പ്രളയബാധിത പ്രഖ്യാപനം നടപ്പാക്കാതെ സര്‍ക്കാര്‍ അനാസ്ഥ കാട്ടുന്നു: ബിജെപി

Saturday 4 August 2018 1:27 am IST
ദുരിത ബാധിത പ്രദേശങ്ങളില്‍ പലയിടത്തും മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ടെന്ന് ശ്രീധരന്‍പിള്ള പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതില്‍ പോലും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നതായി പല സ്ഥലങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു.

ആലപ്പുഴ: പ്രളയക്കെടുതിയിലായ കുട്ടനാട് ബിജെപി സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ളയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സംഘം സന്ദര്‍ശിച്ചു. രാവിലെ എട്ടുമണിയോടെ കിടങ്ങറയില്‍ നിന്നും ബോട്ടുമാര്‍ഗമാണ് കുട്ടനാടിന്റെ വിവിധ ഭാഗങ്ങള്‍ സന്ദര്‍ശിച്ചത്. 

  ദുരിത ബാധിത പ്രദേശങ്ങളില്‍ പലയിടത്തും മതിയായ സൗകര്യങ്ങളില്ലെന്ന പരാതിയുണ്ടെന്ന് ശ്രീധരന്‍പിള്ള പിന്നീട് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. സര്‍ക്കാരിന്റെ നേതൃത്വത്തില്‍ ഭക്ഷ്യസാധനങ്ങളും മറ്റും വിതരണം ചെയ്യുന്നതില്‍ പോലും രാഷ്ട്രീയ പക്ഷപാതിത്വം കാണിക്കുന്നതായി പല സ്ഥലങ്ങളില്‍ നിന്നും പരാതി ഉയര്‍ന്നു.

  ആലപ്പുഴ, കോട്ടയം ജില്ലകളെ പ്രളയബാധിത പ്രദേശമായി പ്രഖ്യാപിക്കുമെന്ന് പത്തുദിവസം മുമ്പാണ് മന്ത്രിസഭാ തീരുമാനം ഉണ്ടായത്. എന്നാല്‍ ഇതുവരെ വിജ്ഞാപനം പുറപ്പെടുവിച്ചിട്ടില്ല. കുട്ടനാട് അടക്കമുള്ള പ്രദേശങ്ങള്‍ക്ക് ലഭിക്കേണ്ട ആനുകൂല്യങ്ങള്‍ നഷ്ടപ്പെടുന്ന അവസ്ഥയാണുള്ളത്. മുഖ്യമന്ത്രി ഇതുവരെ കുട്ടനാട്ടിലെത്താത്തത് പ്രതിഷേധാര്‍ഹമാണ്. ഉദ്യോഗസ്ഥരും മറ്റു സംവിധാനങ്ങളും പ്രവര്‍ത്തിക്കുന്നതു മാത്രമല്ല, മുഖ്യമന്ത്രി നേരിട്ടെത്തി കാര്യങ്ങള്‍ ഏകോപിപ്പിക്കുന്നതിനാണ് പ്രാധാന്യമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

  വൈദ്യുതിചാര്‍ജ്, വായ്പാ കുടിശിക, നികുതി കുടിശിക എന്നിവ ഈ ദുരിത കാലത്തുപോലും ഈടാക്കാന്‍ ശ്രമം നടക്കുന്നു. ജനങ്ങള്‍ ദുരിതത്തിലായ സാഹചര്യത്തില്‍ ഇവയെല്ലാം എഴുതിത്തള്ളുകയോ, ഒരുവര്‍ഷത്തേക്കെങ്കിലും മൊറട്ടോറിയം പ്രഖ്യാപിക്കുകയോ ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

  കുട്ടനാട് പാക്കേജ് സമ്പൂര്‍ണമായി അട്ടിമറിക്കപ്പെടുകയായിരുന്നു. കുട്ടനാടിന്റെ പ്രളയക്കെടുതിക്ക് പ്രധാന കാരണമിതാണ്. അനുവദിച്ച പണം എവിടെ എങ്ങനെ ചെലവഴിച്ചുവെന്നത് സംബന്ധിച്ച് ആര്‍ക്കും ധാരണയില്ല. മുഖ്യമന്ത്രി ഇടപെട്ട് ഇക്കാര്യത്തില്‍ ധവളപത്രം പുറത്തിറക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു. 

  പ്രളയക്കെടുതി അവലോകനം ചെയ്യുന്നതിനായി കേന്ദ്രസംഘം ഉടന്‍തന്നെ കേരളത്തിലെത്തും. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഇതുവരെ വ്യക്തമായ കണക്കുകള്‍ തയാറാക്കാനോ നഷ്ടം എത്രയെന്നു തിട്ടപ്പെടുത്താനോ മതിയായ ഗൃഹപാഠം ചെയ്തിട്ടില്ല. ഇനിയെങ്കിലും ഉദാസീനത വെടിയണം. എന്‍ഡിഎ സംഘത്തിന് ബോധ്യപ്പെട്ട കാര്യങ്ങള്‍ കേന്ദ്രസര്‍ക്കാരിനെയും കേന്ദ്രസംഘത്തെയും അറിയിക്കുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു. 

ബിഡിജെഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി സുഭാഷ് വാസു, കേരള കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി രാജന്‍ കണ്ണാട്ട്, ജെഎസ്എസ് സംസ്ഥാന പ്രസിഡന്റ് ആര്‍. പൊന്നപ്പന്‍, പിഎസ്പി സംസ്ഥാന പ്രസിഡന്റ് കെ.കെ. പൊന്നപ്പന്‍, ബിജെപി ദക്ഷിണമേഖലാ പ്രസിഡന്റ് വെള്ളിയാകുളം പരമേശ്വരന്‍, ജില്ലാ പ്രസിഡന്റ് കെ. സോമന്‍, ജനറല്‍ സെക്രട്ടറി എം.വി. ഗോപകുമാര്‍ തുടങ്ങിയവര്‍ അദ്ദേഹത്തോടൊപ്പം സന്ദര്‍ശകസംഘത്തിലുണ്ടായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.