വിശ്വാത്മാവും പുരാണ കര്‍ത്താവും

Saturday 4 August 2018 1:00 am IST
ഈ ഭൂമിയുടെ ഒരു കോണിലിരുന്നുകൊണ്ട് ലോകത്തെ കാണാന്‍ ശ്രമിക്കുന്ന നമുക്ക് പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ ദൃശ്യമാകുന്നുള്ളൂ. നമ്മുടെ സൂര്യനുള്‍പ്പെടുന്ന ഈ നക്ഷത്രസമൂഹം ഒരു ബ്രഹ്മാണ്ഡം. ഇതുപോലെ അനേകകോടി ബ്രഹ്മാണ്ഡങ്ങള്‍. അവയുള്‍ക്കൊള്ളുന്ന നക്ഷത്രങ്ങളെയോ ഇതരപദാര്‍ത്ഥങ്ങളെയോ എണ്ണിത്തിട്ടപ്പെടുത്തുക അസാധ്യമാകുന്നു. ഈ ലോകത്തിന്റെ ആദ്യന്തങ്ങള്‍ ആര്‍ക്കും നിര്‍ണയിക്കുക സാധ്യമല്ല.

വിശ്വാത്മാവായ കൃഷ്ണനെയും പുരാണകര്‍ത്താവായ കൃഷ്ണനെയുമാണ് എഴുത്തച്ഛന്‍ തുടര്‍ന്നു സ്തുതിക്കുന്നത്. രണ്ടുപേരും ദ്വാപരയുഗത്തെ പ്രഭാപൂര്‍ണ്ണമാക്കിയവര്‍. രണ്ടുപേരും ഇന്നും ലോകത്തെ തിളക്കിക്കൊണ്ടിരിക്കുന്നവര്‍. രണ്ടുപേരും വിഷ്ണുവിന്റെ അവതാരങ്ങള്‍. ഒരാള്‍ മായാമാനുഷന്‍. മറ്റേത് മായാമറയ്ക്ക് അപ്പുറം കുടികൊള്ളുന്ന പരമസത്യത്തെ വെളിവാക്കിത്തരുന്ന ഗുരുനാഥന്‍. രണ്ടുപേരും മായാബന്ധനത്തിനപ്പുറത്തേക്ക് കൂട്ടിക്കൊണ്ടുപോയി ആരെയും പരമാനന്ദത്തിലെത്തിക്കുന്നവര്‍. പരമകാരുണ്യശാലികള്‍. അവരില്‍ വിശ്വാത്മാവു ജനനമരണരഹിതന്‍ എന്നാല്‍ പുരാണകര്‍ത്താവ് ചിരംജീവി എന്നു തങ്ങളില്‍ ഭേദം.

ഈ ഭൂമിയുടെ ഒരു കോണിലിരുന്നുകൊണ്ട് ലോകത്തെ കാണാന്‍ ശ്രമിക്കുന്ന നമുക്ക് പ്രപഞ്ചത്തിന്റെ ഒരു നേരിയ അംശം മാത്രമേ ദൃശ്യമാകുന്നുള്ളൂ. നമ്മുടെ സൂര്യനുള്‍പ്പെടുന്ന ഈ നക്ഷത്രസമൂഹം ഒരു ബ്രഹ്മാണ്ഡം. ഇതുപോലെ അനേകകോടി ബ്രഹ്മാണ്ഡങ്ങള്‍. അവയുള്‍ക്കൊള്ളുന്ന നക്ഷത്രങ്ങളെയോ ഇതരപദാര്‍ത്ഥങ്ങളെയോ എണ്ണിത്തിട്ടപ്പെടുത്തുക അസാധ്യമാകുന്നു. ഈ ലോകത്തിന്റെ ആദ്യന്തങ്ങള്‍ ആര്‍ക്കും നിര്‍ണയിക്കുക സാധ്യമല്ല. എങ്കിലും വ്യക്തമായി അറിയാന്‍ കഴിയുന്ന ഒരു വസ്തുതയുണ്ട്. അവയുടെ ചലനത്തിന് ഒരു ക്രമീകരണമുണ്ടെന്ന വസ്തു സത്യം. ജഡപദാര്‍ത്ഥങ്ങള്‍ക്കു നിര്‍വഹിക്കാന്‍ കഴിയുന്ന ഒന്നല്ല ക്രമീകരണം. ജഡപദാര്‍ത്ഥങ്ങള്‍ക്ക് യാതൊന്നും തന്നെ പ്രവര്‍ത്തിക്കാന്‍ കഴിവില്ല. താന്‍ ഉണ്ടെന്നുപോലും അറിയാന്‍ ശേഷിയില്ലാത്ത അവ എങ്ങനെയാണ് വിസ്തൃതമായ ഈ പ്രപഞ്ചത്തെ ക്രമീകരിക്കുക? ചേതനന്റെ ശക്തമായ സാന്നിദ്ധ്യം അതിനു അനുപേക്ഷണീയമാണ്. എന്തെന്നാല്‍ ചേതനന്‍ മാത്രമേ തന്നെയും മറ്റുള്ളവയെയും അറിയുന്നുള്ളൂ. അതിനാല്‍ നമുക്ക് ശരീരവും ആത്മാവുള്ളതുപോലെ വിശ്വത്തിനും ഒരു ആത്മാവുണ്ടെന്നു സമ്മതിക്കേണ്ടിവരുന്നു.

ലോകത്തിന്റെ ശരീരമാണ് നമ്മുടെ കണ്ണിനും കാതിനുമെല്ലാം ദൃശ്യമായ ഈ ജഡപ്രപഞ്ചം.  വിശ്വത്തിന്റെ ആത്മാവാണ് കൃഷ്ണന്‍. ലോകം വിശ്വാത്മാവിലുണ്ടാകുന്നു. ലോകം വിശ്വാത്മാവില്‍ നിലനില്‍ക്കുന്നു. ലോകം തിരിച്ചു വിലയം പ്രാപിക്കുന്നതും വിശ്വാത്മാവിലാകുന്നു. 'ജന്മാദ്യസ്യയതഃ' എന്നു ഈ വിശ്വാത്മാവിനെ വ്യാസഭഗവാന്‍ ബ്രഹ്മസൂത്രത്തില്‍ നിര്‍വചിച്ചിരിക്കുന്നു. അസ്യ=ഇതിന്റെ അഥവാ ഈ ലോകത്തിന്റെ ജന്മാദി ജന്മം മുതലായവ ഏതില്‍നിന്നാണോ സംഭവിക്കുന്നത് അതാണ് വിശ്വാത്മാവ്. ബ്രഹ്മമെന്നും പരബ്രഹ്മമെന്നും പരമാത്മാവെന്നുമെല്ലാം നേരത്തേ പരാമര്‍ശിച്ചിട്ടുള്ളത് ഈ വിശ്വാത്മാവിനെയാകുന്നു. ജനിക്കുക, വളരുക, വളര്‍ച്ചയുടെ പരകാഷ്ഠയിലെത്തുക, ക്ഷയിക്കുക, നശിക്കുക തുടങ്ങിയ മാറ്റങ്ങള്‍ എല്ലാ പദാര്‍ത്ഥങ്ങള്‍ക്കുമുള്ളവയാണ്. ജന്മം മുതലായവ എന്നതുകൊണ്ട് വ്യാസഭഗവാന്‍ അര്‍ത്ഥമാക്കുന്നത് ഇവയെയാകുന്നു. പ്രപഞ്ച പദാര്‍ത്ഥങ്ങളുടെ ജന്മാദികള്‍ക്കാധാരമാണ് വിശ്വാത്മാവ്. അത് എങ്ങും വ്യാപിച്ചു നില്‍ക്കുന്നു. അതുകൊണ്ട് അതിനെ വിഷ്ണു എന്നുവിളിക്കുന്നു. വിഷ്ണു ധാതുവിന് വ്യാപനത്തിലാണര്‍ത്ഥം. വ്യാപിച്ചു വിളങ്ങുന്നവന്‍ വിഷ്ണു.

ദ്വാപരയുഗത്തിന്റെ അവസാനഭാഗത്ത് സത്യധര്‍മ്മാദികളുടെ പുനഃസ്ഥാപനത്തിനായി വൃഷ്ണിവംശത്തില്‍ വന്നവതരിച്ച മഹാവിഷ്ണുവാണ് കൃഷ്ണന്‍. വസുദേവരുടെയും ദേവികയുടെയും നന്ദഗോപരുടെയും യശോദയുടെയും മകനായിട്ടായിരുന്നു. ആ അവതാരം. കംസനിഗ്രഹാദികളും ഗീതോപദേശവുമെല്ലാം പ്രസ്തുത അവതാരലീലയിലെ മുഖ്യ സംഭവങ്ങളായിരുന്നു. വിശ്വാത്മാവായ കൃഷ്ണന്‍ ജനനമരണാദികളില്ലാത്തവനാണ്. എങ്കിലും ധര്‍മ്മരക്ഷാര്‍ത്ഥം തന്റെ തന്നെ മായയെ അവലംബിച്ച് അവതരിക്കുകയാണ് അദ്ദേഹം ചെയ്യുന്നത്. ലോകത്തിലെ സമസ്ത വ്യാപാരങ്ങളും അദ്ദേഹത്തെ ആശ്രയിച്ചു മാത്രമേ നടക്കൂ എന്നതിനാല്‍ രാമായണ കാവ്യരചനയ്ക്കായി പുറപ്പെടുമ്പോള്‍ എഴുത്തച്ഛന്‍ കൃഷ്ണന്റെ അനുഗ്രഹം തേടിയത് ഉചിതം തന്നെ. പോരാത്തതിനു വിശ്വാത്മാവായ കൃഷ്ണന്റെ  ത്രേതായുഗ അവതാര ലീലയാണല്ലോ രാമായണം. കാര്യവിജയത്തിനായി പ്രവര്‍ത്തിക്കുന്നവര്‍ക്ക് എക്കാലവും അനുകരണീയമായ മാതൃകയാണ് എഴുത്തച്ഛന്റേത്.

വിഷ്ണുവിന്റെ പരമ്പരയില്‍ പിറന്നു വേദങ്ങള്‍ ഇന്നു കാണും വിധം ക്രമീകരിച്ച മഹാഗുരുവാണ് വേദവ്യാസന്‍. പരബ്രഹ്മസ്വരൂപനായും വിഷ്ണുവിന്റെ മകന്‍ ബ്രഹ്മാവ്. അദ്ദേഹത്തിന്റെ പുത്രന്‍ വസിഷ്ഠന്‍. തത്പുത്രന്‍ ശക്തി. അദ്ദേഹത്തിന്റെ മകന്‍ പരാശരന്‍.  ആ മഹാനുഭാവന്റെ പുത്രന്‍ വേദവ്യാസന്‍ എന്നതാണ് പ്രസ്തുത പരമ്പര. വ്യാസഭഗവാന്‍ വിഷ്ണുവിന്റെ അവതാരമാണെന്ന് ഭാരതീയ ആചാര്യപരമ്പര വ്യക്തമാക്കിയിട്ടുണ്ട്. വേദങ്ങള്‍ പകുത്തതു കൂടാതെ വേദങ്ങള്‍ നല്‍കുന്ന പരമജ്ഞാനമായ വേദാന്തം ഏവര്‍ക്കും സുഗ്രഹമാക്കിത്തീര്‍ക്കാന്‍ വേണ്ടി അദ്ദേഹം ബ്രഹ്മസൂത്രം നിര്‍മ്മിച്ചു. അതിനു വേദാന്ത സൂത്രമെന്നും ബാദരായണ സൂത്രമെന്നും വ്യാസസൂത്രമെന്നും ഉത്തര മീമാംസാ സൂത്രമെന്നുമെല്ലാം പേരുണ്ട്. ബാദരായണനെന്നത് വ്യാസഭഗവാന്റെ വേറൊരു പേരാകുന്നു. കൃഷ്ണനെന്നും ദ്വൈപായനെന്നുംകൂടി അദ്ദേഹത്തിനു പേരുകളുണ്ട്. പില്‍ക്കാലത്ത് ഭാരതത്തില്‍ പിറന്ന പ്രഗത്ഭരായ ദാര്‍ശനികന്മാരെല്ലാം സ്വസിദ്ധാന്തം സമര്‍ത്ഥിക്കാന്‍ ശ്രമിച്ചത്. ബ്രഹ്മസൂത്രത്തെ വ്യാഖ്യാനിച്ചുകൊണ്ടോ അതിനെ അവലംബിച്ചുകൊണ്ടോ ആയിരുന്നു. വ്യാസസൂത്രത്തിന്റെ പരമപ്രാമാണികത ഇതില്‍നിന്നു വ്യക്തമാണ്. ശ്രീശങ്കര ഭഗവത് പാദര്‍ അദ്വൈത സിദ്ധാന്തം പുനപ്രതിഷ്ഠിക്കുന്നത് ബ്രഹ്മസൂത്രഭാഷ്യരചനയിലൂടെയാണല്ലൊ. ഭാരതീയ വേദാന്ത ദര്‍ശനം ദൈനംദിന ജീവിതത്തില്‍  പ്രായോഗികമാക്കേണ്ടതെങ്ങനെയെന്നു ലോകത്തെ പഠിപ്പിക്കാന്‍ അദ്ദേഹം രചിച്ച ചരിത്രകഥാ രൂപമായ അദ്ഭുതകാവ്യമാണു മഹാഭാരതം. അതു ദ്വാപരയുഗത്തില്‍ നടന്ന സംഭവമാണ് ഒപ്പം അത് ഇന്നും എന്നും എവിടെയും മനുഷ്യമനസ്സുകള്‍ക്കുള്ളിലും ഭൗതികജഗത്തിലും നടന്നുകൊണ്ടിരിക്കുന്ന സംഭവവുമാണ്.

ലോകജീവിതത്തിന്റെ സമ്പൂര്‍ണദര്‍ശനമാണത്. മഹാഭാരതത്തില്‍ പറഞ്ഞിട്ടില്ലാത്തതൊന്നും ഈ ലോകത്തിലുണ്ടാവുകയില്ല. അതില്‍ വര്‍ണ്ണിച്ചിട്ടുള്ളത് പ്രപഞ്ചത്തില്‍ പലയിടങ്ങളിലായി കാണാമെന്നേയുള്ളൂ. അതാണ് മഹാഭാരത രചനയിലെ സമ്പൂര്‍ണ്ണത. മഹര്‍ലോകത്തിരുന്നുകൊണ്ടാണ് ആ മഹര്‍ഷിവീര്യന്‍ മഹാഭാരത രചന നടത്തിയതെന്നു ജഗദ്ഗുരു സ്വാമി സത്യാനന്ദ സരസ്വതി തൃപ്പാദങ്ങള്‍ പറഞ്ഞിട്ടുള്ളത് ഇവിടെ സ്മരിക്കാം. അവിടെയിരുന്നാല്‍ എല്ലാം പ്രത്യക്ഷമായിരിക്കും. മഹാഭാരതത്തിലെ ഭീഷ്മപര്‍വത്തിലുള്ള പതിനെട്ടദ്ധ്യായങ്ങളാണു വേദാന്തശാസ്ത്ര പ്രസിദ്ധമായ ശ്രീമദ് ഭഗവദ്ഗീത. ശാങ്കരഭാഷ്യാദികളാലലംകൃതമായ ആ മഹാഗ്രന്ഥത്തിന്റെ മഹത്വം സര്‍വവിദിതമാണ്.

പതിനെട്ടു മഹാപുരാണങ്ങളാണ് വ്യാസഭഗവാന്റെ വേറൊരു സംഭാവന. മാത്സ്യം, കൗര്‍മ്മം, ലൈങ്ഗം, ശൈവ, സ്‌കാന്ദം, ആഗ്നേയം, വൈഷ്ണവും, നാരദീയം, ഭാഗവതം, ഗാരുഡം, പാദ്മം, വാരാഹം, ബ്രഹ്മാണ്ഡം, ബ്രഹ്മവൈവര്‍ത്തം, മാര്‍ക്കണ്ഡേയം, ഭവിഷ്യം, വാമനം, ബ്രഹ്മം എന്നിവയാണവ. അക്കൂട്ടത്തില്‍ ശ്രീമദ് ഭാഗവതം സര്‍വപ്രകാരേണയും സവിശേഷമായിരിക്കുന്നു. നമുക്കു ഭാഗവത മഹാഗ്രന്ഥത്തിലൂടെ വിശ്വാത്മാവായ ശ്രീകൃഷ്ണനെ നേരിട്ടു കാണാനാകും. പ്രത്യക്ഷനായ കൃഷ്ണനാണ് ശ്രീമദ് ഭാഗവതമെന്ന് ആചാര്യന്മാര്‍ സമര്‍ത്ഥിച്ചിരിക്കുന്നു. ഇതിഹാസപുരാണങ്ങളുടെ പ്രയോജനം വേദാര്‍ത്ഥ വിശദീകരണമാണ്. അതിസൂക്ഷ്മമായ വേദോപനിഷത് തത്വങ്ങള്‍ സാധാരണക്കാര്‍ക്കു ദുര്‍ഗ്രഹമായിരിക്കുമെന്നതുകൊണ്ടാണ് മധുരോദാരമായ അവതാരകഥകളിലൂടെ വേദവ്യാസന്‍ അതു ലോകത്തിനു പുരാണങ്ങളുടെ രൂപത്തില്‍ ദൃശ്യമാക്കിത്തീര്‍ത്തത്. പുരാണകഥകളെ മനസ്സിലാക്കേണ്ടതും വ്യാഖ്യാനിക്കേണ്ടതും വേദോപനിഷത് ദര്‍ശനമനുസരിച്ചായിരിക്കണം.

ഇങ്ങനെ വേദങ്ങളുടെയും ഇതിഹാസപുരാണങ്ങളുടെയും ദര്‍ശന ശാസ്ത്രങ്ങളുടെയും പരമാചാര്യനായി ശോഭിക്കുന്ന വേദവ്യാസ മഹാമുനി ഒരു മുക്കുവസ്ത്രീയായ സത്യവതിയുടെ മകനാണെന്നത് ജാതിചിന്ത ഒളിഞ്ഞും തെളിഞ്ഞും മത്സരിക്കുന്ന ഇക്കാലത്ത് മുഖ്യമായും ഓര്‍മിക്കപ്പെടേണ്ടതാണ്. അദ്ദേഹത്തിന്റെ പിതാവായ പരാശരന്‍ ഒരു പറയിയുടെയും മകനായിരുന്നു. ജന്മത്തെ അടിസ്ഥാനമാക്കിയുള്ള ജാതിവ്യവസ്ഥ ഹിന്ദുധര്‍മത്തിന്റെ ഭാഗമേ അല്ലെന്നു ഇക്കാര്യങ്ങള്‍ ലോകത്തിനു മുന്നില്‍ സ്പഷ്ടമാക്കുന്നു. വേദവേദാംഗ വേദാന്താദി സ്വരൂപനായ പരമാചാര്യന്‍ മുക്കുവ സ്ത്രീയുടെ മകനാണെന്ന സത്യം ഓര്‍മയില്‍വച്ചാല്‍ ഹിന്ദുധര്‍മത്തെപ്പറ്റി പ്രചരിക്കുകയും പ്രചരിപ്പിക്കുകയും ചെയ്യുന്ന തെറ്റിദ്ധാരണകള്‍ നീങ്ങിക്കൊള്ളും.

(തുടരും)

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.