ഗതികെട്ട പുലികള്‍

Saturday 4 August 2018 1:06 am IST
കര്‍ണാടകയില്‍ ബിജെപി ഒറ്റക്കക്ഷിയായി ജയിച്ചിട്ടും രണ്ടാം കക്ഷിയായ കോണ്‍ഗ്രസ് പിന്തുണച്ച് മൂന്നാംകക്ഷിയെ തലപ്പത്തിരുത്തുകയല്ലേ ചെയ്തത്. ഈ നാണംകെട്ട ജനാധിപത്യ ഹത്യയ്ക്ക് ചുക്കാന്‍പിടിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍ തന്നെയാണല്ലോ. പാര്‍ലമെന്റില്‍ തോല്‍ക്കുമെന്നുറപ്പായ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കി സ്വയം നാറിയിട്ടും പിന്നെയും നാറാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയല്ലേ കോണ്‍ഗ്രസ്.

വിരോധത്തിന്റെ പേരില്‍ രൂപംകൊണ്ട മുന്നണികളാണ് എല്‍ഡിഎഫും യുഡിഎഫും. കോണ്‍ഗ്രസ്-കമ്മ്യൂണിസ്റ്റ് കുറ്റികളില്‍ കേന്ദ്രീകരിച്ച് ചുറ്റുന്ന കുറെ കക്ഷികളുടെ കൂട്ടായ്മ. കോണ്‍ഗ്രസിനെ കൊടിലുകൊണ്ടുപോലും തൊടാന്‍ പറ്റില്ലെന്നായിരുന്നു ഇ.എം. ശങ്കരന്‍ നമ്പൂതിരിപ്പാടിന്റെ സുചിന്തിതമായ അഭിപ്രായം. അഭിപ്രായം ഇരുമ്പുലക്കയല്ലെന്നാണ് ഇഎംഎസിനെ തള്ളിയ സഖാക്കള്‍ തെളിയിച്ചുകൊണ്ടിരിക്കുന്നത്. 

കമ്മ്യൂണിസ്റ്റ് ഭരണത്തില്‍ മനുഷ്യന്റെ തലയ്ക്കും തെങ്ങിന്റെ കുലയ്ക്കും രക്ഷയില്ലെന്നായിരുന്നു മുസ്ലീംലീഗ് നേതാവ് സി.എച്ച്. മുഹമ്മദ് കോയയുടെ അഭിപ്രായം. ഇഎംഎസും സി.എച്ച്. മുഹമ്മദ് കോയയും ഇപ്പോഴില്ല. ഒരുകാലത്ത് പിണങ്ങിനിന്നവര്‍ ഇപ്പോള്‍ കെട്ടിപ്പുണരുകയാണ്. നാമൊന്ന് നമുക്കൊന്ന് എന്ന നിലയിലേക്കാണ് വിരുദ്ധമുന്നണികളും നീങ്ങിക്കൊണ്ടിരിക്കുന്നത്. ഇരുപക്ഷവും ബിജെപി വിരുദ്ധ വികാരമുള്ളവരായതിനാല്‍ സംഗതി എളുപ്പമായി. ബിജെപിയെ തോല്‍പ്പിക്കാന്‍ ഏതറ്റവും പോകും. 

കഴിഞ്ഞ പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തിലെ ഇടത് സ്ഥാനാര്‍ത്ഥിയെ നോക്കുകുത്തിയാക്കി കോണ്‍ഗ്രസിന് വോട്ട് മറിച്ചുനല്‍കിയത് മറക്കാറായില്ലല്ലൊ. ഇടത് സ്ഥാനാര്‍ത്ഥി ഇവിടെ മൂന്നാംസ്ഥാനത്തായി. ബിജെപി സ്ഥാനാര്‍ത്ഥി ഒ. രാജഗോപാല്‍ രണ്ടാം സ്ഥാനത്തും. 

നിയമസഭാ തെരഞ്ഞെടുപ്പിലും അതാവര്‍ത്തിച്ചു. തിരുവനന്തപുരം, കഴക്കൂട്ടം, വട്ടിയൂര്‍ക്കാവ് മണ്ഡലത്തിലും പരസ്പര സഹായസംഘമായി എല്‍ഡിഎഫും യുഡിഎഫും പെരുമാറി. സിപിഎമ്മിന്റെ വോട്ട് ലഭിച്ചു എന്ന് വട്ടിയൂര്‍ക്കാവിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി വിജയിച്ച കെ. മുരളീധരന്‍ പരസ്യമായി പറഞ്ഞപ്പോള്‍ സഖാക്കള്‍ തോല്‍പ്പിച്ചുവെന്ന് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി സ്ഥാനാര്‍ത്ഥി പാര്‍ട്ടിക്ക് പരാതിയും നല്‍കി. സ്ഥാനാര്‍ത്ഥിയുടെ പരാതി സ്വീകരിക്കുകയും അന്വേഷണ കമ്മീഷനെ നിശ്ചയിക്കുകയും ചെയ്തതാണ്. പക്ഷെ ഒന്നും സംഭവിച്ചില്ല. നേതൃത്വത്തിന്റെ അറിവോടെയാണ് വോട്ട് മാറ്റം നടന്നതെന്നതിലാവണം നടപടി സ്വീകരിക്കാതിരുന്നതെന്ന് വ്യക്തം. 

കഴക്കൂട്ടത്ത് മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിക്ക് കോണ്‍ഗ്രസുകാരും തിരുവനന്തപുരത്ത് മാര്‍ക്‌സിസ്റ്റുകാരും കാലുവാരി സ്വന്തം മുന്നണികളെ തോല്‍പ്പിക്കുകയായിരുന്നു. കഴിഞ്ഞ തെരഞ്ഞെടുപ്പുകളില്‍ രഹസ്യമായി ചെയ്ത ഈ വോട്ട്മാറ്റല്‍ വരാന്‍ പോകുന്ന തെരഞ്ഞെടുപ്പില്‍ പരസ്യമായി നടക്കാന്‍ പോവുകയാണ്. ഈനാംപേച്ചിയും മരപ്പട്ടിയും തമ്മിലുള്ള വേഴ്ച പോലെ വിരുദ്ധമുന്നണികളുടെ ഇണചേരല്‍ കേരളം കൗതുകത്തോടെ കാണേണ്ടിവരും. അതിന്റെ കേളികൊട്ട് പാലക്കാട് നഗരസഭയില്‍ കണ്ടു. കഴിഞ്ഞദിവസം കാസര്‍കോഡ് കാറഡുക്ക പഞ്ചായത്തിലും കാണാനായി. 

പാലക്കാട് സ്റ്റാന്‍ഡിംഗ് കമ്മറ്റികളിലെ ബിജെപി നേതൃത്വത്തെ മാറ്റാന്‍ കോണ്‍ഗ്രസുകാര്‍ കൊണ്ടുവന്ന പ്രമേയത്തെ മാര്‍ക്‌സിസ്റ്റുകാര്‍ പിന്തുണയ്ക്കുകയായിരുന്നു. ബിജെപിയ തോല്‍പ്പിച്ചേ.. എന്ന മുദ്രാവാക്യം വിളിച്ച് നഗരസഭാ ഹാളില്‍നിന്ന് ഇരുകൂട്ടരും ഇറങ്ങുന്ന കാഴ്ച രസകരമായിരുന്നു.

പതിനെട്ട് വര്‍ഷമായി ബിജെപി ഭരിക്കുന്ന പഞ്ചായത്താണ് കാറഡുക്ക. കാസര്‍കോഡ് ജില്ലയില്‍ ബിജെപി ഭരിക്കുന്ന പഞ്ചായത്തുകളിലെല്ലാം സല്‍ഭരണമാണ്. കള്ളവുമില്ല ചതിയുമില്ല, എള്ളോളമില്ല പൊളിവചനം. സംസ്ഥാനത്ത് ഏറ്റവുംനല്ല പഞ്ചായത്ത് ഭരണമെന്ന ഖ്യാതിയും സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ടുതന്നെയാണ് ബിജെപിയെ തോല്‍പ്പിക്കാന്‍ ഇരുകൂട്ടരും ഒരുമിച്ച് നില്‍ക്കുന്നത്. സല്‍ഭരണം തുടരാന്‍ അനുവദിച്ചാല്‍ അടുത്ത തെരഞ്ഞെടുപ്പില്‍ നിലവിലുള്ളതും നഷ്ടപ്പെടുമെന്ന ഭീതിയാണവര്‍ക്ക്. എന്തിന് പഞ്ചായത്തിന്റെ കാര്യം പറയണം! മോന്തായം തന്നെ വളഞ്ഞിരിക്കുകയല്ലെ.

കര്‍ണാടകയില്‍ ബിജെപി ഒറ്റക്കക്ഷിയായി ജയിച്ചിട്ടും രണ്ടാംകക്ഷിയായ കോണ്‍ഗ്രസ് പിന്തുണച്ച് മൂന്നാംകക്ഷിയെ തലപ്പത്തിരുത്തുകയല്ലെ ചെയ്തത്. ഈ നാണംകെട്ട ജനാധിപത്യ ഹത്യയ്ക്ക് ചുക്കാന്‍പിടിച്ചത് കോണ്‍ഗ്രസ് അധ്യക്ഷന്‍തന്നെയാണല്ലൊ. പാര്‍ലമെന്റില്‍ തോല്‍ക്കുമെന്നുറപ്പായ അവിശ്വാസ പ്രമേയത്തിന് പിന്തുണ നല്‍കി സ്വയം നാറിയിട്ടും പിന്നെയും നാറാന്‍ ഇറങ്ങിത്തിരിച്ചിരിക്കുകയല്ലെ കോണ്‍ഗ്രസ്. മുച്ചീട്ടുകളിക്കാരന്റെ ശൈലിയില്‍ ആര്‍ക്കും വയ്ക്കാം. ഏത് കളത്തിലും വയ്ക്കാം. ഒന്നുവച്ചാല്‍ രണ്ട് എന്ന് ഉറക്കെ വിളിച്ചുപറയുകയല്ലെ കോണ്‍ഗ്രസ്. പൊന്നുംവേണ്ട പണവുംവേണ്ട, ഒരുമുഴം തുണിവാങ്ങിത്തന്നാല്‍മതി എന്ന ഭാവമാണ് കോണ്‍ഗ്രസിന്. നേതൃത്വം കോണ്‍ഗ്രസിന് വേണ്ട. പ്രധാനമന്ത്രിസ്ഥാനാര്‍ത്ഥിയായി കോണ്‍ഗ്രസില്‍ ആരെയും ഉയര്‍ത്തിക്കാണിക്കുന്നുമില്ല. മമതയോ മായാവതിയോ സീതാറാമോ ആരുവേണമെങ്കിലും പ്രധാനമന്ത്രിയാകട്ടെ. നമുക്ക് ബിജെപിയെ തോല്‍പ്പിക്കണമെന്നാണ് രാജ്യത്തെ ഏറ്റവും പ്രായമുള്ള പാര്‍ട്ടി ആവര്‍ത്തിച്ച് പറയുന്നത്. മുതല്‍മുടക്കില്ലാതെ നേതൃത്വത്തിലെത്തിയ ഒരാള്‍ക്കേ ഇങ്ങനെ പറയാന്‍ കഴിയൂ. 

നേരത്തെ ബിജെപി നേതാവ് കെ.ജി. മാരാര്‍ പറഞ്ഞിട്ടുണ്ട്. കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും ഒരുകാലത്ത് ഒന്നാകും. അവര്‍തമ്മിലുള്ള വ്യത്യാസം ഒന്ന് കോണ്‍ഗ്രസുപാര്‍ട്ടിയും മറ്റേത് പാര്‍ട്ടികോണ്‍ഗ്രസും. ഗതികെട്ട സ്ഥിതിയിലെത്തിയ ഇരുകക്ഷികളും എന്തും ചെയ്യും. ഗതികെട്ടാല്‍ പുലി പുല്ലും തിന്നും. അവിടെ ഒരു നയം ഇവിടെ ഒരുനയം എന്നത് അന്തസ്സില്ലാത്തതാണ്. പഞ്ചായത്തിലെന്നല്ല, നിയമസഭാ പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും ഒരുമിച്ച് മത്സരിക്കട്ടെ. അന്തസ്സുണ്ടെങ്കില്‍ അതാണ് ചെയ്യേണ്ടത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.