സ്ഥാനക്കയറ്റത്തിന് സംവരണം തുടരണം

Saturday 4 August 2018 1:42 am IST
പിന്നാക്കാവസ്ഥ തെളിയിക്കുന്നതിന് മതിയായ കണക്കുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ പാടുള്ളൂവെന്ന് 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് തെറ്റാണെന്ന് തെളിയിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടു.

ന്യൂദല്‍ഹി: സംവരണ വിഷയത്തില്‍ ശക്തമായ നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. പട്ടികജാതി, പട്ടികവര്‍ഗ വിഭാഗങ്ങള്‍ക്ക് സര്‍ക്കാര്‍ ഉദ്യോഗത്തില്‍ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്നത് തുടരണമെന്ന് കേന്ദ്രം സുപ്രീംകോടതിയില്‍ വ്യക്തമാക്കി. നൂറ് സ്ഥാനക്കയറ്റങ്ങളില്‍ 23 എണ്ണം (22.5 ശതമാനം) നിര്‍ബന്ധമായും എസ്‌സി, എസ്ടി വിഭാഗങ്ങള്‍ക്കായിരിക്കണം. ഇല്ലെങ്കില്‍ ഈ വിഭാഗങ്ങളുടെ ഉന്നമനത്തിനായുള്ള ഉറപ്പുകള്‍ മായയായി അവശേഷിക്കും, അറ്റോര്‍ണി ജനറല്‍ കെ.കെ. വേണുഗോപാല്‍ കോടതിയെ അറിയിച്ചു. ആയിരത്തിലേറെ വര്‍ഷങ്ങള്‍ അടിച്ചമര്‍ത്തപ്പെട്ടതിന് പ്രതിവിധിയായാണ് സംവരണം നല്‍കുന്നത്. അതിക്രമങ്ങള്‍ ഇപ്പോഴും നടക്കുന്നുണ്ട്, അദ്ദേഹം വിശദീകരിച്ചു.

പിന്നാക്കാവസ്ഥ തെളിയിക്കുന്നതിന് മതിയായ കണക്കുകള്‍ ഉണ്ടെങ്കില്‍ മാത്രമേ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കാന്‍ പാടുള്ളൂവെന്ന് 2006ല്‍ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഈ ഉത്തരവ് തെറ്റാണെന്ന് തെളിയിക്കാന്‍ ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തിലുള്ള അഞ്ചംഗ ബെഞ്ച് ആവശ്യപ്പെട്ടു. എസ്‌സി, എസ്ടി വിഭാഗങ്ങളുടെ പിന്നാക്കാവസ്ഥ പരിശോധിക്കേണ്ട സാഹചര്യമില്ലെന്ന് ഇതിന് മറുപടിയായി കേന്ദ്രസര്‍ക്കാര്‍ പറഞ്ഞു. ഇന്ദ്ര സാഹ്ണി കേസില്‍ ഇത് സുപ്രീംകോടതി തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അറ്റോര്‍ണി ജനറല്‍ ചൂണ്ടിക്കാട്ടി. 2006ലെ ഉത്തരവ് ഇതുവരെ ഒരു സംസ്ഥാനവും നടപ്പാക്കിയിട്ടില്ലെന്ന് സുപ്രീംകോടതി വ്യക്തമാക്കി.

എസ്‌സി, എസ്ടി വിഭാഗങ്ങളുടെ സ്ഥാനക്കയറ്റത്തിന് സംവരണം നല്‍കുന്നതില്‍ നടപടികളുമായി മുന്നോട്ടുപോകാന്‍ കേന്ദ്രത്തിന് സുപ്രീംകോടതി അനുമതി നല്‍കിയിരുന്നു. ദല്‍ഹി, മുംബൈ, പഞ്ചാബ്-ഹരിയാന ഹൈക്കോടതികളുടെയും സുപ്രീംകോടതിയുടെയും വ്യത്യസ്ത വിധികളെ തുടര്‍ന്ന് 14,000 ഒഴിവുകള്‍ നികത്താനായിട്ടില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയെ ബോധ്യപ്പെടുത്തിയിരുന്നു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.