വികാരിയുടെ പീഡനം: രഹസ്യമൊഴി പുറത്തുവന്നതില്‍ ദുരൂഹത

Friday 3 August 2018 1:16 am IST

കണ്ണൂര്‍: വികാരി  പ്രതിയായ കൊട്ടിയൂര്‍ പീഡനക്കേസില്‍ പരാതിക്കാരിയുടെ രഹസ്യമൊഴി പുറത്തുവന്നതില്‍ ദുരൂഹത. മൊഴിമാറ്റം ബാഹ്യപ്രേരണയാലും പ്രലോഭനത്തിന് വഴങ്ങിയുമാണെന്നാണ് സൂചന. രഹസ്യ വിചാരണ ആരംഭിച്ച ദിവസം തന്നെ  മൊഴി മണിക്കൂറുകള്‍ക്കകം എങ്ങനെ പുറത്തു വന്നു എന്നത് ചര്‍ച്ചയായിട്ടുണ്ട്. വികാരി ഉള്‍പ്പെട്ട  കേസിലെ പ്രതികളെ രക്ഷിക്കാനുളള ആസൂത്രിത നീക്കത്തിന്റെ ഭാഗമാണിതെന്നാണ് സൂചന.

  പ്രതിയുടെ മൊഴിമാറ്റം പ്രോസിക്യൂഷന് കനത്ത തിരിച്ചടിയാണ്.  പരാതിക്കാരി കൂറുമാറിയതോടെ വികാരിയെ  രക്ഷിച്ചെടുക്കാന്‍ വന്‍ ഗൂഢാലോചന നടന്നതായി വ്യക്തമാവുകയാണ്. പരസ്പര സമ്മതത്തോടെയാണ് ഫാദര്‍ റോബിന്‍ വടക്കുഞ്ചേരിയുമായി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെട്ടതെന്നും അദ്ദേഹവുമായി വൈവാഹിക ജീവിതം നയിക്കാന്‍ താല്‍പ്പര്യമുണ്ടെന്നും  കുഞ്ഞിന്റെ പിതാവ് ഫാദര്‍ റോബിന്‍ തന്നെയാണെന്നും  ബന്ധപ്പെടുമ്പോള്‍ തനിക്ക് പ്രായപൂര്‍ത്തിയായിരുന്നുവെന്നും തലശ്ശേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ പെണ്‍കുട്ടി പറഞ്ഞുവെന്നാണ് പുറത്തുവന്ന വാര്‍ത്ത.

തുടര്‍ന്ന് പരാതിക്കാരി കൂറുമാറിയതായി പ്രഖ്യാപിക്കാന്‍ പ്രോസിക്യൂഷന്‍ കോടതിയോട് ആവശ്യപ്പെട്ടു. കോടതി അങ്ങനെ പ്രഖ്യാപിക്കുകയും ചെയ്തു.

കൊട്ടിയൂരിലെ സെന്റ് സെബാസ്റ്റ്യന്‍സ് പള്ളി വികാരിയും ഐജെഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ മാനേജരുമായിരുന്ന ഫാദര്‍ റോബിന്‍ വടക്കുഞ്ചേരി പീഡിപ്പിച്ചതിനെ തുടര്‍ന്നാണ് പതിനാറുകാരി പ്രസവിച്ചെന്നാണ് കേസ്. തൊക്കിലങ്ങാടിയിലെ ക്രിസ്തുരാജ ആശുപത്രിയില്‍ 2017 ഫെബ്രുവരി ഏഴിനാണ് വിദ്യാര്‍ഥിനി പ്രസവിച്ചത്. നവജാതശിശുവിനെ പെട്ടെന്ന് തന്നെ രഹസ്യമായി വയനാട്ടിലെ അനാഥമന്ദിരത്തിലേക്ക് മാറ്റി. തുടര്‍ന്ന് ഫെബ്രുവരി 27നാണ് പേരാവൂര്‍ പോലീസ് ഫാദര്‍ റോബിനെ അറസ്റ്റ് ചെയ്തത്. 

ഫാദര്‍ റോബിന്‍ ഉള്‍പ്പെടെയുള്ള അഞ്ച് പ്രതികള്‍ വിചാരണ നേരിടണമെന്ന് സുപ്രീംകോടതി കഴിഞ്ഞദിവസം ഉത്തരവിട്ടിരുന്നു. മൂന്ന് പേരെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കുകയും ചെയ്തു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.