സരിതയുടെ കത്തില്‍ തന്റെ പേര് ചേര്‍ത്തത് ഗണേഷ്‌കുമാര്‍: ഉമ്മന്‍ചാണ്ടി

Friday 3 August 2018 1:07 pm IST
കത്തില്‍ നാലുപേജുകള്‍ അധികമായി ചേര്‍ത്തതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍ മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന നല്‍കിയ കേസിലാണ് ഉമ്മന്‍ചാണ്ടിയെ സാക്ഷിയാക്കിയത്. കൊട്ടാരക്കരയില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.

കൊട്ടാരക്കര: സോളാര്‍കേസിലെ പ്രതി സരിതാനായര്‍ കമ്മീഷന്‍ മുമ്പാകെ ഹാജരാക്കിയ കത്തില്‍ തന്റെ  പേരടക്കമുള്ള നാല് പേജുകള്‍ കൂട്ടിച്ചേര്‍ത്തത് മുന്‍മന്ത്രി കെ.ബി. ഗണേഷ്‌കുമാറിന്റെ അറിവോടെയാണെന്ന് മുന്‍മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കൊട്ടാരക്കര ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റു കോടതിയില്‍ സാക്ഷി വിസ്താരത്തിനിടയിലാണ് ഉമ്മന്‍ചാണ്ടി ഇത് വ്യക്തമാക്കിയത്. 

കത്തില്‍ നാലുപേജുകള്‍ അധികമായി ചേര്‍ത്തതിന്റെ സത്യാവസ്ഥ പുറത്തു കൊണ്ടുവരാന്‍  മുന്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ സുധീര്‍ ജേക്കബ്, അഡ്വ.ജോളി അലക്‌സ് മുഖേന നല്‍കിയ കേസിലാണ്  ഉമ്മന്‍ചാണ്ടിയെ  സാക്ഷിയാക്കിയത്. കൊട്ടാരക്കരയില്‍ വച്ചാണ് ഗൂഢാലോചന നടന്നതെന്നും  ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു.  ഗണേഷ്‌കുമാര്‍ പല കാരണങ്ങളാല്‍ മന്ത്രിസഭയില്‍ നിന്ന് രാജിവച്ചിരുന്നു. ക്രിമിനല്‍ കേസില്‍ ഉള്‍പ്പെട്ടതിനാല്‍ മന്ത്രിസഭയില്‍ തിരിച്ചെടുക്കാനായില്ല. ഇക്കാരണത്താല്‍ ഗണേഷ്‌കുമാറിന് തന്നോടും യുഡിഎഫ് നേതാക്കളോടും വിരോധമായി. ഇതു മൂലമാണ് സരിതാ നായരോടൊപ്പം ഗൂഢാലോചന നടത്തി കത്തില്‍ കൃത്രിമം കാണിച്ചത്.

ഈ നാലുപേജുകളിലാണ് മുഖ്യമന്ത്രിയെയും യുഡിഎഫ് നേതാക്കളെയും കുറിച്ച് ലൈംഗിക കുറ്റകൃത്യമുള്‍പ്പെടെയുള്ള ആരോപണങ്ങളുള്ളത്. 

ഇത് തന്നെയും യുഡിഎഫ് നേതാക്കളെയും അപകീര്‍ത്തിപ്പെടുത്താനായിരുന്നെന്ന് ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. കൂട്ടിച്ചേര്‍ത്ത പേജുകളെ അടിസ്ഥാനമാക്കിയുളള സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് റദ്ദുചെയ്യണമെന്ന് ആവശ്യപ്പെട്ട് താന്‍ ഹൈക്കോടതിയില്‍ നല്‍കിയ കേസില്‍ കമ്മീഷന്‍ റിപ്പോര്‍ട്ട് ഭാഗികമായി റദ്ദുചെയ്യുകയും സംസ്ഥാന സര്‍ക്കാരിനോട് പുനഃപരിശോധന നടത്താന്‍ ഉത്തരവാകുകയും ചെയ്തിട്ടുണ്ട്, ഉമ്മന്‍ചാണ്ടി കോടതിയില്‍ പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.