വണ്ണപ്പുറം കൂട്ടക്കൊലപാതകം : രണ്ടു പേര്‍ കസ്റ്റഡിയില്‍

Friday 3 August 2018 11:54 am IST
വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടം മുടി കാനാട്ട് കൃഷ്ണനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ഒന്നിനു പിന്നില്‍ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിനു പിന്നിലെ കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയില്‍.

തൊടുപുഴ: വണ്ണപ്പുറത്തെ കൂട്ടക്കൊലപാതക കേസില്‍ രണ്ടു പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തു. ഇവ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇവര്‍ ഇടുക്കി സ്വദേശികളാണ്. സ്ഥലക്കച്ചവടവും മന്ത്രവാദവുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി പണമിടപാട് നടത്തിയിരുന്നവരാണ് കസ്റ്റഡിയിലുള്ളതെന്നാണ് സൂചന. 

കസ്റ്റഡിയിലുള്ള ഒരാള്‍ നെടുങ്കണ്ടം സ്വദേശിയാണ്. ഇയാള്‍ക്ക് സ്ഥലവില്‍പ്പനയുമായി ബന്ധപ്പെട്ട് കൊല്ലപ്പെട്ട കൃഷ്ണനുമായി തര്‍ക്കമുണ്ടെന്നും പോലീസിന് വിവരം ലഭിച്ചിട്ടുണ്ട്. സംഭവവുമായി ബന്ധപ്പെട്ട് ആറോളം പേരെ നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. കൊല്ലപ്പെട്ട ​ഗൃഹനാഥന്‍ കൃഷ്ണന്റെ മൊബൈല്‍ ഫോണ്‍ കേന്ദ്രീകരിച്ചാണ് അന്വേഷണം പുരോഗമിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് സംശയ നിഴലിലുള്ള 20 ഓളം പേരുടെ പട്ടിക അന്വേഷണ സംഘം തയ്യാറാക്കിയിട്ടുണ്ട്.

തൊടുപുഴ ഡി‌വൈ‌എസ്‌പിയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. വണ്ണപ്പുറം പഞ്ചായത്തിലെ മുണ്ടം മുടി കാനാട്ട് കൃഷ്ണനും കുടുംബവുമാണ് കൊല്ലപ്പെട്ടത്. ഒന്നിനു പിന്നില്‍ മറ്റൊന്നായി അടുക്കിയ നിലയിലാണ് വീടിനു പിന്നിലെ കുഴിയില്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയത്. കൃഷ്ണന്‍കുട്ടിയുടെ മൃതദേഹമായിരുന്നു ഏറ്റവും അടിയില്‍. ഇയാളുടെയും മകന്‍റെയും തലയ്ക്ക് അടിയേറ്റ നിലയിലും ഭാര്യയുടെയും മകളുടെയും ശരീരത്തില്‍ കുത്തേറ്റ നിലയിലുമായിരുന്നു. ആറടിയോളം ആഴമുള്ള കുഴിയിലായിരുന്നു മൃതദേഹങ്ങള്‍.

തലയ്‌ക്കേറ്റ മാരകമായ മുറിവുകളാണ് മരണത്തിന് കാരണമെന്ന് പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്ത് വന്നിരുന്നു. ഇവരുടെ ശരീരത്തിലും ആഴത്തിലുള്ള മുറിവുകളുണ്ടായിരുന്നെന്ന് തെളിഞ്ഞു. വളരെ കൃത്യമായ ആസൂത്രണത്തിന് ശേഷമാണ് കൊലപാതകം നടത്തിയതെന്ന് പോലീസ് പറഞ്ഞു. മൂന്നിലധികം പേര്‍ ചേര്‍ന്നാണ് കൊല നടത്തിയത്. ചുറ്റിക, വടിവാള്‍, വാക്കത്തി തുടങ്ങിയ ആയുധങ്ങളാണ് കൊലയാളികള്‍ ഉപയോഗിച്ചിരിക്കുന്നത്. നാലു പേരുടെയും തലയിലും കഴുത്തിലും ചുറ്റിക കൊണ്ട് അടിച്ചതിന് ശേഷം വടിവാള്‍ കൊണ്ട് പലയാവര്‍ത്തി വെട്ടുകയായിരുന്നു എന്നാണ് പോലീസിന്റെ നിഗമനം.

പ്രത്യേക സ്വഭാവക്കാരനായ കൃഷ്ണന്‍കുട്ടിയുമായി അടുക്കാന്‍ നാട്ടുകാര്‍ ആരും തന്നെ താത്പര്യം കാണിച്ചിരുന്നില്ല. മന്ത്രവാദം പോലുള്ള കാര്യങ്ങളിലേക്ക് തങ്ങളെയും ഇടപെടുത്തുമോയെന്ന ആശങ്ക മൂലമാണ് നാട്ടുകാരില്‍ പലരും ഇവരില്‍നിന്ന് അകന്നുനിന്നിരുന്നത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.