മീശയ്ക്കു വേണ്ടി തുടിച്ച ഡിസിയോട് ഒരു മകന്റെ ചോദ്യം; അച്ഛന്റെ പുസ്തകം മുക്കിയതെന്തിന്?

Friday 3 August 2018 1:37 am IST
സിനിമാപ്രേമികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, ചരിത്രകാരന്മാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തിന്റെ തുടര്‍പതിപ്പ് ഇറക്കാനോ, പകര്‍പ്പവകാശം അവകാശികള്‍ക്ക് നല്‍കാനോ തയാറാകാതെ വഞ്ചിക്കുന്നതാണ് ഡിസി ബുക്‌സ് കൊട്ടിഘോഷിക്കുന്ന ആവിഷ്‌കാര സ്വാതന്ത്യമെന്നാണ് സാജുവിന്റെ വിമര്‍ശനം.

ആലപ്പുഴ: ആവിഷ്‌കാരസ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകളെയും ക്ഷേത്രവിശ്വാസികളെയും അധിക്ഷേപിക്കുന്ന മീശ നോവല്‍ പ്രസിദ്ധീകരിച്ച ഡിസി ബുക്‌സിന്റെയും ഉടമ രവി ഡിസിയുടെയും ഇരട്ടത്താപ്പ് തുറന്നുകാട്ടി പ്രശസ്ത സിനിമ ജേര്‍ണലിസ്റ്റ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാട്.

സിനിമാപ്രേമികള്‍ക്കും, വിദ്യാര്‍ഥികള്‍ക്കും, ചരിത്രകാരന്മാര്‍ക്കും ഏറെ പ്രയോജനം ചെയ്യുന്ന ചേലങ്ങാട് ഗോപാലകൃഷ്ണന്റെ പുസ്തകത്തിന്റെ തുടര്‍പതിപ്പ് ഇറക്കാനോ, പകര്‍പ്പവകാശം അവകാശികള്‍ക്ക് നല്‍കാനോ തയാറാകാതെ വഞ്ചിക്കുന്നതാണ് ഡിസി ബുക്‌സ് കൊട്ടിഘോഷിക്കുന്ന ആവിഷ്‌കാര സ്വാതന്ത്യമെന്നാണ് സാജുവിന്റെ വിമര്‍ശനം. ചേലങ്ങാട് ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങളായി സിനിമാ മംഗളത്തിലെഴുതിയ ഒരു കോളമാണ് വാണവരും വീണവരും. മലയാള സിനിമയിലെ വാണവരേയും വീണവരേയും കുറിച്ചുള്ള തുറന്നെഴുത്തായിരുന്നു ആ കോളം. 

പിന്നീട് അത് പുസ്തകമാക്കി. ഡിസി ബുക്‌സ് ആയിരുന്നു പ്രസാധകര്‍. സിനിമയിലെ ആരാധ്യരായ വിഗ്രഹങ്ങളെ തച്ചുടയ്ക്കുകയായിരുന്നു ആ ലേഖനങ്ങളില്‍. മാസങ്ങള്‍ക്കുള്ളില്‍ ആ പുസ്തകം പൂര്‍ണമായി വിറ്റഴിഞ്ഞു. പക്ഷേ പുനഃപ്രസിദ്ധീകരണത്തിന് ഡിസി ബുക്‌സ് തയാറായില്ല. കാരണമായി അവര്‍ പറഞ്ഞത് ചിലരെക്കുറിച്ച് മോശം പരാമര്‍ശങ്ങള്‍ ഉണ്ടായി എന്നതാണ്. നമ്മള്‍ ആരാധിച്ചിരുന്ന ചിലര്‍ ഉടയുന്നത് ശരിയല്ലെന്നായിരുന്നു അവരുടെ പക്ഷം.

ഡിസി കിഴക്കേമുറി എന്‍ബിഎസില്‍ നിന്നു പുറത്ത് പോയപ്പോള്‍ ഒപ്പം നിന്നയാളായിരുന്നു എന്റെ അച്ഛന്‍. ആ നന്ദി ഡിസി കിഴക്കേമുറി അവസാനം വരെ അച്ഛനോട് പ്രകടിപ്പിച്ചിരുന്നു. കിഴക്കേമുറിയുടെ മരണശേഷം ഗോപാലകൃഷ്ണന്റെ മൂന്ന് പുസ്തകങ്ങള്‍ ഡിസി ബുക്്‌സ് ഉപേക്ഷിച്ചു. മലയാള സിനിമയിലെ 'വാണവരും വീണവരും', അന്നത്തെ നായികമാര്‍, ലോക സിനിമയുടെ ചരിത്രം എന്ന പുസ്തകങ്ങളാണ് വെളിച്ചം കാണാത്തത്. ഇപ്പോള്‍ ആവിഷ്‌കാരസ്വാതന്ത്ര്യത്തിനായി വാദിക്കുന്നവര്‍ക്ക് പറയാമോ എന്ത് കൊണ്ട് അച്ഛന്റെ പുസ്തകങ്ങള്‍ ഒഴിവാക്കിയെന്ന്, സാജു ചോദിക്കുന്നു. ഇനിയും ഈ പുസ്തകങ്ങളുടെ പ്രസിദ്ധീകരണാവകാശം തിരിച്ചുതരാതെ കൈവശം വച്ചിരിക്കുന്ന ഡിസി ബുക്‌സ് എന്തിനാണ് നാഴികയ്ക്ക് നാല്‍പ്പതുവട്ടം ആവിഷ്‌കാരസ്വാതന്ത്ര്യത്തിന് വേണ്ടി, ഹരീഷിന്റെ 'മീശ'യ്ക്കുവേണ്ടി ബലം പിടിയ്ക്കുന്നതെന്ന സാജുവിന്റെ ചോദ്യത്തിന് ഉത്തരമില്ല. 

 

 

 

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.