ലക്ഷ്മണന്റെ എതിര്‍പ്പ്

Saturday 4 August 2018 1:01 am IST
മാതാവ് രാമനെ ഉചിതമായതെന്തെന്നാല്‍ അതു ചെയ്യുവാനാണ് ഉപദേശിച്ചത്. വനത്തില്‍പോകാതെ മാതാവിനെ സേവിച്ചുകൊണ്ടിവിടെ ധര്‍മ്മാത്മാവായി കഴിയാം. കാശ്യപന്റെയൊരു പുത്രന്‍ ഇപ്രകാരം പ്രജാപതിയാവുകയുണ്ടായി. നീ പിതാവിനെ എത്രമാത്രം ആദരിക്കുന്നുവോ ഞാനും അത്രതന്നെ ആദരിക്കപ്പെടുവാന്‍ അര്‍ഹയാണ്. അതിനാല്‍ വനത്തില്‍പോകാനുള്ള അനുമതി ഞാന്‍ നല്‍കയില്ല.

ലക്ഷ്മണന്‍ രാമനോടായിപ്പറഞ്ഞു 'ഇക്കാര്യങ്ങള്‍ ആരെങ്കിലും അറിയുന്നതിനു മുമ്പുതന്നെ രാജ്യഭരണം സ്വന്തം കൈകളിലാക്കൂ. ഇതിനായി ഞാനുണ്ടുകൂടെ. അയോദ്ധ്യ ഒന്നായെതിര്‍ത്താല്‍പോലും ഞാനേകനായി ആ എതിര്‍പ്പിനെ അമര്‍ച്ച ചെയ്യുന്നുണ്ട്. ഭരതന്റെ സഹായികളെ ഞാന്‍ കൊന്നൊടുക്കും. കൈകേയിയുടെ ചാതുര്യത്താല്‍ മഹാരാജാവ് എതിര്‍ത്താല്‍ അദ്ദേഹത്തെ ഞാന്‍ ബന്ദിയാക്കുകയും ചെയ്യും.. എന്റെ ജ്യേഷ്ഠസഹോദരന്റെ  സംരക്ഷണത്തിനായി വേണ്ടിവന്നാല്‍ ഞാന്‍ മഹാരാജാവിനേയും വധിക്കുന്നതാണ്. എന്തവകാശത്തിന്റെ പേരിലാണ് ഭരതന് രാജ്യം നല്‍കുവാന്‍ പോകുന്നത്?'. ലക്ഷ്മണന്‍ വളരെ ക്ഷുഭിതനായാണ് സംസാരിച്ചത്. എല്ലാ അവസ്ഥയിലും താന്‍ രാമനോടൊപ്പം ഉണ്ടായിരിക്കുമെന്നും കൗസല്യാദേവിയോടായി ലക്ഷ്മണന്‍ പറയുകയുണ്ടായി.

മാതാവ് രാമനെ ഉചിതമായതെന്തെന്നാല്‍ അതു ചെയ്യുവാനാണ് ഉപദേശിച്ചത്. വനത്തില്‍പോകാതെ മാതാവിനെ സേവിച്ചുകൊണ്ടിവിടെ ധര്‍മ്മാത്മാവായി കഴിയാം. കാശ്യപന്റെയൊരു പുത്രന്‍ ഇപ്രകാരം പ്രജാപതിയാവുകയുണ്ടായി. നീ പിതാവിനെ എത്രമാത്രം ആദരിക്കുന്നുവോ ഞാനും അത്രതന്നെ  ആദരിക്കപ്പെടുവാന്‍ അര്‍ഹയാണ്. അതിനാല്‍ വനത്തില്‍പോകാനുള്ള അനുമതി ഞാന്‍ നല്‍കയില്ല. ഇങ്ങനെപോയി കൗസല്യാദേവിയുടെ അഭിപ്രായങ്ങളും തീരുമാനങ്ങളും. മാതാവുതുടര്‍ന്നു  'നീ വനത്തിലേക്കു പോവുകയാണെങ്കില്‍ ഞാന്‍ മരണംവരെ ഉപവസിക്കുന്നതായിരിക്കും. അതിന്റെ ദുഷ്പരിണാമം നിന്റെ മേല്‍ പതിക്കും, നദികളുടെ പതിയായ സമുദ്രം തന്റെ മാതാവിനു ദുഃഖമുണ്ടാക്കിയതിന്റെ ഫലമായി ബ്രഹ്മഹത്യാദുഃഖം അനുഭവിക്കയുണ്ടായ തെന്ന്  അറിവുള്ളതാണല്ലോ'.

ധര്‍മ്മാത്മാവായ രാമന്‍ മാതാവിനോടു പറഞ്ഞു 'പിതാവിന്റെ ആജ്ഞയെ ധിക്കരിക്കുവാനുള്ള ധൈര്യമെനിക്കില്ല. അതുകൊണ്ട് എനിക്കു വനത്തിലേക്കു പോകാനുള്ള അനുവാദം മാതാവു നല്‍കിയാലും. ജ്ഞാനിയായ കണ്ഡു തന്റെ പിതാവിന്റെ  ആജ്ഞ കാരണം, പാപമാണെന്നറിഞ്ഞിട്ടുകൂടി ഗോവിനെ വധം  ചെയ്തില്ലേ. ഭൂതകാലത്തില്‍ നമ്മുടേതന്നെ വംശത്തിലെ അറുപതിനായിരം കുമാരന്മാര്‍ പിതാവായ സഗരന്റെ  ആജ്ഞാനുസരണം ധരണിയെ കുഴിക്കവേ മരണത്തെ പുല്‍കിയില്ലേ. പരശുരാമന്‍ പിതാവിന്റെ ആജ്ഞ പാലിക്കുവാനായി തന്റെ മാതാവായ രേണുകയെ ശിരഛേദം ചെയ്തില്ലേ?  മറ്റു പല മഹാത്മാക്കളും പിതുരാജ്ഞ നിറവേറ്റുവാനായി പല കാര്യങ്ങളും ചെയ്തിട്ടുണ്ട്. അതുകൊണ്ട് ഞാനും പിതാവിനെ അനുസരിക്കയാണ്. ഞാന്‍ പുതിയതായി ഒരു സിദ്ധാന്തവും മുന്നോട്ടു വെക്കുന്നില്ല. എന്റെ പൂര്‍വികര്‍ ചെയ്തകാര്യങ്ങള്‍ ആവര്‍ത്തിക്കുക മാത്രമാണ് ഞാന്‍ ചെയ്യുന്നത്'.

ലക്ഷ്മണന്റെ  അതുല്യമായ വീര്യത്തിലും  തന്നോടുള്ള സ്‌നഹത്തിലും പൂര്‍ണവിശ്വാസത്തോടെ രാമന്‍ ലക്ഷ്മണനോടായി പറഞ്ഞു 'സത്യവും ധര്‍മ്മവും എന്നും ഒന്നാമതാണ്. പിതാവിനോ മാതാവിനോ ബ്രാഹ്മണനോ നല്‍കുന്ന വാക്ക് ഒരിക്കലും വ്യര്‍ത്ഥമാകരുത്. പിതാവിന്റെ  പ്രതിജ്ഞ പ്രകാരം ഞാന്‍ വനത്തിലേക്കു പോകണമെന്ന് മാതാവായ കൈകേയി ആജ്ഞാപിക്കുകയുണ്ടായി. ആ ആജ്ഞയെ ഞാന്‍ നിഷേധിക്കുകയില്ല. അതുകൊണ്ട് വീരനായ കുമാരാ, ഭരണം പിടിച്ചെടുക്കുന്നതും രാജാവിനെ ബന്ദിയാക്കുന്നതും മറ്റുമായ ചിന്തകള്‍ ഉപേക്ഷിക്കൂ. ധര്‍മ്മത്തിന്റെ പക്ഷത്തു നില്‍ക്കൂ. എന്റെ തിരുമാനത്ത അനുസരിക്കൂ'.

(തുടരും)

pillaivnsreekaran@gmail.com

 9496166416

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.