്ടില്‍ നിന്നും സര്‍വീസ് നടത്തുന്ന ജീപ്പുകള്‍ മാത്രമാണു പാലക്കയം തട്ടിലേക്ക് കടന്നുപോകുന്നത്. ചെറുകാറുകള്‍ക്കു ചെളികാരണം ഇങ്ങോട്ടു വരാന്‍ സാധിക്കുന്നില്ല. പാലക്കയംതട്ടിലേക്കുള്ള റോഡിന്റെ വലതുവശത്ത് വന്‍ മണ്ണിടിച്ചിലുമാണ്. വലിയ പാറക്കല്ലുകള്‍ ഈ ഭാഗത്തെ റോഡിലേക്കു നിലംപതിച്ചിട്ടുണ്ട്. 

കോട്ടയംതട്ടില്‍ നിന്നും നിരവധി സഞ്ചാരികളാണു പാലക്കയംതട്ടിലേക്കു കാല്‍നടയായി വരുന്നത്. ഇവര്‍ക്കും റോഡിലെ ചെളി പ്രതിസന്ധി സൃഷ്ടിക്കുകയാണ്. ചെളിയില്‍ കാല്‍ താണുപോകുന്നതും പാദരക്ഷകളടക്കം നഷ്ടപ്പെടുന്നതും നിത്യസംഭവമാണ്. വീതി കുറഞ്ഞ റോഡില്‍ വാഹനങ്ങള്‍ കടന്നുപോകുമ്പോള്‍ കാല്‍നട യാത്രക്കാര്‍ക്ക് ഏറെ പ്രതിസന്ധിയാണ് ഉണ്ടാകുന്നത്. റോഡിന് ആവശ്യത്തിന് വീതി ഇല്ലാത്തത് യാത്രക്കാരുടെ സുരക്ഷയ്ക്കു തന്നെ ഭീഷണിയാണ്. 

കോട്ടയംതട്ട് മുതല്‍ പാലക്കയം തട്ടുവരെയുള്ള റോഡ് പഞ്ചായത്ത് ഉടന്‍ തന്നെ ഇടപെട്ട് വീതികൂട്ടി ടാറിംഗ് നടത്തണമെന്നാണ് ജനങ്ങളുടെ ആവശ്യം. ആയിരക്കണക്കിനു സഞ്ചാരികള്‍ ദിവസേന വന്നുപോകുന്ന പാലക്കയം തട്ട് കാഴ്ചകള്‍ കൊണ്ട് സഞ്ചാരികളുടെ പറുദീസയായി മാറുമ്പോഴും റോഡ് ഒരു ശാപമായി തീര്‍ന്നിരിക്കുകയാണ്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.