നിയമം അവകാശ ലംഘനം വിവാഹേതര ബന്ധം വിവാഹത്തിന്റെ പവിത്രതക്ക് കളങ്കം; സുപ്രീം കോടതി

Friday 3 August 2018 1:08 am IST
ഒരു പുരുഷന് , വിവാഹിതയായ മറ്റൊരു സ്ത്രീയോട് ബന്ധമുണ്ടാകുകയും ഇതേകുറിച്ച് സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെടുകയും ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹേതര ബന്ധം കുറ്റകൃത്യമാകുന്നതെന്നാണ് നിയമത്തില്‍. ഇത്തരം ബന്ധങ്ങള്‍ നിയമപരമായി കുറ്റകൃത്യമല്ലാത്തതാണെങ്കിലും അത് വിവാഹബന്ധത്തിന്റെ പവിത്രക്ക് കളങ്കമാണ്. അതിനാല്‍ ഒരു വകുപ്പ് നിലനിര്‍ത്തിയതു കൊണ്ടുമാത്രം വിവാഹത്തിന്റെ പവിത്രത കാക്കാന്‍ കഴിയുമോ?

ന്യൂദല്‍ഹി: വിവാഹേതര ബന്ധം വിവാഹങ്ങളുടെ പരിശുദ്ധിയുമായി ബന്ധപ്പെട്ട ഗൗരവകരമായ വിഷയം തന്നെയാണെന്ന് സുപ്രീം കോടതി. പക്ഷെ അവിഹിതം കുറ്റകൃത്യമായി കണക്കാക്കുന്ന നിയമം വിവേചനപരമാണെന്നും ഇത് സ്ത്രീ പുരുഷ തുല്യതയുടെ ലംഘനമാണെന്നും കോടതി ചൂണ്ടിക്കാട്ടി. 

ഇത്തരം വിവേചനപരമായ വ്യവസ്ഥകളുള്ള , ഇന്ത്യന്‍ ശിക്ഷാ നിയമത്തിലെ  497-ാം വകുപ്പ് നിലനിര്‍ത്തേണ്ടതുണ്ടോയെന്നും  കേന്ദ്ര സര്‍ക്കാരിനോട് സുപ്രീം കോടതി ആരാഞ്ഞു. ഈ വകുപ്പ് നീക്കണമെന്നാവശ്യപ്പെട്ട് ജോസഫ് ഷൈന്‍ എന്നയാള്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍ വാദം കേള്‍ക്കവെയാണ് കോടതി ഇക്കാര്യം ചോദിച്ചത്.

വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കുന്നതിന് ഐപിസി 497-ാം വകുപ്പ് നിലനിര്‍ത്തേണ്ടതുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍ കോടതിയെ അറിയിച്ചിരുന്നു. 

എന്നാല്‍ ഒരു വകുപ്പ് നിലനിര്‍ത്തുന്നതു കൊണ്ടു മാത്രം വിവാഹത്തിന്റെ പവിത്രത സംരക്ഷിക്കപ്പെടുമോയെന്നത് ചിന്തിക്കേണ്ട വിഷയമാണെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുള്‍പ്പെട്ട ബെഞ്ച് നിരീക്ഷിച്ചു. ഒരു പുരുഷന് , വിവാഹിതയായ മറ്റൊരു സ്ത്രീയോട്  ബന്ധമുണ്ടാകുകയും ഇതേകുറിച്ച് സ്ത്രീയുടെ ഭര്‍ത്താവ് പരാതിപ്പെടുകയും  ചെയ്യുമ്പോള്‍ മാത്രമാണ് വിവാഹേതര ബന്ധം കുറ്റകൃത്യമാകുന്നതെന്നാണ് നിയമത്തില്‍. ഇത്തരം ബന്ധങ്ങള്‍  നിയമപരമായി കുറ്റകൃത്യമല്ലാത്തതാണെങ്കിലും അത് വിവാഹബന്ധത്തിന്റെ പവിത്രക്ക് കളങ്കമാണ്. അതിനാല്‍ ഒരു വകുപ്പ് നിലനിര്‍ത്തിയതു കൊണ്ടുമാത്രം വിവാഹത്തിന്റെ പവിത്രത  കാക്കാന്‍ കഴിയുമോ? കോടതി ചോദിച്ചു.  വിവാഹത്തിന്റെ പവിത്ര  നിലനിര്‍ത്താന്‍ പങ്കാളികള്‍ക്ക്  ഒരുപോലെ ഉത്തരവാദിത്തമുണ്ട്.

ഇപ്പോഴുള്ള വകുപ്പില്‍ ഉഭയ സമ്മതത്തോടെ ഒരാള്‍ മറ്റൊരാളുടെ ഭാര്യയുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടാല്‍ പുരുഷന്‍ മാത്രമാണ് കുറ്റക്കാരന്‍. ശിക്ഷിക്കപ്പെടുന്നതും പുരുഷന്‍മാത്രം. പക്ഷെ ഈ കുറ്റകൃത്യത്തില്‍ സ്ത്രീക്കും പുരുഷനും തുല്യപങ്കാണ് ഉള്ളതും. അഞ്ചംഗ ഭരണഘടനാ ബെഞ്ച് ചൂണ്ടിക്കാട്ടി.ഇത് വിവേചനമാണ്. കോടതി പറഞ്ഞു. ഈ വകുപ്പ് നീക്കം ചെയ്യണമെങ്കില്‍ ഐപിസി 497 -ാം വകുപ്പിലെ എല്ലാ ഭാഗങ്ങളെയും കുറിച്ചും വിശദമായ പഠനം നടത്തണമെന്നും കോടതി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.