പരമമായ ശാന്തിക്ക് അവനവനെ അറിയുക തന്നെ വേണം

Friday 3 August 2018 1:06 am IST
എന്നിട്ടും കര്‍മം ചെയ്യാന്‍ ശക്തനായില്ല. അതിനാല്‍ ബ്രഹ്മം ശ്രേയോ രൂപമായ ധര്‍മത്തെ സൃഷ്ടിച്ചു. ആ ധര്‍മം ക്ഷത്രത്തെയുള്‍പ്പെടെ നിയന്ത്രിക്കുന്നതാണ്. തന്മൂലം അതിനേക്കാള്‍ ശ്രേഷ്ഠമായി ഒന്നും തന്നെയില്ല. ശക്തിയില്ലാത്തവര്‍ ശക്തന്മാരെ രാജാവിന്റെ സഹായത്താല്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നു. ധര്‍മം എന്നത് സത്യം തന്നെയാണ്. അതിനാല്‍ സത്യം പറയുന്നയാള്‍ ധര്‍മമാണ് പറയുന്നത്.

നാല് വര്‍ണങ്ങളുണ്ടായിട്ടും വിചാരിച്ച കാര്യം നടന്നില്ല. ഇനിയെന്ത് സംഭവിച്ചുവെന്ന് പറയുന്നു.

സഃ നൈവ വ്യഭവത്, തച്ഛ്രേയോ രൂപ 

മത്യസൃജത ധര്‍മം

എന്നിട്ടും കര്‍മം ചെയ്യാന്‍ ശക്തനായില്ല. അതിനാല്‍ ബ്രഹ്മം ശ്രേയോ രൂപമായ ധര്‍മത്തെ സൃഷ്ടിച്ചു. ആ ധര്‍മം ക്ഷത്രത്തെയുള്‍പ്പെടെ നിയന്ത്രിക്കുന്നതാണ്. തന്മൂലം അതിനേക്കാള്‍ ശ്രേഷ്ഠമായി ഒന്നും തന്നെയില്ല. ശക്തിയില്ലാത്തവര്‍ ശക്തന്മാരെ രാജാവിന്റെ സഹായത്താല്‍ വിജയിക്കാന്‍ ആഗ്രഹിക്കുന്നു. ധര്‍മം എന്നത് സത്യം തന്നെയാണ്. അതിനാല്‍ സത്യം പറയുന്നയാള്‍ ധര്‍മമാണ് പറയുന്നത്. ധര്‍മം പറയുന്നയാള്‍ സത്യവും. അത് രണ്ടും ധര്‍മം തന്നെയാണ്.

ഉഗ്രരും ശക്തരുമായ ക്ഷത്രിയരെ വച്ചു കൊണ്ട് കര്‍മം ചെയ്യാന്‍ പ്രയാസം തോന്നി. ക്ഷത്രിയരെ നിയന്ത്രിക്കാന്‍ ധര്‍മത്തെ സൃഷ്ടിച്ചു. ധര്‍മത്താലാണ് എല്ലാം നിയന്ത്രിക്കപ്പെടുന്നത്. ഇവിടെ സത്യം എന്നത് ശാസ്ത്രത്തിനനുസരിച്ചുള്ള ലോക വ്യവഹാരമാണ്. സത്യമനുഷ്ഠിച്ചാല്‍ ധര്‍മം എന്ന പേരുള്ളതാകും. അറിയപ്പെടുന്ന സത്യവും അനുഷ്ടിക്കുന്ന ധര്‍മവും ഒന്നു തന്നെയാണ്.

 തദേതത് ബ്രഹ്മ ക്ഷത്രം വിട് ശൂദ്രഃ തദഗ്‌നി നൈവ ദേവേഷു ബ്രഹ്മാഭത് 

ബ്രാഹ്മണന്‍, ക്ഷത്രിയന്‍, വൈശ്യന്‍, ശൂദ്രന്‍ എന്നിവയാണ് സൃഷ്ടിച്ച 4 വര്‍ണ്ണങ്ങള്‍. ബ്രഹ്മം ദേവന്‍മാരില്‍ അഗ്‌നി രൂപത്തിലായി. പിന്നെ മനുഷ്യരില്‍ അഗ്‌നിദേവതാ സ്വരൂപന്‍മാരായ ബ്രാഹ്മണരായി. പിന്നെ ഇന്ദ്രന്‍ തുടങ്ങിയ ദേവന്‍മാരിലെ ക്ഷത്രിയത്വം കൊണ്ട് ക്ഷത്രിയരുണ്ടായി. വസു മുതലായ ദേവന്‍മാരുടെ വൈശ്യത്വം കൊണ്ട് വൈശ്യരും പൂഷാവ് തുടങ്ങിയ ദേവന്‍മാരിലെ ശൂദ്രത്വം കൊണ്ട്  ശൂദ്രരുമുണ്ടായി.

അതിനാല്‍ ദേവന്‍മാരില്‍പെട്ടവര്‍ അഗ്‌നിയോട് ബന്ധപ്പെട്ട കര്‍മങ്ങള്‍ ചെയത് കര്‍മഫലത്തെ ആഗ്രഹിക്കുന്നു. മനുഷ്യരില്‍ ബ്രാഹ്മണരെ ആശ്രയിച്ച് കര്‍മം ചെയ്ത് കര്‍മഫലം ആഗ്രഹിക്കുന്നു. സാക്ഷാല്‍ ബ്രഹ്മം ആദ്യം ഈ രണ്ട് രൂപങ്ങളിലായിരുന്നതിനാലാണിത്.

അഥ യോ ഹ വാ അസ്മാല്ലോകാത് സ്വം ലോക മദൃഷ്ട്വാ പ്രൈതി

സ്വന്തം ആത്മാവാകുന്ന ലോകത്തെ അറിയാതെ മരിച്ചു പോകുന്നവരുടെ കാര്യം കഷ്ടമാണ്. പഠിക്കാത്ത വേദവും ചെയ്യാത്ത പുണ്യകര്‍മവും നമ്മെ രക്ഷിക്കാത്തതുപോലെ അവനവനെ അറിഞ്ഞില്ലെങ്കില്‍ ആ ആത്മാവിന് എങ്ങനെ പാലിക്കാനാവും.

ആത്മാവിനെ അറിയാത്തയാള്‍ എത്ര വലിയ പുണ്യകര്‍മം ചെയ്താലും അത് ക്ഷയിക്കും. ആത്മാവാകുന്ന സ്വലോകത്തെ ഉപാസിക്കുന്നയാളുടെ കര്‍മം ക്ഷയിക്കുന്നില്ല. ഈ ആത്മാവില്‍ നിന്ന് തന്നെ ആഗ്രഹിക്കുന്നതിനെയെല്ലാം സൃഷ്ടിക്കുന്നു.

ബ്രഹ്മം സ്വന്തം രൂപത്തില്‍ തന്നെയാണ് അഗ്‌നിയും ബ്രാഹ്മണനുമായത്. അതിനാലാണ് കര്‍മ വിഷയത്തില്‍ പ്രാധാന്യം ഉണ്ടായത്. മറ്റ് ദേവന്‍മാരും വര്‍ണങ്ങളും ഉണ്ടായത് രൂപാന്തരം കൈവരിച്ചാണ്. കര്‍മം ചെയ്യാന്‍ സഹായമെന്ന നിലയിലാണ് ഇവയെ സൃഷ്ടിച്ചത്.

ആത്മജ്ഞാനത്തിന്റെ പ്രാധാന്യമാണ് പിന്നെ വിവരിച്ചത്. ആത്മജ്ഞാനം നേടാതെ എത്ര വലിയ പുണ്യകര്‍മം ചെയ്താലും കാര്യമില്ല. പരമമായ ശാന്തിയെ നേടാന്‍ അവനവനെ അറിയുക തന്നെ വേണം. 

ആത്മജ്ഞാനിക്ക് അജ്ഞാനം മൂലമുള്ള കര്‍മങ്ങള്‍ ഇല്ലാത്തതിനാല്‍ സംസാരദുഃഖം ഉണ്ടാകില്ല. ബ്രഹ്മലോക ഉപാസനയെ സ്തുതിക്കാനാണ് ആത്മാവില്‍ നിന്ന് തന്നെ എല്ലാ ആഗ്രഹങ്ങളും സാധിക്കാമെന്ന് പറഞ്ഞത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.