ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിലെ വിനാശം വിതയ്ക്കുന്ന ഇരട്ടത്താപ്പ് നയം

Saturday 4 August 2018 1:07 am IST
ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പിടിച്ച് ആണയിടുന്ന ഇടത്-വലത് സാംസ്‌ക്കാരിക നായകന്മാര്‍ ആര്‍ഷഭാരത സംസ്‌ക്കാരത്തെ അവഹേളിക്കുന്ന എന്തിനെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍പ്പെടുത്തും. മറ്റു മതങ്ങളിലെ വര്‍ഗ്ഗീയ മതഭീകരവാദികളെ പ്രീണിപ്പിച്ച് വോട്ട് നേടാന്‍ ജന്മനാടിന്റെ പൗരാണിക സംസ്‌ക്കാരത്തെ അവഹേളിക്കുന്നതാണ് പുരോഗമനവും വിപ്ലവവുമെന്ന് അണികളെ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്.

അഡ്വ. കാവാലം കൃഷ്ണകുമാര്‍

ഭൂരിപക്ഷ ജനതയുടെ സംസ്‌ക്കാരത്തെയും വിശ്വാസത്തെയും ആചാരത്തെയും അവഹേളിക്കലാണ് ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണ് ഇടതുപക്ഷ നേതൃത്വവും കോണ്‍ഗ്രസ് നേതൃത്വവും അവരുടെ അണികളെ പഠിപ്പിക്കുന്നത്. സാഹിത്യകാരന്മാര്‍ക്കും കലാകാരന്മാര്‍ക്കും കവികള്‍ക്കും മാധ്യമങ്ങള്‍ക്കും നേരെ മറ്റ് മതസ്ഥരിലെ മതാന്ധകരും മതഭീകരവാദികളും നടത്തുന്ന വിധ്വംസക പ്രവര്‍ത്തനങ്ങളെക്കുറിച്ചവര്‍ മൗനം പാലിക്കുകയാണ്. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ ഇരട്ടത്താപ്പാണ് കോണ്‍ഗ്രസ്-മാര്‍ക്‌സിസ്റ്റ് സാംസ്‌ക്കാരിക നായകര്‍ കൈക്കൊള്ളുന്നത്. പ്രതിഷേധത്തിലും ഇരട്ടത്താപ്പ്.

കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സര്‍വ്വാധിപത്യം നിലനില്‍ക്കുന്ന ചൈനയില്‍ നോബല്‍ ജേതാവും സാഹിത്യകാരനുമായിരുന്ന ലിയു സിയാബോ, ചികിത്സപോലും ലഭിക്കാതെ തടവില്‍കിടന്ന് മരിച്ചത് കഴിഞ്ഞ വര്‍ഷമായിരുന്നു. മനുഷ്യാവകാശത്തിനും പാര്‍ട്ടി നേതാക്കളുടെ സര്‍വ്വാധിപത്യ ഫാസിസ്റ്റ് പ്രവണതയ്ക്കുമെതിരെ നിരന്തരം തൂലിക ചലിപ്പിച്ചതുകൊണ്ടാണ് അദ്ദേഹത്തെ ദീര്‍ഘനാളായി തടവറയിലിട്ടിരുന്നത്. ഒരു മനുഷ്യജീവിതത്തിന്റെ ഭൂരിഭാഗ കാലയളവുകളും ജയിലില്‍ കഴിച്ചുകൂട്ടി അവിടെ കിടന്നുതന്നെ അദ്ദേഹം മരിച്ചു. ചൈനീസ് ഭരണകൂടം നടത്തിയ കൊലപാതകമായിരുന്നു അത്. 

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍  അലമുറയിടുന്ന ഒരൊറ്റ സാംസ്‌ക്കാരിക നായകന്‍മാരും ഇതിനെതിരെ ശബ്ദമുയര്‍ത്തിയില്ല. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെക്കുറിച്ച് ചിലപ്പോള്‍മാത്രം വാചാലരാവുന്ന സ്വയം പ്രഖ്യാപിത ബുദ്ധിജീവികളും സാഹിത്യകാരന്മാരും സാംസ്‌ക്കാരിക മണ്ഡലത്തെ അധോലോകമാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. തങ്ങള്‍ക്ക് ഗുണം കിട്ടുമെങ്കില്‍ ഏതു നീചപ്രവര്‍ത്തിയെയും അനുകൂലിക്കും. മേമ്പൊടിക്ക് സ്വല്പം 'വിപ്ലവവും പുരോഗമനവും' വേണമെന്ന് മാത്രം. 

കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യത്തിന്‍കീഴില്‍ ചിതറിപ്പോയ പഴയ സോവിയറ്റ് യൂണിയനില്‍ സാഹിത്യകാരന്‍മാരും കവികളും ഭരണകൂടത്തിന്റെ അടിമകളാക്കപ്പെട്ടിരുന്നു. ഭരണവര്‍ഗ്ഗത്തെയോ, നേതാക്കളെയോ, പാര്‍ട്ടി മേലാളന്മാരെയോ വിമര്‍ശിച്ചാല്‍, സൈബീരിയയിലെ ജയിലിലായിരിക്കും അവരുടെ ജീവിതം. 

സാഹിത്യത്തില്‍ നോബല്‍ സമ്മാനം ലഭിച്ച ബോറിസ് പാസ്റ്റര്‍നാക് എന്ന വിഖ്യാത സാഹിത്യകാരന്‍ മരണംവരെയും ജയിലിലായിരുന്നു. പാസ്റ്റര്‍നാക് എഴുതിയ 'ഡോക്ടര്‍ ഷിവാഗോ' എന്ന നോവല്‍ പാര്‍ട്ടി നേതാക്കള്‍ക്കെതിരെ വിരല്‍ചൂണ്ടുന്നതാവുന്നു. ബോറിസ് പാസ്റ്റര്‍നാക്കിന്റെ ജീവിതം ജയിലറക്കുള്ളില്‍ ഹോമിക്കപെടുമ്പൊഴൊന്നും ആരും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍ ആശങ്കപ്പെട്ടില്ല എന്നതും ചരിത്രം. പ്രത്യേകിച്ച് ഒരു ഇടതുപക്ഷ രാഷ്ട്രീയക്കാരനും സാഹിത്യകാരന്മാരും ശബ്ദിച്ചില്ല. 

അവിടുത്തെ മറ്റൊരു വിഖ്യാത സാഹിത്യകാരനായിരുന്നു സോള്‍ഷെനിത്‌സണ്‍. അദ്ദേഹം എഴുതിയ പ്രശസ്തമായ 'ക്യാന്‍സര്‍' എന്ന നോവല്‍ അദ്ദേഹത്തെ തടവറയിലാക്കാന്‍ കാരണമായി. സോവിയറ്റ് സമൂഹത്തെ നശിപ്പിച്ചുകൊണ്ടിരിക്കുന്ന ക്യാന്‍സറാണ് പാര്‍ട്ടി നേതാക്കളെന്ന് വിശേഷിപ്പിക്കുന്ന ഈ നോവലിന് ഒരു പ്രവചനാത്മകത ഉണ്ടായിരുന്നു. 

ഇത് ശരിവയ്ക്കുന്നതാകുന്നു സോവിയറ്റ് യൂണിയന്റെയും കിഴക്കന്‍ യൂറോപ്പ്യന്‍ രാജ്യങ്ങളുടെയും തകര്‍ച്ച. കമ്മ്യൂണിസ്റ്റ് സര്‍വ്വാധിപത്യം സോവിയറ്റ് യൂണിയനിലെ ജനങ്ങള്‍ തകര്‍ക്കുന്നത് ജയിലില്‍ കിടന്നുകൊണ്ട് കാണാന്‍ ഭാഗ്യമുണ്ടായ ആളായിരുന്നു സോള്‍ഷെനിത്‌സണ്‍. ഈ ഫാസിസ്റ്റ് രാജ്യങ്ങളിലെ തടവറകളില്‍ കിടന്ന് സാഹിത്യകാരന്മാരും കവികളും വീര്‍പ്പുമുട്ടി മരിക്കുമ്പോഴൊന്നും ഒരു വിപ്ലവകാരിയും പുരോഗമനക്കാരനും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ ഒരക്ഷരവും ഉരിയാടിയിട്ടില്ല എന്നതാണ് പരിഹാസ്യമായ വസ്തുത.

ആര്‍ഷഭാരത സംസ്‌ക്കാരത്തെയും ഭാരതീയ സംസ്‌ക്കാരത്തിന്റെ പ്രതിബിംബങ്ങളെയും അവഹേളിക്കുന്ന ഏതൊന്നിനെ എതിര്‍ത്താലും ആവിഷ്‌ക്കാര സ്വാതന്ത്ര്യക്കാര്‍ കുരച്ചുകൊണ്ട് ചാടിവീഴും. അവരുടെ യജമാനന്മാരുടെ മുമ്പില്‍ വാലാട്ടാന്‍ മാത്രം പഠിച്ചിട്ടുള്ള ഇടത്-വലത് സംസ്‌ക്കാരിക നായകന്‍മാരെല്ലാം സ്ഥാനമാനങ്ങളും അവാര്‍ഡുകളും ബഹുമതിയും നേടിയെടുക്കുന്നത് വാലാട്ടി കാണിക്കുക എന്ന കലയിലൂടെയാണ്.

രാജീവ്ഗാന്ധി പ്രധാനമന്ത്രിയായിരുന്ന കാലത്താണ് വിഖ്യാതനായ സാല്‍മന്‍ റഷ്ദിയുടെ 'സാത്താന്റെ വചനങ്ങള്‍' എന്ന നോവല്‍ മതനിന്ദ ആരോപിച്ച് ഇന്ത്യയിലെമ്പാടും നിരോധിച്ചത്. 1989ല്‍ സഫ്ദര്‍ ഹഷ്മി എന്ന നാടകകലാകാരനെ ദല്‍ഹി തെരുവിലിട്ട് തല്ലിക്കൊന്നതും ഇക്കാലത്തായിരുന്നു. സഹിഷ്ണുതയുടെ അപ്പസ്‌തോലന്‍മാരായി ചമഞ്ഞുനടക്കുന്ന കോണ്‍ഗ്രസ് നേതാക്കളോ സാംസ്‌ക്കാരിക നായകന്‍മാരോ ഇതിനെതിരെ ശബ്ദിച്ചിട്ടില്ല. വടക്കുനോക്കി യന്ത്രത്തെപ്പോലെ ചിന്തിക്കുകയും എഴുതുകയും ചെയ്യുന്ന ഇടത് സാംസ്‌ക്കാരിക നായകന്‍മാരുടെ നിലപാടുകളാണ് ഏറെ പരിഹാസ്യം.

'ലജ്ജ' എന്ന നോവല്‍ എഴുതിയ തസ്ലിമ നസ്‌റിനെ ബംഗ്ലാദേശിലെ മതഭരണകൂടം രാജ്യത്തുനിന്ന് പുറത്താക്കിയപ്പോള്‍ അവര്‍ ബംഗാളിലെത്തി. അന്നത്തെ ബംഗാള്‍ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയും ഇടതുമുന്നണി സര്‍ക്കാരും തസ്ലിമയെ പുറത്താക്കുക മാത്രമല്ല, ലജ്ജ എന്ന നോവലും നിരോധിച്ചു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ അലമുറയിടുന്ന ഇടതുപക്ഷ സാംസ്‌ക്കാരിക നായകര്‍ വാലാട്ടി തങ്ങളുടെ അനുഭാവം പ്രകടിപ്പിച്ചു. മുസ്ലീം കേന്ദ്രീകൃത വോട്ടു ബാങ്കുകളായിരുന്നു ഇടതുമുന്നണിയുടെ ലക്ഷ്യം. ആവിഷ്‌ക്കാര സ്വാതന്ത്ര്യം തട്ടിന്‍പുറത്ത് വച്ച് ഉറക്കം നടിച്ചു. 

സാഹിത്യകാരന്‍മാരും കവികളും സാംസ്‌ക്കാരിക നായകന്‍മാരും തങ്ങള്‍ക്കെതിരെ വിമര്‍ശനം ഉന്നയിച്ചാല്‍, അവരെ ഉന്മൂലനം ചെയ്യുവാനുള്ള ശ്രമങ്ങള്‍ എന്നും ഇടത്-വലത് പക്ഷക്കാര്‍ നടത്തിയിരുന്നു. 'വാളല്ലെന്‍ സമരായുധം'... എന്നെഴുതിയതിന്റെ പേരില്‍ പ്രിയങ്കരനായ വയലാര്‍ രാമവര്‍മ്മയെ കോടാമ്പക്ക കവി എന്നെഴുതി അപമാനിച്ചത് 1970 കളിലായിരുന്നു. ദേശാഭിമാനി വാരികയിലൂടെയായിരുന്നു വയലാറിനെ നിരന്തരം ദര്‍ശിച്ചുകൊണ്ടിരുന്നത്. കേരളത്തിലെ ആദ്യകാല കമ്മ്യൂണിസ്റ്റുകാരനായിരുന്ന പി. കേശവദേവ്, 'കൊല്ലരുത് അനിയാ കൊല്ലരുത്', 'ചൈനാവെ മഴയിങ്ങും കുടയങ്ങും' എന്നീ കൃതികളെഴുതിയതിന്റെ പേരില്‍ പാര്‍ട്ടിയാല്‍ അവഹേളിക്കപ്പെട്ടു. 'വയലാര്‍ ഗര്‍ജ്ജിക്കുന്നു' എഴുതിയ ആദ്യകാല കമ്മ്യൂണിസ്റ്റ് കവി പി. ഭാസ്‌ക്കരനും, പില്‍ക്കാലത്ത് പാര്‍ട്ടി വക ഭല്‍സനമേല്‍ക്കേണ്ടിവന്നു. 

പാര്‍ട്ടി മുദ്രാവാക്യ കവികളെക്കൊണ്ട് ഭാസ്‌ക്കരനെ അവഹേളിച്ചു. 1986 ല്‍ 'ക്രിസ്തുവിന്റെ ആറാം തിരുമുറിവ്' എന്ന നാടകം സര്‍ക്കാര്‍ നിരോധിച്ചപ്പോള്‍, അതിനെതിരെ ആക്രോശിച്ച ഇടതുമുന്നണി, അധികാരത്തില്‍ വന്നപ്പോള്‍ ആ നാടകത്തിന് നിരോധനം ഏര്‍പ്പെടുത്തി. ആവിഷ്‌ക്കാര സ്വാതന്ത്ര്യമല്ല ന്യൂനപക്ഷ വോട്ടാണ് വേണ്ടതെന്ന് അന്നത്തെ 1987 ലെ നായനാര്‍ സര്‍ക്കാര്‍ തീരുമാനിച്ചു. മാതാ അമൃതാനന്ദമയിയെപ്പറ്റി ലേഖനമെഴുതിയ പി. വത്സല എന്ന നോവലിസ്റ്റിനെതിരെ പുരോഗമന കലാസാഹിത്യ സര്‍ക്കാര്‍ ഉറഞ്ഞുതുള്ളിയതും കേരളം കണ്ടതാണ്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യപ്പറ്റി അലമുറയിടുന്ന ഇടത്-വലത് മുന്നണിക്കാര്‍ വോട്ട് ബാങ്ക് പ്രീണനത്തിനായി സിനിമകള്‍ക്കെതിരെയും കലഹിച്ചിട്ടുണ്ട്. ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയായിരുന്ന 2013 കാലഘട്ടത്തിലാണ് പിതാവിനും പുത്രനും എന്ന മലയാള സിനിമയുടെ പ്രദര്‍ശനാനുമതി സെന്‍സര്‍ ബോര്‍ഡ് റദ്ദാക്കിയത്. ലൈഫ്റ്റ് & റൈറ്റ് എന്ന സിനിമ പ്രദര്‍ശിപ്പിക്കാതിരിക്കുവാന്‍ സിപിഎമ്മിലെ ഒരു വിഭാഗം നടത്തിയ ശ്രമങ്ങള്‍ എല്ലാവര്‍ക്കും അറിവുള്ളതാണ്.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെ പിടിച്ച് ആണയിടുന്ന ഇടത്-വലത് സാംസ്‌ക്കാരിക നായകന്മാര്‍ ആര്‍ഷഭാരത സംസ്‌ക്കാരത്തെ അവഹേളിക്കുന്ന എന്തിനെയും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തില്‍പ്പെടുത്തും. മറ്റു മതങ്ങളിലെ വര്‍ഗ്ഗീയ മതഭീകരവാദികളെ പ്രീണിപ്പിച്ച് വോട്ട് നേടാന്‍ ജന്മനാടിന്റെ പൗരാണിക സംസ്‌ക്കാരത്തെ അവഹേളിക്കുന്നതാണ് പുരോഗമനവും വിപ്ലവവുമെന്ന് അണികളെ പഠിപ്പിക്കുകയാണ് ഇവര്‍ ചെയ്യുന്നത്. മറ്റുമതങ്ങളിലെ സാമൂഹ്യ അനാചാരങ്ങളെപ്പറ്റിയുള്ള കൃതികള്‍ ആരെങ്കിലുമെഴുതിയാല്‍ അവരെ ന്യൂനപക്ഷ വിരുദ്ധരെന്ന് മുദ്രകുത്തുന്നു. ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തെപ്പറ്റിയുള്ള ഇടത്-വലത് സാംസ്‌ക്കാരിക പ്രവര്‍ത്തകരുടെ ഇരട്ടത്താപ്പ് പൊതുസമൂഹം തിരിച്ചറിയേണ്ടതുണ്ട്.

 

അഡ്വ. കാവാലം കൃഷ്ണകുമാര്‍ ഇന്നലെ അന്തരിച്ചു. ജന്മഭൂമിയില്‍ പതിവ് എഴുത്തുകാരനായിരുന്നു. നാലുനാള്‍ മുമ്പാണ് ഈ ലേഖനം അദ്ദേഹം ജന്മഭൂമിയുടെ ആലപ്പുഴ ബ്യൂറോയില്‍ എത്തിച്ചത്. കമ്യൂണിസ്റ്റ് കുടുംബത്തില്‍ ജനിച്ച്, ആശയാദര്‍ശങ്ങള്‍ പഠിച്ച് വളര്‍ന്ന അദ്ദേഹം ഏതാനും വര്‍ഷമായി, ഇടതുപക്ഷ ആശയത്തിന്റെയും പ്രയോഗത്തിന്റെയും അപചയത്തില്‍ അസ്വസ്ഥനായിരുന്നു. അത്ര പരസ്യമായി പാര്‍ട്ടിയെ വിമര്‍ശിക്കാനുള്ള ആത്മസംഘര്‍ഷം അനുഭവിച്ചിരുന്ന, കൃഷ്ണകുമാറിന്റെ നൂറിലേറെ ലേഖനങ്ങളില്‍ അവസാനം എഴുതിയതാണ് ആവിഷ്‌കാര സ്വാതന്ത്ര്യത്തെക്കുറിച്ചുള്ള ഈ കുറിപ്പ്. ആ എഴുത്തുകാരന് ആദരാഞ്ജലി...

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.