പൗരത്വ കണക്കെടുപ്പ് ദേശസുരക്ഷയ്ക്ക്; ഇന്ത്യക്കാര്‍ പുറത്താക്കപ്പെടില്ല: ആഭ്യന്തരമന്ത്രി

Friday 3 August 2018 12:32 pm IST
സുതാര്യവും നിഷ്പക്ഷവുമായി മാത്രമേ നടപടികള്‍ സ്വീകരിക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ക്രമസമാധാനം ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ സൈനികരെ അസമിലേക്ക് അയച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ടതും നടപടി സ്വീകരിക്കേണ്ടതും രാജ്യത്തിന്റെ കടമയാണ്.

ന്യൂദല്‍ഹി: അസമിലെ അനധികൃത കുടിയേറ്റക്കാരെ കണ്ടെത്താനുള്ള പൗരത്വ കണക്കെടുപ്പ് ദേശസുരക്ഷ ഉറപ്പാക്കാനാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്. യഥാര്‍ത്ഥ ഇന്ത്യക്കാര്‍ പുറത്താക്കപ്പെടില്ല. ചില കേന്ദ്രങ്ങള്‍ വിഷയത്തെ മുതലെടുത്ത് സാമുദായിക ഭിന്നതയുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. അന്തിമ പട്ടികയില്‍ വിവേചനമുണ്ടാകില്ല. രാജ്യസഭയില്‍ ചോദ്യത്തിന് മറുപടിയായി അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞ ജൂലൈ 31ന് പ്രസിദ്ധീകരിച്ച കരട് പട്ടികയില്‍ നാല്‍പത് ലക്ഷം പേര്‍ ഉള്‍പ്പെട്ടിരുന്നില്ല.

 സുതാര്യവും നിഷ്പക്ഷവുമായി മാത്രമേ നടപടികള്‍ സ്വീകരിക്കൂ. സംസ്ഥാന സര്‍ക്കാരിന്റെ അഭ്യര്‍ഥന പ്രകാരം ക്രമസമാധാനം ഉറപ്പാക്കുന്നതിന് ആവശ്യമായ സുരക്ഷാ സൈനികരെ അസമിലേക്ക് അയച്ചിട്ടുണ്ട്. അനധികൃത കുടിയേറ്റക്കാരെ കണ്ടെത്തേണ്ടതും നടപടി സ്വീകരിക്കേണ്ടതും രാജ്യത്തിന്റെ കടമയാണ്. പട്ടികയില്‍ ഉള്‍പ്പെടാത്തവര്‍ക്കെതിരെ ബലം പ്രയോഗിച്ചുള്ള നടപടികള്‍ ഉണ്ടാവില്ല. എന്‍ആര്‍സി അന്തിമമല്ല. ഉള്‍പ്പെടാത്തവര്‍ക്ക് ഇനിയും അവസരങ്ങള്‍ ലഭിക്കും. അദ്ദേഹം വ്യക്തമാക്കി. 

 അസം സന്ദര്‍ശിക്കാനെത്തിയ തൃണമൂല്‍ പ്രതിനിധി സംഘത്തെ സില്‍ച്ചറില്‍ തടഞ്ഞ് തിരിച്ചയച്ച സംഭവത്തില്‍ പ്രതിപക്ഷ എംപിമാര്‍ സഭയില്‍ ബഹളമുണ്ടാക്കി. മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിന്റെ അഭിപ്രായം അറിയാന്‍ താല്‍പര്യമുണ്ടെന്ന് സഭാധ്യക്ഷന്‍ വെങ്കയ്യ നായിഡു പറഞ്ഞെങ്കിലും അദ്ദേഹം സംസാരിക്കാന്‍ തയാറായില്ല. മന്‍മോഹന്‍ സിങ്ങിനെ രാജ്‌നാഥ് സിങ് പ്രസംഗത്തില്‍ പരാമര്‍ശിച്ചിരുന്നു. എന്‍ആര്‍സിയുമായി ബന്ധപ്പെട്ട നിര്‍ദേശങ്ങള്‍ പരിഷ്‌കരിക്കണമെന്ന് കോണ്‍ഗ്രസ് എംപി ഭുപന്‍ ബോറ അഭിപ്രായപ്പെട്ടു. കരട് പട്ടികയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്തവരെ നുഴഞ്ഞുകയറ്റക്കാര്‍ എന്ന് വിളിക്കരുതെന്ന് ആര്‍ജെഡി അംഗം മനോജ് ഝാ ആവശ്യപ്പെട്ടു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.