കെല്‍ട്രോണിന്റെ കോടികളുടെ ആസ്തി സ്വകാര്യ കമ്പനിക്ക്

Friday 3 August 2018 1:35 am IST
കേരള കമ്പ്യൂട്ടര്‍ എന്ന പേരില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ നിര്‍മിച്ച് വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആദ്യം പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇതിനായി ഒരു കമ്പനി രൂപീകരിച്ചു. ഇതിന് പേരിട്ടിട്ടില്ല. ഈ സ്ഥാപനത്തിന്റെ പകുതിയിലധികം ഓഹരി പങ്കാളിത്തവും നല്‍കിയത് സ്വകാര്യ കമ്പനികള്‍ക്കാണ്. നിര്‍മാണത്തിനു വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നും.

തിരുവനന്തപുരം: കേരള കമ്പ്യൂട്ടര്‍ നിര്‍മാണത്തിന്റെ പേരില്‍ സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്‍ട്രോണിന്റെ കോടികള്‍ വിലമതിക്കുന്ന സ്വത്ത് സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. കെല്‍ട്രോണിന്റെ മണ്‍വിളയിലെ  കമ്പനി കെട്ടിടമാണ് വിട്ടുനല്‍കിയത്. ഇതിനൊപ്പം കെട്ടിടം നവീകരിക്കാന്‍  ഒന്നരക്കോടി രൂപയും സര്‍ക്കാര്‍ ഖജനാവില്‍ നിന്നും സ്വകാര്യകമ്പനിക്ക് നല്‍കി.

പൊതുമേഖലാ സ്ഥാപനങ്ങളെ കേന്ദ്രം സ്വകാര്യവല്‍ക്കരിക്കുന്നുവെന്നും സ്വത്ത് സ്വകാര്യസ്ഥാപനങ്ങള്‍ക്ക് നല്‍കുന്നുവെന്നും   മുറവിളി കൂട്ടുന്ന ഇടതുസര്‍ക്കാരാണ് ഇങ്ങനെ ചെയ്യുന്നത്. 

കേരള കമ്പ്യൂട്ടര്‍ എന്ന പേരില്‍ സ്വന്തമായി കമ്പ്യൂട്ടര്‍ നിര്‍മിച്ച് വിപണിയിലിറക്കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു. ആദ്യം പദ്ധതി കെല്‍ട്രോണിനെ ഏല്‍പ്പിക്കാനാണ് തീരുമാനിച്ചിരുന്നത്. പിന്നീട് ഇതിനായി ഒരു കമ്പനി രൂപീകരിച്ചു. ഇതിന് പേരിട്ടിട്ടില്ല. ഈ സ്ഥാപനത്തിന്റെ പകുതിയിലധികം ഓഹരി പങ്കാളിത്തവും  നല്‍കിയത് സ്വകാര്യ കമ്പനികള്‍ക്കാണ്. നിര്‍മാണത്തിനു വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത് ചൈനയില്‍ നിന്നും. 

പൊതുമേഖലാ സ്ഥാപനങ്ങളായ  കെല്‍ട്രോണ്‍,  കെഎസ്‌ഐഡിസി, സ്വകാര്യ കമ്പനികളായ യുഎസ്ടി ഗ്ലോബല്‍, ആക്‌സിലറോണ്‍ എന്നീ കമ്പനികള്‍ക്കാണ് ഓഹരി പങ്കാളിത്തം.

ഇതില്‍ യുഎസ്ടിക്ക് 49 ശതമാനവും ആക്‌സിലറോണ്‍ കമ്പനിക്ക് 2 ശതമാനവും ഓഹരി പങ്കാളിത്തം നല്‍കി. കെല്‍ട്രോണിന് 26 ഉം, കെഎസ്‌ഐഡിസിയ്ക്ക് 23 ശതമാനവുമാണ് ഓഹരി. അതായത് രണ്ട് സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ ഒന്നിച്ചു ചേരുന്നതിനേക്കാല്‍  അധിക ഓഹരി പങ്കാളിത്തം രണ്ട് സ്വകാര്യ കമ്പനികള്‍ ചേരുമ്പോള്‍ ഉണ്ടാകും. ഇത് ക്രമേണ സ്വകാര്യവല്‍ക്കരണത്തിലേക്ക് നയിക്കും.  

വിലകുറഞ്ഞ സ്വന്തം കമ്പ്യൂട്ടര്‍ പദ്ധതിയുമായി ബന്ധപ്പെട്ട് ലാപ്‌ടോപ്പ് ആണ് ആദ്യം നിര്‍മിച്ച് വിപണിയിലിറക്കുക. ഇന്റലിന്റെ സാങ്കേതിക സഹായത്തോടെ  29000 രൂപയ്ക്ക് ലാപ്‌ടോപ്പുകള്‍  നിര്‍മിച്ച് വില്‍ക്കുമെന്നാണ്  സര്‍ക്കാരിന്റെ അവകാശ വാദം.    

ലാപ്‌ടോപ് നിര്‍മാണത്തിന് വേണ്ട ഉപകരണങ്ങള്‍ ഇറക്കുമതി ചെയ്യുന്നത്   ഇന്റലിന്റെ ചൈനക്ക്  പങ്കാളിത്തമുള്ള കമ്പനിയില്‍ നിന്നാണ്.  ഇതിന്  കെല്‍ട്രോണ്‍ എംഡി ടി.ആര്‍.ഹേമലത കഴിഞ്ഞ മാസം ചൈനയില്‍ സന്ദര്‍ശനം നടത്തിയിരുന്നു. മെയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ നിരവധി തദ്ദേശീയമായ സ്വകാര്യ കമ്പനികള്‍  കമ്പ്യൂട്ടര്‍ ഉപകരണങ്ങള്‍ ഇന്ത്യയില്‍ നിര്‍മിക്കുമ്പോഴാണ് സിപിഎമ്മിന്റെ ചൈന സ്‌നേഹം. ലാപ്‌ടോപ്പുകള്‍ നിര്‍മിക്കാനാണ്  കെല്‍ട്രോണിന്റെ മണ്‍വിളയിലെ കമ്പനി കെട്ടിടം  വിട്ട്‌നല്‍കിയത്. കെട്ടിടം നവീകരിക്കാന്‍  ഒന്നരക്കോടി രൂപയും  ഖജനാവില്‍ നിന്നും നല്‍കി.

ക്രമേണ സ്വത്തിനു പുറമേ കെല്‍ട്രോണും ഈ കമ്പനിയുടെ കൈയില്‍ ആകുമെന്ന ആശങ്ക ജീവനക്കാര്‍ക്കുണ്ട്. 30 കോടി രൂപ ചെലവഴിച്ച് കമ്പ്യൂട്ടര്‍ നിര്‍മിക്കുന്ന പദ്ധതിയുടെ ആദ്യഘട്ടത്തില്‍ 70 പേര്‍ക്ക് ജോലി ലഭിക്കുമെന്നാണ് സര്‍ക്കാര്‍ വാദം.  കെല്‍ട്രോണിലെ ജീവനക്കാര്‍ക്ക് ഇതില്‍ പങ്കാളിത്തമില്ല.  രണ്ടാം  ഘട്ടത്തില്‍ കൂടുതല്‍ തൊഴിലാളികളെ നിയമിക്കുമെന്നാണ് സര്‍ക്കാര്‍ അവകാശപ്പെടുന്നത്. രണ്ടായിരത്തോളം ജീവനക്കാര്‍ കെല്‍ട്രോണില്‍ ജോലി നോക്കുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.