ഉത്തേജകത്തില്‍ കുടുങ്ങി നവീന്‍ ഡാഗറും

Friday 3 August 2018 1:54 am IST

ന്യൂദല്‍ഹി: ഏഷ്യന്‍ ഗെയിംസിനുളള ഇന്ത്യന്‍ അത്‌ലറ്റിക് ടീമിന്റെ തയാറെടുപ്പുകള്‍ക്ക് തിരിച്ചടി. സ്റ്റീപ്പിള്‍ ചെയ്‌സ് താരം നവീന്‍ ഡാഗര്‍ ഉത്തേജക മരുന്ന്് പരിശോധനയില്‍ പരാജയപ്പെട്ടു. ഗുവാഹത്തിയില്‍ നടന്ന അന്തര്‍ - സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ നവീന്‍ നിരോധിക്കപ്പെട്ട മെല്‍ഡോണിയം ഉപയോഗിച്ചതായി തെളിഞ്ഞു.

ജൂലൈ 23 ന് ദേശീയ ഉത്തേജക വിരുദ്ധ ഏജന്‍സി നടത്തിയ പരിശോധനയിലാണ് നവീന്‍ പരാജയപ്പെട്ടത്. അന്ന് മുതല്‍ നവീനെ അത്‌ലറ്റിക് ഫെഡറേഷന്‍ ഓഫ് ഇന്ത്യ താല്‍ക്കാലികമായ സസ്‌പെന്‍ഡ് ചെയ്തതായി റിപ്പോര്‍ട്ട് ഉണ്ട്്.

2014 ല്‍ ഇഞ്ചിയോണില്‍ നടന്ന ഏഷ്യന്‍ ഗെയിംസില്‍ നവീന്‍ സ്റ്റീപ്പിള്‍ ചെയ്‌സില്‍ വെങ്കലം നേടിയിരുന്നു. ഗുവാഹത്തിയിലെ അന്തര്‍ - സംസ്ഥാന അത്‌ലറ്റിക് മീറ്റില്‍ 8.41 സെക്കന്‍ഡിന്റെ യോഗ്യതാ മാര്‍ക്ക് കടന്നാണ് നവീന്‍ ഇത്തവണ ഏഷ്യന്‍ ഗെയിംസിന് അര്‍ഹത നേടിയത്.

നവീന്‍ ഏഷ്യന്‍ ഗെയിംസിനുള്ള ഇന്ത്യന്‍ അത്‌ലറ്റിക് ടീമിനൊപ്പം ഭൂട്ടാനില്‍ പരിശീലനം നടത്തിവരുകയാണ്. പരിശോധനയുടെ ബി സാമ്പിള്‍ റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് നവീന്‍.

ഏഷ്യന്‍ ഗെയിംസ് ടീമംഗമായ ജാവലിന്‍ ത്രോ താരം അമിത് കുമാറും നേരത്തെ ഉത്തേജക മരുന്ന് പരിശോധനയില്‍ പരാജയപ്പെട്ടിരുന്നു. അമിത് കുമാറും സസ്‌പെന്‍ഷനിലാണ്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.