തിരുവല്ല: ലക്ഷങ്ങള്‍ വിലമതിക്കുന്ന കലമാന്‍ കൊമ്പുകള്‍ വില്ക്കാന് ശ്രമിക്കുന്നതിനിടെ മധ്യവയസ്കനെ പോലീസ് അറസ്റ്റ് ചെയ്തു. തിരുമൂലപുരത്ത് വാടകയ്ക്ക് താമസിക്കുന്ന ഇടുക്കി ദേവികുളം വട്ടവട കോവിലൂര്‍ അമ്പിളിക്കുന്നത്ത് വീട്ടില്‍ എഡ്വിന് ജോര്‍ജ് (57) ആണ് പിടിയിലായത്. ഇടനിലക്കാരന് മുഖേന മാന്‍കൊമ്പ് വില്പന നടത്താന്‍ ശ്രമിക്കുന്നതായി പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടര്‍ന്നായിരുന്നു അറസ്റ്റ്.
മാന്‍കൊമ്പ് വാങ്ങാനെത്തിയവരെന്ന വ്യാജേന എത്തിയ പോലീസ്സംഘം തന്ത്രപരമായ നീക്കത്തിലാണ് പ്രതിയെ കുടുക്കിയത്. 40 ലക്ഷം രൂപ ആവശ്യപ്പെട്ട രണ്ട് ജോഡി കൊമ്പുകള്‍ 20 ലക്ഷം രൂപയ്ക്ക് പോലിസ് കച്ചവടം ഉറപ്പിച്ചു. തുടര്‍ന്ന് വീടിന് സമീപം കാത്തുനിന്നിരുന്ന പോലീസ് സംഘം വീട്ടില്‍നിന്നും ഇയാളെ ഇന്നലെ ഉച്ചയ്ക്ക് മൂന്നുമണിയോടെ പിടികൂടുകയായിരുന്നു. തിരുവല്ല സിഐ പി.ആര്. സന്തോഷ്, എസ്ഐ ബി. വിനോദ് കുമാര്‍, എഎസ്ഐ മാരായ താഹ കുഞ്ഞ്, കൃഷ്ണകുമാര്‍ തുടങ്ങിയവരുടെ നേതൃത്വത്തിലായിരുന്നു അറസ്റ്റ്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: