റെക്കോഡുകള്‍ തകര്‍ത്തെറിഞ്ഞ് വിരാട് കോഹ്‌ലി

Saturday 4 August 2018 1:43 am IST

ലണ്ടന്‍: എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിന്റെ രണ്ടാം ദിനത്തില്‍ ഒറ്റയ്ക്ക് പൊരുതി സെഞ്ചുറി കുറിച്ച ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ഒന്നിലെറെ റെക്കോഡുകളും സ്വന്തമാക്കി. ഇംഗ്ലണ്ടില്‍ ഇതാദ്യമായാണ് കോഹ് ലി സെഞ്ചുറി നേടുന്നത്. 225 പന്ത് നേരിട്ട ഇന്ത്യന്‍ ക്യാപ്റ്റന്‍ 22 ഫോറുകളും ഒരു സിക്‌സറും അടക്കം 149 റണ്‍സ് സ്വന്തം പേരില്‍ കുറിച്ചു. 

ക്രിക്കറ്റിന്റെ ചരിത്രത്തില്‍ കേവലം ഒരു റണ്‍സിന് 150 റണ്‍സ് നഷ്ടമാകുന്ന ആറാമത്തെ ക്യാപ്റ്റനാണ് കോഹ്‌ലി. ക്യാപ്റ്റനെന്ന നിലയില്‍ ആദ്യ ടെസ്റ്റ് ഇന്നിങ്ങ്‌സില്‍ അമ്പതില്‍ കൂടുതല്‍ റണ്‍സ് നേടുന്ന അഞ്ചാമത്തെ ഇന്ത്യന്‍ നായകനാണ് ഈ ഇരുപത്തിയൊന്‍പതുകാരന്‍. വിജയ് ഹസാരെ (89 റണ്‍സ്, 1952), പട്ടൗഡി ജൂനിയര്‍ (64, 1967), അജിത് വഡേക്കര്‍ (85, 1971), മുഹമ്മദ് അസറുദ്ദീന്‍ (121, 1990) എന്നിവരാണ് ഈ നേട്ടം കൈവരിച്ചവര്‍.

ക്യാപ്റ്റനെന്ന നിലയില്‍ വേഗത്തില്‍ ഏഴായിരം റണ്‍സ് നേടുന്ന കളിക്കാരനെന്ന റെക്കോഡും കോഹ്‌ലിക്ക് സ്വന്തമായി.

വിന്‍ഡീസിന്റെ മുന്‍ നായകന്‍ ബ്രയാന്‍ ലാറയുടെ റെക്കോഡാണ് ഇന്ത്യന്‍ ക്യാപ്റ്റന്‍ മറികടന്നത്.

ഓപ്പണര്‍മാരായ മുരളി വിജയും ശിഖര്‍ ധവാനും ആദ്യ വിക്കറ്റില്‍ 50 റണ്‍സ് നേടി. 2011 നു ശേഷം ഇതാദ്യമായാണ് ഇംഗ്ലണ്ടില്‍ ഇന്ത്യ ഒന്നാംവിക്കറ്റ് കൂട്ടുകെട്ടില്‍ അമ്പതോ അതില്‍ കൂടുതലോ റണ്‍സ് നേടുന്നത്. 2011 ജൂലൈയില്‍ ലോര്‍ഡ്‌സില്‍ നടന്ന ടെസ്റ്റില്‍ ഓപ്പണര്‍മാരായ അഭിനവ് മുകുന്ദും  ഗൗതം ഗംഭീറും ഒന്നാം വിക്കറ്റ് കൂട്ടുകെട്ടില്‍ 63 റണ്‍സ് നേടിയിരുന്നു.

ഇംഗ്ലണ്ടിന്റെ പേസര്‍ സാം കറനും ഓള്‍ റൗണ്ടര്‍ ബെന്‍ സ്‌റ്റോക്ക്‌സും രണ്ടാം ദിനത്തില്‍ റെക്കോഡിട്ടു. ഇരുപതു വയസുകാരനായ  കറന്‍ നാലു വിക്കറ്റുകള്‍ വീഴ്ത്തിയതോടെ  ഇംഗ്ലണ്ടിനായി ടെസ്റ്റ് ക്രിക്കറ്റില്‍ ഒരു ഇന്നിങ്ങ്‌സില്‍ നാലു വിക്കറ്റുകള്‍ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായി . രണ്ട് വിക്കറ്റ് വീഴ്ത്തിയ ബെന്‍ സ്‌റ്റോക്ക്‌സ് ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ടിനായി 100 വിക്കറ്റും 2500 റണ്‍സും നേടുന്ന അഞ്ചാമത്തെ കളിക്കാരായി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.