ഇടുക്കി ഡാം തുറക്കല്‍: ഭീതി സൃഷ്ടിച്ച ചാനലുകള്‍ക്ക് മുന്നറിയിപ്പ് മാത്രം; റൂട്ട് മാപ്പിനെ ട്രാളി സമൂഹമാധ്യമങ്ങളും

Friday 3 August 2018 1:27 am IST
ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ട് മാപ്പ് സംപ്രേഷണം ചെയ്ത സ്വകാര്യ ന്യൂസ് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കുമെതിരെ നടപടി എടുക്കാതെ വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പില്‍ മാത്രം ഒതുക്കി.

തിരുവനന്തപുരം: ഇടുക്കി ഡാം തുറക്കുന്നതു സംബന്ധിച്ച് നിയമം ലംഘിച്ച് റൂട്ട്മാപ്പ് പുറത്തുവിട്ട മാധ്യമങ്ങള്‍ക്ക് മുന്നറിയിപ്പ് മാത്രം നല്‍കി സംഭവം നിസ്സാരവല്‍ക്കരിക്കാന്‍ വൈദ്യുതി വകുപ്പിന്റെ ശ്രമം. അതേ സമയം ഡാം തുറന്നാല്‍ ജലം എപ്രകാരം ഒഴുകി കടലില്‍ എത്തുമെന്ന് സാങ്കല്‍പ്പിക റൂട്ട് മാപ്പ് ഉള്‍പ്പെടെ വിവരണം നല്‍കിയ മാധ്യമങ്ങളെ ട്രോളി സമൂഹമാധ്യമങ്ങളും.

ഇടുക്കി ഡാമിലെ ജലനിരപ്പ് ഉയര്‍ന്നതിനെ തുടര്‍ന്ന് ചെറുതോണി അണക്കെട്ടിന്റെ ഷട്ടറുകള്‍ തുറക്കാന്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനു പിന്നാലെ അത്യാധുനിക സാങ്കേതികവിദ്യയുടെ സഹായത്തോടെ റൂട്ട് മാപ്പ് സംപ്രേഷണം ചെയ്ത സ്വകാര്യ ന്യൂസ് ചാനലുകള്‍ക്കും പത്രങ്ങള്‍ക്കുമെതിരെ നടപടി എടുക്കാതെ  വൈദ്യുതി ബോര്‍ഡ് മുന്നറിയിപ്പില്‍ മാത്രം ഒതുക്കി. തന്ത്രപ്രധാനമായ,  അതീവ സുരക്ഷാ മേഖലയായ പ്രദേശങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കമാണ് മാധ്യമങ്ങള്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്ത്. എന്നാല്‍ നിയമനടപടികള്‍ സ്വീകരിക്കേണ്ട സാഹചര്യം ഉണ്ടായിട്ടും വന്‍കിട കോര്‍പ്പറേറ്റ് മാധ്യമങ്ങളെ സഹായിക്കുന്ന നിലപാടാണ് വൈദ്യുതി ബോര്‍ഡ് സ്വീകരിച്ചത്.

ജലവൈദ്യുതി നിലയങ്ങളും ജലസംഭരണികളും ഉള്‍പ്പെടുന്ന പ്രദേശങ്ങള്‍ ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്ട്-1923 അനുസരിച്ച് നിരോധിത മേഖലയാണ്.  ഇവിടങ്ങളില്‍ ചിത്രങ്ങള്‍ എടുക്കുന്നതും പ്രദര്‍ശിപ്പിക്കുന്നതും നിരോധിച്ചിട്ടുള്ളതുമാണ്. ഇടുക്കി, ചെറുതോണി  ഡാമുകളിലെ തന്ത്രപ്രധാനമായ ഭാഗങ്ങളുടെ ചിത്രങ്ങളും സാങ്കേതിക വിശദീകരണവും അടക്കം ചില ദൃശ്യ-പത്ര മാധ്യമങ്ങള്‍ വാര്‍ത്തകളുടെ ഭാഗമായി സംപ്രേഷണം ചെയ്യുകയായിരുന്നു. ഇത് നിയമലംഘനമാണ്.

ജലവൈദ്യുതി നിലയങ്ങളെയും ഡാമുകളെയും സംബന്ധിച്ച വാര്‍ത്തകള്‍ നല്‍കുമ്പോള്‍ രാജ്യസുരക്ഷയ്ക്ക് വിഘാതമാകാത്ത,  ഒഫീഷ്യല്‍ സീക്രട്ട്‌സ് ആക്റ്റ്-1923ന്റെ ലംഘനമില്ലാത്ത ചിത്രങ്ങള്‍ മാത്രമേ പ്രസിദ്ധീകരിക്കാനോ സംപ്രേഷണം ചെയ്യാനോ പാടുള്ളൂ. 

സാറ്റ്‌ലൈറ്റ് ചിത്രങ്ങളും വീഡിയോകളും ഉള്‍പ്പെടെ ഗ്രാഫിക്‌സിന്റെ സഹായത്തോടെ പുറത്തുവിട്ട മാധ്യമങ്ങളെ സമൂഹമാധ്യമങ്ങള്‍ കണക്കിന് ട്രോളി. വെള്ളത്തിന് സഞ്ചരിക്കേണ്ട വഴി സ്വകാര്യപത്രം വ്യക്തമാക്കിയിട്ടുണ്ടെന്നും അതുവഴി വെള്ളം സഞ്ചരിക്കുമ്പോള്‍ സ്വകാര്യമാധ്യമത്തിന്റെ ഓഫീസിലും കൂടി കയറി പോകാമെന്നുമാണ് രസകരമായ ചില ട്രോളുകള്‍ പറയുന്നത്. വെള്ളം ചാനലുകള്‍ പറഞ്ഞ വഴി സഞ്ചരിക്കുമെന്ന് എന്താ ഉറപ്പെന്നും ചിലര്‍ ചോദിക്കുന്നു. വരാല്‍, ചെമ്പല്ലി, സിലോപ്യ തുടങ്ങിയ മീനുകളുടെ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തിയുള്ള പോസ്റ്റുകളും ഏറെ ലൈക്കുകള്‍ വാരിക്കൂട്ടി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.