'മീശയുടെ 'പരിഭാഷ ഹാജരാക്കാന്‍ 'മാതൃഭൂമി'ക്ക് സുപ്രീംകോടതി നിര്‍ദ്ദേശം

Friday 3 August 2018 1:11 am IST
നോവലിലുള്ളത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണങ്ങള്‍ മാത്രമാണെന്നും വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌ക്കാരത്തോട് യോജിപ്പില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അശ്ലീലം ഉണ്ടെങ്കില്‍ മാത്രമേ ഐപിസി 292 പ്രകാരം പുസ്തകം നിരോധിക്കാനാവൂ. ഭാവനാപരമായ സംഭാഷണങ്ങളില്‍ അശ്ലീലം ബാധകമല്ല, ചീഫ് ജസ്റ്റിസ് പറഞ്ഞു.

ന്യൂദല്‍ഹി: എസ്. ഹരീഷിന്റെ വിവാദമായ നോവല്‍ മീശയുടെ ഇംഗ്ലീഷ് പരിഭാഷ ഹാജരാക്കാന്‍ മാതൃഭൂമിക്ക് സുപ്രീംകോടതി നിര്‍ദ്ദേശം. മാതൃഭൂമി വാരികയില്‍ പ്രസിദ്ധീകരിച്ച മൂന്ന് അധ്യായങ്ങളുടെ പരിഭാഷയാണ് നല്‍കേണ്ടത്. അഞ്ചു ദിവസത്തിനകം പരിഭാഷകള്‍ കോടതിക്ക് നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ച് നിര്‍ദ്ദേശിച്ചു. 

ദല്‍ഹിയിലെ എന്‍എസ്എസ് കരയോഗം സെക്രട്ടറി രാധാകൃഷ്ണന്‍ വരേണിക്കല്‍ സമര്‍പ്പിച്ച പൊതുതാല്‍പ്പര്യ ഹര്‍ജിയിലാണ് കോടതിയുടെ ഇടപെടല്‍. പരിഭാഷ പരിശോധിച്ച ശേഷം ഹര്‍ജിയില്‍ തീരുമാനം സ്വീകരിക്കാമെന്ന് കോടതി വ്യക്തമാക്കി. 

നോവലിലുള്ളത് രണ്ട് കഥാപാത്രങ്ങള്‍ തമ്മിലുള്ള ഭാവനാപരമായ സംഭാഷണങ്ങള്‍ മാത്രമാണെന്നും വിവാദങ്ങളുടെ പേരില്‍ പുസ്തകം നിരോധിക്കുന്ന സംസ്‌ക്കാരത്തോട് യോജിപ്പില്ലെന്നും ചീഫ് ജസ്റ്റിസ് പറഞ്ഞു. അശ്ലീലം ഉണ്ടെങ്കില്‍ മാത്രമേ ഐപിസി 292 പ്രകാരം പുസ്തകം നിരോധിക്കാനാവൂ. ഭാവനാപരമായ സംഭാഷണങ്ങളില്‍ അശ്ലീലം ബാധകമല്ല, ചീഫ് ജസ്റ്റിസ് പറഞ്ഞു. 

രണ്ടു പാരഗ്രാഫുകളുടെ പേരിലാണ് വിവാദമെന്നും ആവിഷ്‌ക്കാര സ്വാതന്ത്രത്തില്‍ കോടതി ഇടപെടരുതെന്നും കേരള സര്‍ക്കാരിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ ജയ്ദീപ് ഗുപ്ത പറഞ്ഞു. പുസ്തകത്തില്‍ പറയുന്ന കാര്യങ്ങള്‍ക്കപ്പുറം ഹര്‍ജിയില്‍ രാഷ്ട്രീയം തിരുകി കയറ്റിയിട്ടുണ്ടെന്നും കേരള സര്‍ക്കാര്‍ ആരോപിച്ചു. വിഷയത്തെപ്പറ്റി വ്യക്തമായ ധാരണയില്ലെന്ന നിലപാടാണ് മറ്റൊരു കേസിനായി കോടതിയിലുണ്ടായിരുന്ന അഡീഷണല്‍ സോളിസിറ്റര്‍ ജനറല്‍ പിങ്കി ആനന്ദ് സ്വീകരിച്ചത്. 

ഹര്‍ജിക്കാരന് വേണ്ടി അഭിഭാഷകരായ ഗോപാല്‍ ശങ്കര്‍ നാരായണന്‍, ഉഷാ നന്ദിനി, ടോം ജോസഫ് എന്നിവര്‍ ഹാജരായി. കേസ് അടുത്തയാഴ്ച വീണ്ടും പരിഗണിക്കും. ഹിന്ദു സമൂഹത്തെ ഇത്രയേറെ അപമാനിച്ച നോവല്‍ പുസ്തകമാക്കി പ്രസിദ്ധീകരിച്ച ഡി.സി ബുക്‌സിനെതിരെ കോടതിയെ സമീപിക്കുമെന്ന് ഹര്‍ജിക്കാരന്‍ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.