കുട്ടനാട് - നമ്മെ ഓര്‍മ്മപ്പെടുത്തുന്നത്

Friday 3 August 2018 1:24 am IST
പ്രകൃതിയുടെ സന്തുലിതാവസ്ഥ എവിടെയോ നഷ്ടമായതിന്റെ നേര്‍ചിത്രമാണ് നമ്മള്‍ കുട്ടനാട്ടില്‍ കണ്ടത്. കുട്ടനാട്ടിലെ നമ്മുടെ കൂടപ്പിറപ്പുകളുടെ അനുഭവം ഹൃദയഭേദകമാണ്. ഗവണ്‍മെന്റിന്റെ അമ്പൊഴിഞ്ഞ ആവനാഴി നോക്കി ജനം നെടുവീര്‍പ്പിട്ടു. പ്രളയദുരിതത്തില്‍ അവര്‍ ഒറ്റപ്പെട്ടു. കുടിവെള്ളവും വെളിച്ചവും ആഹാരവുമില്ലാതെ കഷ്ടപ്പെട്ടു. അവര്‍ക്ക് യഥാര്‍ത്ഥ ജീവിതതാളത്തിലേക്ക് തിരിച്ചു വരുവാന്‍ ഇനി എത്ര കാതം താണ്ടണം.

ര്‍ഷങ്ങളായി കേരളത്തില്‍ ഉടനീളം രാഷ്ട്രീയ തണലില്‍ നടപ്പിലാക്കിയതും ഇപ്പോഴും നടത്തിക്കൊണ്ടിരിക്കുന്നതുമായ അശാസ്ത്രീയ നിര്‍മ്മാണ പ്രവര്‍ത്തനങ്ങളുടെയും, പാരിസ്ഥിതിക കൈയ്യേറ്റങ്ങളുടെയും, പ്രകൃതി ചൂഷണത്തിന്റെയും, ആവാസ വ്യവസ്ഥയുടെ ലംഘനങ്ങളുടെയും വിളവെടുപ്പ് കാലമാണ് നമുക്ക് മുമ്പില്‍. മണ്ണറിഞ്ഞ് കൊടിയുടെ നിറം നോക്കി, രാഷ്ട്രീയ വളം നല്‍കി, നാടാകെ ഇത്തരം പാരിസ്ഥിതികതയെ തകിടം മറിക്കുന്ന പ്രവര്‍ത്തനങ്ങളുടെ വിത്തെറിഞ്ഞപ്പോള്‍ പ്രകൃതി കനിഞ്ഞരുളി നൂറ്‌മേനി വിളവ് നമുക്ക് തിരിച്ചു തന്നു തുടങ്ങി. വിതച്ചതല്ലേ കൊയ്യാനാകൂ! ശിഷ്ടജീവിതത്തില്‍ വിത്ത് എറിഞ്ഞില്ലങ്കിലും നമുക്ക് വിളവെടുക്കാനാകും. 

കാലാകാലങ്ങളില്‍ അധികാര കസേരയില്‍ അമര്‍ന്നിരുന്നവര്‍ ഇടനാഴികകളില്‍ ഉരുത്തിരിഞ്ഞ രാഷ്ട്രീയ മുതലെടുപ്പിനായി ഒരു നാടിനെയും അവിടുത്തെ ജനങ്ങളേയും ഒറ്റു കൊടുത്തതിന്റെ ബാക്കി പത്രമാണ് കുട്ടനാട്ടിലെ ഹൃദയഭേദകമായ നേര്‍കാഴ്ച. കേരളത്തെയും കേരളഭൂമിശാസ്ത്രത്തെയും, പഠിക്കുവാനോ തിരിച്ചറിയാനോ കഴിയാതെ അല്ലങ്കില്‍ അതിന് ശ്രമിക്കാതെ നാളിതുവരെ സ്വന്തം നിലനില്‍പ്പിനായി ജനാധിപത്യത്തിന്റെ മറവില്‍ ഭൂരിപക്ഷ രാഷ്ട്രീയം ഇടതു-വലതു സമവാക്യങ്ങളിലൂടെ നിയമസഭകളില്‍ പാസാക്കിയെടുത്ത ജനദ്രോഹപരമായ പലബില്ലുകളും ഈ നാടിന്റെ ശാപമായി തീര്‍ന്നിട്ടുണ്ട്. പാരിസ്ഥിതിക പരിരക്ഷണത്തിനും പ്രകൃതിസംരക്ഷണത്തിനുമുള്ള പല നിയമങ്ങളും സ്വകാര്യ താല്‍പ്പര്യത്തിനായി പൊളിച്ചെഴുതി. ഭൂമിയെ ഉപഭോഗസംസ്‌ക്കാര മാഫിയകള്‍ക്ക് തീറെഴുതി. കേരളം കൈയ്യേറ്റക്കാരുടെ പറുദീസയാക്കി. സമാന്തര ഭരണ സംവിധാനമായി പ്രവര്‍ത്തിക്കുന്ന ഇവരുമായി കൈകോര്‍ത്ത് രാഷ്ട്രീയ മേലാളന്മാര്‍ അവരുടെ സാമ്പത്തിക അടിത്തറ വലുതാക്കി. 

ഇവിടെ നിയമങ്ങളെല്ലാം രാഷ്ട്രീയ കൂടുകളിലടച്ച് അത് നടപ്പിലാക്കാന്‍ പറയുന്നു. പ്രകൃതിയുടെ സന്തുലിതാവസ്ഥ മുഴുവന്‍ നശിപ്പിച്ചിട്ട് പ്രകൃതി ക്ഷോഭങ്ങളില്‍ കരയുന്നു. പിണറായി വിജയന്റെ നേതൃത്വത്തില്‍ അവസാനം കൂടിയ  നിയമസഭ സമ്മേളനത്തില്‍ പോലും ഭൂമിക്കൊരു ചരമഗീതം രചിച്ചുകൊണ്ട് നെല്‍വയല്‍ - തണ്ണീര്‍ത്തട സംരക്ഷണ ഭേദഗതി ബില്ല് പാസ്സാക്കിയത് നാം ഓര്‍ക്കണം.  

ഈ തലമുറയുടെ ആദ്യനാള്‍ മുതല്‍ ആറാം ഇന്ദ്രീയത്തിന്റെ അത്ഭുത ദര്‍ശനം ഇല്ലാതെ പഞ്ചേന്ദ്രീയങ്ങളെ കൊണ്ട് തൊട്ടറിഞ്ഞ് അറിവുള്ളവര്‍, ദീര്‍ഘവീക്ഷണമുള്ളവര്‍, കവികള്‍, കലാകാരന്മാര്‍, പ്രകൃതി സ്‌നേഹികള്‍, പരിസ്ഥിതി പ്രവര്‍ത്തകര്‍, കൃഷിക്കാര്‍, മനുഷ്യസ്‌നേഹികള്‍ തുടങ്ങി ഈ മനോഹര തീരത്ത് ഒരു ജന്മം കൂടി ആഗ്രഹിച്ചവരൊക്കെ കരഞ്ഞ് പറഞ്ഞു ഇനി വരുന്ന തലമുറക്ക് ഇവിടെ വാസം ബുദ്ധിമുട്ടാകുമെന്ന്. ആരസികന്മാര്‍ അവരുടെ വാക്കുകള്‍ കേട്ടില്ലെന്ന് മാത്രമല്ല മാനിഷാദ പാടിയവരെ പറക്കൊട്ടി പാടി പടിയടച്ച് പിണ്ഡം വെച്ചു.

അതിവര്‍ഷവും കാലാവസ്ഥ വ്യതിയാനവും ഇന്നും ഇന്നലെയും തുടങ്ങിയതല്ല എന്ന് നമുക്കറിയാം. ഭൂമിയോളം പഴക്കം അതിനുണ്ട്. പക്ഷേ തള്ള ചവുട്ടുന്നത് പിള്ളയ്ക്ക് കേടില്ല എന്ന് പറഞ്ഞ് എല്ലാവരും ചവിട്ടാന്‍ തുടങ്ങിയാല്‍ ഫലം എന്താകും. പ്രകൃതിക്ക് സ്വയം നിയന്ത്രിത ഒരു സന്തുലിതാവസ്ഥ ഉണ്ട്. നൂറ്റാണ്ടുകള്‍ക്ക് ഇടയില്‍ ചില അതിവര്‍ഷമോ വേനലോ ഭൂമിയ്ക്ക് വലിയ ദോഷമില്ലാതെ കടന്നുപോകുമായിരുന്നു. നമ്മുടെ ശരീരോഷ്മാവ് കൂടുകയും കുറയുകയും ചെയ്യുന്നത് പോലെ നിയന്ത്രിത അളവില്‍ പ്രകൃതിയുടെ സ്വയം ചികിത്സാ പദ്ധതികളായിരുന്നു അത്. അതിനൊരു താളമുണ്ടായിരുന്നു, ലയമുണ്ടായിരുന്നു. ഉദ്ദേശമുണ്ടായിരുന്നു.

 കര്‍ക്കിടകത്തിലെ തിരുമ്മു ചികിത്സപോലെ ആരോഗ്യപരമായ ഒരു തിരിച്ച് വരവാണ് അതിലൂടെ പ്രകൃതി നേടിയിരുന്നത്. കൈയ്യേറ്റങ്ങളുടെ കാലഘട്ടമായപ്പോള്‍ പ്രകൃതിയുടെ സന്തുലിതാവസ്ഥ എവിടെയോ നഷ്ടമായതിന്റെ നേര്‍ചിത്രമാണ് നമ്മള്‍ കുട്ടനാട്ടില്‍ കണ്ടത്. കുട്ടനാട്ടിലെ നമ്മുടെ കൂടപ്പിറപ്പുകളുടെ അനുഭവം ഹൃദയഭേദകമാണ്. ഇവിടെ മരണവും ദുരിതവും ഏറി. ഗവണ്‍മെന്റിന്റെ അമ്പൊഴിഞ്ഞ ആവനാഴി നോക്കി ജനം നെടുവീര്‍പ്പിട്ടു. പ്രളയദുരിതത്തില്‍ അവര്‍ ഒറ്റപ്പെട്ടു. കുടിവെള്ളവും വെളിച്ചവും ആഹാരവുമില്ലാതെ കഷ്ടപ്പെട്ടു. കനിവായി, കരുണയായി, കടമയായി ചില ആശ്വാസകിരണങ്ങള്‍ നല്‍കിയെങ്കിലും അവര്‍ക്ക് യഥാര്‍ത്ഥ ജീവിതതാളത്തിലേക്ക് തിരിച്ചു വരുവാന്‍ ഇനി എത്ര കാതം താണ്ടണം. 

കേട്ടുമടുത്ത വാഗ്ദാനങ്ങളും, കണ്ടുമടുത്ത സഹായധന പരസ്യ പരിപാടികളും ഇവരുടെ കണ്ണീരൊപ്പാന്‍ പര്യാപ്തമല്ല. പ്രകൃതിക്ഷോഭങ്ങള്‍ കേരളത്തെ ദുരിതകയത്തില്‍ ആഴ്ത്തുന്ന സന്ദര്‍ഭങ്ങളിലൊക്കെ ചില ഇടനിലക്കാര്‍ സഹായ വാഗ്ദാനങ്ങളുമായി എത്തുകയും വന്‍തോതില്‍ സാമ്പത്തിക പിരിവുകള്‍ നടത്തുകയും ചെയ്യാറുണ്ട്. എന്നാല്‍ ഇതൊന്നും അവരിലേക്ക് എത്താറില്ലായെന്ന് സുനാമിബാധിത പ്രദേശത്തെ ഇവരുടെ സഹായ സഹകരങ്ങള്‍ കൊണ്ട് നമുക്ക് മനസ്സിലായതാണ്.

 അതുപോലെ ആകരുത് കുട്ടനാട്ടിലെ സഹായപദ്ധതികളും. വിയര്‍പ്പൊഴുക്കി അരപ്പട്ടണിയില്‍ എണ്ണിക്കൂട്ടിയ നാണയത്തുട്ടുകളും അമിതപലിശയ്ക്ക് കടം എടുത്ത് സ്വരുകൂട്ടിയ സമ്പാദ്യവുമായി നാളിതുരെ നെഞ്ചോട് ചേര്‍ത്ത് വെച്ച് സൂക്ഷിച്ച അവരുടെ സ്വപ്‌നങ്ങള്‍ എല്ലാം നിലയറിയാത്ത വെള്ളപ്പാച്ചലില്‍ അലിഞ്ഞ് ചേര്‍ന്നെങ്കില്‍, അതിന് ഉത്തരവാദികള്‍ നിലമറിയാതെ വിത്ത് വിതക്കുകയും ദീര്‍ഘവീക്ഷണമില്ലാതെ പദ്ധതികള്‍ നടപ്പിലാക്കുകയും ഭൂമാഫിയകള്‍ക്ക് കേരളത്തെ തീറെഴുതുകയും ചെയ്ത ഭരണകര്‍ത്താക്കളാണ്. 

കുട്ടനാട്ടിലെ വെള്ളം കയറിയിറങ്ങിയ വീടുകളിലെ അവശേഷിക്കുന്ന കാഴ്ചകള്‍ കരളലിയിക്കുന്നതാണ്. ഇടിഞ്ഞുതാണ കിണറുകള്‍, ഉപയോഗ ശൂന്യമായ മോട്ടറുകള്‍, തുരുമ്പെടുത്ത തയ്യല്‍ മെഷീനുകള്‍, നഷ്ടപ്പെട്ട ജീവിതരേഖകള്‍, പ്രമാണങ്ങള്‍, നിത്യോപയോഗ സാധനങ്ങള്‍, വീട്ടുപകരണങ്ങള്‍, കോഴിയും, താറാവും നാല്‍ക്കാലികളും അടങ്ങിയ വളര്‍ത്തു മൃഗങ്ങള്‍ അങ്ങനെ ഒരുജീവിത കാലഘട്ടത്തിലെ മുഴുവന്‍ സമ്പാദ്യങ്ങളും സ്വപ്‌നങ്ങളും നഷ്ടമായി നിസ്സഹയരായി, നിശബ്ദരായി കണ്ണീര്‍വാര്‍ക്കുന്ന കുടുംബങ്ങളും മറുകര എത്താനാവാത്ത വാര്‍ദ്ധക്യങ്ങളും നമ്മെ പിടിച്ചുലയ്ക്കും. 

കപടരാഷ്ട്രീയ ഭിക്ഷാംദേഹികളുടെ അമിത ആസക്തിയും ഭോഗതൃഷ്ണയുടെയും കൈപ്പേറിയ ദുരന്തഫലങ്ങള്‍ ജീവിതയാഥാര്‍ത്ഥ്യങ്ങളെ ഇവിടെ ഈറനണിയിക്കുമ്പോള്‍ ആഴമേറിയ അവരുടെ ഹൃദയ മുറിവുകള്‍ക്ക് പുറമേ പുരട്ടുന്ന സുഗന്ധ തൈലം മതിയാവില്ല മുറിവുണക്കാന്‍. കായലോരത്തും, കടലോരത്തും ഈറന്‍ മാറാത്ത തറയില്‍ പഴം ചാക്ക് വിരിച്ച് അമിതാധ്വനത്തിന്റെ ശരീര ക്ഷീണത്തില്‍ അന്തിയുറങ്ങുന്ന സാധാരണ കൃഷിക്കാരുടെ സ്വപ്‌നങ്ങളാണ് നഷ്ടമായത്. കക്ഷിരാഷ്ട്രീയഭേദമന്യേ ഒറ്റ എംഎല്‍എമാര്‍ക്കോ മന്ത്രിമാര്‍ക്കോ ഭരണമേലാളന്മാര്‍ക്കോ ഇത്തരം ദുരന്തങ്ങളുടെ ചൂടും ചൂരും നേരിട്ട് അനുഭവിക്കേണ്ടി വരുന്നില്ല. 

മാനത്ത് കാര്‍മേഘങ്ങള്‍  ഉരുണ്ട് കൂടുമ്പോള്‍ മല അടിവാരത്തിലെ കര്‍ഷകരേയും തീരദേശവാസികളെയും ദുരിത ക്യാമ്പുകളിലേക്ക് രാപ്പാര്‍ക്കാന്‍ അയച്ചിട്ട് വെള്ളം കയറാത്ത മലമുകളിലെ ഫൈവ് സ്റ്റാര്‍ ഹോട്ടലുകളിലോ റിസോര്‍ട്ടുകളിലോ ഇരുന്ന് നഷ്ടങ്ങളുടെ കണക്കുകള്‍ പെരുകുന്ന രാഷ്ട്രീയ മേലാളന്മാര്‍ക്ക് ഇവരുടെ ജീവിത യാഥാര്‍ത്ഥ്യങ്ങള്‍ മനസ്സിലാക്കാന്‍ കഴിയില്ല. സ്വാതന്ത്ര്യാനന്തര കേരളത്തിലെ രാഷ്ട്രീയ ഭരണകര്‍ത്താക്കള്‍ ഒന്നും തന്നെ ഇവരുടെ ജീവിതയാഥാര്‍ത്ഥ്യങ്ങളെകുറിച്ച് പഠിച്ചിട്ടില്ല, പഠിക്കാന്‍ ശ്രമിച്ചിട്ടില്ല. അതുകൊണ്ട് മനഃസാക്ഷി മരവിച്ചിട്ടില്ലാത്ത കേരളസമൂഹം ഒന്നായ് അവര്‍ക്ക് കൈത്താങ്ങാകണം. സാമുദായിക സംഘടനകള്‍, സാമൂഹിക, സാംസ്‌ക്കാരിക നായകന്മാര്‍, സിനിമാ സംഘടനകള്‍ തുടങ്ങി ചലനാത്മകമായ ശക്തികളെ ഏകോപിപ്പിച്ചു കൊണ്ട് അടിസ്ഥാന പരമായ സഹായം ഉള്‍പ്പെടെ ചെയ്യാന്‍ നമ്മള്‍ ഉണര്‍ന്ന് പ്രവര്‍ത്തിക്കണം. 

പ്രകൃതിക്ഷോഭങ്ങളെ നിയന്ത്രിക്കാന്‍ നമുക്കാവില്ലന്ന് അറിയാം. പക്ഷേ അശാസ്ത്രീയമായ നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ കൊണ്ട് നാം തന്നെ നമുക്ക് വരുത്തുന്ന ദുരന്തഫലങ്ങളെ തിരിച്ചറിയണം. ലോകം മുഴുവന്‍ ആദരിച്ചിരുന്ന ധര്‍മ്മാടിസ്ഥിതമായ ഒരു ആവാസവ്യവസ്ഥ നമുക്ക് ഉണ്ടായിരുന്നു എന്നത് നാം മറന്നു. പഞ്ചഭൂതങ്ങളെ നമ്മള്‍ ഈശ്വര സങ്കല്‍പ്പത്തോടൊപ്പം ചേര്‍ത്ത് വെച്ച് പൂജിക്കുകയും ആരാധിക്കുകയും ചെയ്തിരുന്നു. മണ്ണും, മരവും, ജലവും, പുഴയും, വായുവുമൊക്കെ നമ്മുടെ പൂര്‍വ്വികര്‍ സംരക്ഷിച്ചു. കന്നുകാലികളെ പോറ്റി വളര്‍ത്തി. ഗോമാതാവിലൂടെ മണ്ണിന്റെ ആവാസവ്യവസ്ഥയ്ക്ക് ആവശ്യമായ ചാണകവും മൂത്രവും നമുക്ക് ലഭിച്ചിരുന്നു. 

തരിശു ഭൂമികള്‍ പുല്‍മേടുകളായിരുന്നു. അതുമൂലം മണ്ണൊലിപ്പ് തടയാന്‍ സാധിച്ചിരുന്നു. എത്രജലം നിറഞ്ഞാലും ഉള്‍കൊള്ളാന്‍ വലുപ്പമുണ്ടായിരുന്ന ആറുകളുടെയും, തോടുകളുടെയും ഇപ്പോഴത്തെ സ്ഥിതി മാറി യൗവ്വനം വീണ്ടെടുക്കണം. ജലസ്രോതസ്സുകളുടെ കൈയ്യേറ്റങ്ങള്‍ക്കെതിരെ കര്‍ശന നിയമങ്ങള്‍ നടപ്പാക്കണം. നിരന്തരമായി ബോധവല്‍ക്കരണവും പ്രകൃതി സംരക്ഷണവും ശീലമാക്കുകയും ജീവിതത്തിന്റെ ഭാഗമായി തീര്‍ക്കുകയും ചെയ്യണം. ഇനിയും ഒരു ദുരന്തത്തിന് കാതോര്‍ക്കാതെ കാരണമാകുന്ന കാര്യങ്ങളെ കണ്ടറിഞ്ഞ് കരുതലോടെ പരിഹരിക്കാനുള്ള ഓര്‍മ്മപ്പെടുത്തലാകണം നമുക്ക് കുട്ടനാട്.

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.