കക്ഷി ചേരാന്‍ ഹണി റോസും രചനയും; എതിര്‍ത്ത് ആക്രമിക്കപ്പെട്ട നടി

Friday 3 August 2018 4:53 pm IST
കുറഞ്ഞത് 25 വര്‍ഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും വനിതാ ജഡ്ജി അധ്യക്ഷയായ കോടതി വിചാരണ നടത്തണമെന്നും ഇവരുടെ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇരയുടെ താല്‍പ്പര്യങ്ങള്‍ക്ക് പിന്തുണ നല്‍കി നീതിയുക്തമായ വിചാരണ ലഭ്യമാക്കുകയെന്നതാണ് അപേക്ഷയുടെ ലക്ഷ്യമെന്നും മറ്റു ലക്ഷ്യങ്ങളില്ലെന്നും ഹര്‍ജിക്കാരികള്‍ വ്യക്തമാക്കി.

കൊച്ചി: നടിയെ ആക്രമിച്ച് അശ്ലീല ദൃശ്യങ്ങള്‍ പകര്‍ത്തിയെന്ന കേസില്‍ വനിതാ ജഡ്ജി വിചാരണ നടത്തണമെന്ന ഹര്‍ജിയില്‍ കക്ഷി ചേരാന്‍ താരസംഘടനയായ അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗങ്ങളും നടിമാരുമായ ഹണി റോസും രചന നാരായണന്‍കുട്ടിയും ഹൈക്കോടതിയില്‍ അപേക്ഷ നല്‍കി. സ്വന്തം നിലയ്ക്ക് കേസ് നടത്താനാവുമെന്നും മറ്റു പിന്തുണ വേണ്ടെന്നും വ്യക്തമാക്കിയ ആക്രമിക്കപ്പെട്ട നടി ഇവര്‍ കക്ഷി ചേരുന്നതിനെ എതിര്‍ത്തു.

കുറഞ്ഞത് 25 വര്‍ഷം പ്രവൃത്തി പരിചയമുള്ള അഭിഭാഷകനെ പ്രോസിക്യൂട്ടറായി നിയോഗിക്കണമെന്നും വനിതാ ജഡ്ജി അധ്യക്ഷയായ കോടതി വിചാരണ നടത്തണമെന്നും ഇവരുടെ അപേക്ഷയില്‍ വ്യക്തമാക്കിയിരുന്നു. ഇരയുടെ താല്‍പ്പര്യങ്ങള്‍ക്ക് പിന്തുണ നല്‍കി നീതിയുക്തമായ വിചാരണ ലഭ്യമാക്കുകയെന്നതാണ് അപേക്ഷയുടെ ലക്ഷ്യമെന്നും മറ്റു ലക്ഷ്യങ്ങളില്ലെന്നും ഹര്‍ജിക്കാരികള്‍ വ്യക്തമാക്കി.

എന്നാല്‍ ആക്രമിക്കപ്പെട്ട നടിയുടെ അഭിഭാഷകന്‍ ഇതിനെ എതിര്‍ത്തു. ഇരയായ നടി അമ്മയില്‍ അംഗമല്ല. കേസില്‍ ഹര്‍ജിക്കാരികളെ കക്ഷിയാക്കേണ്ടതില്ല. കൂടുതല്‍ ആളുകള്‍ എത്തിയാല്‍ സിനിമ വിജയിക്കും. പക്ഷേ, കൂടുതലാളുകള്‍ കക്ഷിയാകുന്നതുകൊണ്ട് കേസില്‍ ഗുണമുണ്ടാവില്ല, നടിയുടെ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഈ വാദത്തോട് സര്‍ക്കാരും യോജിച്ചു.

സ്‌പെഷ്യല്‍ പ്രോസിക്യൂട്ടറെ നിയോഗിച്ചത് നടിയോട് ആലോചിച്ചിട്ടാണെന്നു സര്‍ക്കാര്‍ അഭിഭാഷകന്‍ ചൂണ്ടിക്കാട്ടി. ഇപ്പോള്‍ 32 വര്‍ഷത്തെ പ്രവൃത്തി പരിചയമുള്ള അഭിഭാഷകനെയാണ് പ്രോസിക്യൂട്ടറായി നിയോഗിച്ചത്. ഇതിനെയാണ് കക്ഷി ചേരാനെത്തിയ നടിമാര്‍ എതിര്‍ക്കുന്നതെന്നും സര്‍ക്കാര്‍ പറഞ്ഞൂ. 32 വര്‍ഷം കേസ് നടത്തി പരിചയമുള്ള അഭിഭാഷകനെ മാറ്റി 25 വര്‍ഷം പരിചയമുള്ളയാളെ പ്രോസിക്യൂട്ടറാക്കണമെന്ന് കക്ഷി ചേരാനെത്തിയ നടിമാര്‍ ആവശ്യപ്പെടുന്നത് ഒന്നുമറിയാത്തതുകൊണ്ടോ കൂടുതല്‍ അറിയുന്നതുകൊണ്ടോ ആവാമെന്ന് നടിയുടെ അഭിഭാഷകന്‍ വാദിച്ചു. സര്‍ക്കാര്‍ നിയോഗിച്ച പ്രോസിക്യൂട്ടറുടെ കാര്യത്തില്‍ വിയോജിപ്പില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഈ അവസരത്തില്‍ കക്ഷി ചേരാനെത്തിയവര്‍ക്ക് എന്താണ് കേസില്‍ താല്‍പര്യമെന്ന് ഈ ഘട്ടത്തില്‍ കോടതിയും വാക്കാല്‍ ചോദിച്ചു.

തുടര്‍ന്ന് കക്ഷി ചേരാനുള്ള ഹര്‍ജികളിലെ എതിര്‍പ്പ് രേഖാമൂലം നല്‍കാന്‍ സര്‍ക്കാരിനും നടിക്കും ഹൈക്കോടതി നിര്‍ദേശം നല്‍കി. വനിതാ ജഡ്ജി വേണമെന്ന അപേക്ഷയില്‍ ഹൈക്കോടതി രജിസ്ട്രാര്‍ നല്‍കിയ മറുപടിയും സര്‍ക്കാര്‍ ഹാജരാക്കണമെന്ന് നിര്‍ദേശിച്ച സിംഗിള്‍ ബെഞ്ച് ഹര്‍ജി ആഗസ്റ്റ് 17ലേക്ക് മാറ്റി. നടിക്കു നേരെ നടന്ന ആക്രമണം ക്രൂരവും പൈശാചികവുമാണെന്നും ഇതില്‍ ന്യായവിചാരണ അനിവാര്യമാണെന്നും വ്യക്തമാക്കിയാണ് ഹണി റോസും രചനയും കക്ഷി ചേരാന്‍ അപേക്ഷ നല്‍കിയത്. നടി താരസംഘടനയായ അമ്മയുടെ ഭാഗമാണ്. ഇവര്‍ ആവശ്യപ്പെട്ട പോലെ വിചാരണ തൃശൂരിലേക്ക് മാറ്റണമെന്നും ഇവര്‍ ഹൈക്കോടതിയില്‍ ആവശ്യപ്പെട്ടിരുന്നു. 

ഇതിനിടെ നടിയെ ആക്രമിച്ച കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പ്രതിയായ നടന്‍ ദിലീപ് നല്‍കിയ ഹര്‍ജി ആഗസ്റ്റ് 16ന് പരിഗണിക്കാന്‍ മാറ്റി.

പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ല: ഹണി റോസ്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ കക്ഷി ചേരാനുള്ള ഹര്‍ജിയില്‍ പ്രോസിക്യൂട്ടറെ മാറ്റണമെന്ന ആവശ്യം ആദ്യം ഉണ്ടായിരുന്നില്ലെന്നും അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണെന്നും ചൂണ്ടിക്കാട്ടി അമ്മ എക്‌സിക്യൂട്ടീവ് അംഗം ഹണി റോസ് രംഗത്ത്. വനിതാ ജഡ്ജിയും വിചാരണക്കോടതി തൃശൂരില്‍ വേണമെന്ന ആവശ്യവുമായിരുന്നു തന്നെ ധരിപ്പിച്ചിരുന്നതെന്നും അതിന്റെ അടിസ്ഥാനത്തിലാണ് താന്‍ ഹര്‍ജിയില്‍ ഒപ്പിട്ടതെന്നും ഹണി പ്രതികരിച്ചു.

പുതിയ പ്രോസിക്യൂട്ടര്‍ എന്ന ആവശ്യം ഹര്‍ജിയില്‍ ആദ്യം ഉണ്ടായിരുന്നില്ല. അത് പിന്നീട് കൂട്ടിച്ചേര്‍ത്തതാണ്. ആരാണ് ഇങ്ങനെയൊരു കാര്യം കൂട്ടിച്ചേര്‍ത്തതെന്ന് അറിയില്ല. നടിക്ക് അനുകൂലമായ കാര്യത്തിന് മാത്രമേ കൂടെ നില്‍ക്കൂവെന്നും ഹണി റോസ് പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.