മാത്യു ടി. തോമസിനെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പടയൊരുക്കം

Saturday 4 August 2018 1:10 am IST
ജില്ലയിലെ പ്രളയക്കെടുതി, കടല്‍ക്ഷോഭം എന്നിവയില്‍ തികഞ്ഞ അനാസ്ഥയാണ് ജലസേചന വകുപ്പ് കാട്ടിയത്. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ബണ്ട് സന്ദര്‍ശിച്ച മന്ത്രി ആലപ്പുഴ കളക്‌ട്രേറ്റിലെത്തി കുപ്പിവെള്ള കമ്പനികളുടെ കുടിവെള്ള വിതരണം നടത്തി മടങ്ങി. ആലപ്പുഴ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗംപോലും വിളിച്ചില്ല. അതിനിടെ ഇന്നലെ തിരുവല്ലയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും വിവാദമായി.

ആലപ്പുഴ: കുട്ടനാട്ടിലെ ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ മന്ത്രി മാത്യു ടി. തോമസിന്റെ വീഴ്ചയ്‌ക്കെതിരെ പാര്‍ട്ടിയിലും മുന്നണിയിലും പ്രതിഷേധം ശക്തമായി. കുട്ടനാടിനെ പ്രളയക്കെടുതിയിലേക്ക് നയിച്ചതില്‍ പ്രധാനകാരണങ്ങളിലൊന്ന് മാത്യു ടി. തോമസ് കൈകാര്യം ചെയ്യുന്ന ജലസേചന വകുപ്പിന്റെ വീഴ്ചയാണ്. എന്നിട്ടും ഇതുവരെ കുട്ടനാട് സന്ദര്‍ശിക്കാനോ തുടര്‍നടപടി സ്വീകരിക്കാനോ മന്ത്രി തയാറായിട്ടില്ല. 

  കുട്ടനാട്ടിലെ പുറംബണ്ടുകള്‍ ശക്തിപ്പെടുത്താതിരുന്നതും നിര്‍മാണത്തിലെ വീഴ്ചയുമാണ് വ്യാപകമായി കൃഷി നശിക്കാനും വെള്ളപ്പൊക്ക കെടുതിക്കും കാരണം. ശുദ്ധജല ക്ഷാമമാണ് കുട്ടനാട് നേരിടുന്ന മറ്റൊരു പ്രധാന പ്രശ്‌നം. മന്ത്രിമാരായ ജി. സുധാകരന്‍, ഇ.പി.ചന്ദ്രശേഖരന്‍ തുടങ്ങിയവര്‍ കഴിഞ്ഞ ദിവസം ജലസേചന വകുപ്പിനെതിരെ രൂക്ഷവിമര്‍ശനം ഉയര്‍ത്തിയിരുന്നു. കടല്‍ഭിത്തി കെട്ടുന്നതിലും വകുപ്പ് വീഴ്ച വരുത്തി. 

  ജില്ലയിലെ പ്രളയക്കെടുതി, കടല്‍ക്ഷോഭം എന്നിവയില്‍ തികഞ്ഞ അനാസ്ഥയാണ് ജലസേചന വകുപ്പ് കാട്ടിയത്. കഴിഞ്ഞദിവസം തണ്ണീര്‍മുക്കം ബണ്ട് സന്ദര്‍ശിച്ച മന്ത്രി ആലപ്പുഴ കളക്‌ട്രേറ്റിലെത്തി കുപ്പിവെള്ള കമ്പനികളുടെ കുടിവെള്ള വിതരണം നടത്തി മടങ്ങി. ആലപ്പുഴ കേന്ദ്രീകരിച്ച് ഉദ്യോഗസ്ഥരുടെയും ജനപ്രതിനിധികളുടെയും യോഗംപോലും വിളിച്ചില്ല. അതിനിടെ ഇന്നലെ തിരുവല്ലയില്‍ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചതും വിവാദമായി. 

  മന്ത്രിമാരടക്കമുള്ള ജനപ്രതിനിധികളെ ഒഴിവാക്കിയായിരുന്നു യോഗം. ജനപ്രതിനിധികളുടെ ഭാഗത്തുനിന്ന് കടുത്ത വിമര്‍ശനം ഉയരുമെന്ന് മുന്‍കൂട്ടി കണ്ടാണ് ഒഴിവാക്കിയതെന്നാണ് ആക്ഷേപമുയരുന്നത്. 

 പ്രളയക്കെടുതിയില്‍ സര്‍ക്കാരിനെ പ്രതിരോധത്തിലാക്കിയത് പ്രധാനമായും മാത്യു ടി. തോമസ് ചുമതല വഹിക്കുന്ന വകുപ്പുകളാണ്. പാര്‍ട്ടി നേതൃത്വവും പലതവണ മന്ത്രിയോട് അഭ്യര്‍ഥിച്ചെങ്കിലും ഫലമുണ്ടായില്ല. മന്ത്രിയുടെ കാര്യശേഷി ഇല്ലായ്മയാണ് നിര്‍ണായകഘട്ടങ്ങളില്‍ പോലും സര്‍ക്കാര്‍ സംവിധാനങ്ങള്‍ പരാജയപ്പെടാനിടയാക്കിയതെന്നാണ് പാര്‍ട്ടിയിലെ പ്രബല വിഭാഗം കുറ്റപ്പെടുത്തുന്നത്. ഘടകകക്ഷികള്‍ക്കിടയിലും  മന്ത്രിക്കെതിരെ പ്രതിഷേധമുയര്‍ന്നിട്ടുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.