ആ നോവലിസ്റ്റ് ഇവിടെയുണ്ട്

Sunday 5 August 2018 6:17 am IST
ചോരയും കണ്ണീരും പ്രതികാരവും ചാലിച്ച അക്ഷരങ്ങളില്‍ ചരിത്രത്തിലെ രസിക്കാത്ത സത്യങ്ങളുടെ കഥ പറഞ്ഞ ഒരു നോവലിസ്റ്റ് നമുക്കുണ്ട്. ആദര്‍ശത്തിന്റെ അളവുകോല്‍കൊണ്ട് ജീവിതത്തെ അളന്നുതിട്ടപ്പെടുത്തിയപ്പോള്‍ അധികമൊന്നും അവശേഷിക്കാതെ പോയ ഒരാള്‍. അനുഭവതീക്ഷ്ണമായ ഇന്നലെകളിലൂടെയും, വല്ലാതെ മാറിപ്പോയ വര്‍ത്തമാനകാലത്തിലൂടെയും സഞ്ചരിക്കുകയാണ് തന്റെ കീഴടങ്ങാത്ത കഥാപാത്രങ്ങളെപ്പോലെ ഈ നോവലിസ്റ്റും.
" ടി. സുകുമാരന്‍"

വിഭജനകാലത്തിന്റെ അറിയപ്പെടാത്ത കഥപറയുന്നൊരു നോവലുണ്ട് മലയാളത്തില്‍ 'രസിക്കാത്ത സത്യങ്ങള്‍.' വിഭജനം തീര്‍ത്ത മുറിപ്പാടുകളുടെ നീറ്റലില്‍ നിന്നു പിറവികൊണ്ട നോവലിലെ ഏടുകളില്‍ നിന്ന് ഇന്നും രക്തം കിനിയുന്നുണ്ട്. ഘനീഭവിച്ചു കിടക്കുന്ന വേദനകള്‍ ഇന്നും വായനക്കാരെ ഗദ്ഗദം കൊളളിക്കുന്നുണ്ട്. ദാരോ ഏടുകളിലുമുണ്ട് ആരും പറയാന്‍ മടിക്കുന്ന സത്യങ്ങള്‍. രാഷ്ട്രത്തിനുവേണ്ടി ജീവിതം ഹോമിച്ച ഒരു സാധാരണക്കാരന്റെ ചിന്തയില്‍ പിറന്ന അസാധാരണ നോവലാണ് രസിക്കാത്ത സത്യങ്ങള്‍. അരനൂറ്റാണ്ടു മുന്‍പ് എഴുതിയ നോവലിന്റെ പതിപ്പുകള്‍ കിട്ടാനില്ല. 

 

ചാരുകസേരയില്‍...

രസിക്കാത്ത സത്യങ്ങളുടെ എഴുത്തുകാരനെ തേടിയുള്ള അന്വേഷണം ചെന്നെത്തിച്ചത് കോഴിക്കോട് ചെറുവണ്ണൂരിലെ വാടക വീട്ടില്‍. പഴയൊരു നാലുകെട്ടും, കായ്ച്ചുനില്‍ക്കുന്ന പഴവര്‍ഗങ്ങള്‍ നിറഞ്ഞ വിശാലമായ പറമ്പും എല്ലാം ചേര്‍ന്ന് ഗൃഹാതുരത്വം ജനിപ്പിക്കുന്ന കാഴ്ചയായിരുന്നു പ്രതീക്ഷിച്ചത്. എന്നാല്‍ ആ പ്രതീക്ഷകളെല്ലാം തകിടം മറിച്ചു നേര്‍ക്കാഴ്ച.

ചാരുകസേരയില്‍ ചാരിയിരിക്കുന്ന, ആഢ്യത്വം നിറഞ്ഞ എണ്‍പത്തി അഞ്ചുകാരനെ അത്ഭുതത്തോടെ അല്‍പ സമയം നോക്കിനിന്നു. പിന്നെ രസിക്കാത്ത സത്യങ്ങള്‍ പിറന്ന അനുഭവങ്ങള്‍ക്കായി കാതുകൊടുത്തു. ഉച്ചയൂണും കഴിഞ്ഞ് ഉമ്മറക്കോലായില്‍ നാലുംകൂട്ടി മുറുക്കിച്ചുവപ്പിക്കുന്നതിനിടെ തോന്നിയ വെളിപാടു വിശേഷങ്ങളായിരുന്നില്ല നോവലുകള്‍. ചോര കട്ടപിടിച്ച ക്രൂരാനുഭവങ്ങളില്‍ നിന്ന് സ്ഫുടം ചെയ്‌തെടുത്ത വരികളായിരുന്നു അത്.

1935-ല്‍ മണക്കടവ് തച്ചമ്പലത്ത് ഉണിച്ചോയി-കല്യാണി ദമ്പതിമാരുടെ മകനായാണ് സകുമാരന്‍ ജനിച്ചത്. ചെറുവണ്ണൂര്‍ ലിറ്റില്‍ ഫ്‌ളവര്‍ സ്‌കൂളില്‍ നിന്ന് ഇഎസ്എല്‍സി നേടി. പതിനഞ്ചാമത്തെ വയസ്സില്‍ ചെറുവണ്ണൂര്‍ ശാഖയിലൂടെ സ്വയംസേവകനായി. 'മാതൃഭൂമി'യില്‍ അച്ചുനിരത്തു ജോലിയായിരുന്നു ആദ്യം. പിന്നീട് ഒാട്ടുകമ്പനിയിലെ തൊഴിലാളിയായി. ബിഎംഎസ് സംസ്ഥാന സഹകാര്യദര്‍ശിയായിരുന്നു. 

പ്രണയവും വിപ്ലവവും

ഒരു വിപ്ലവകാരിയുടെ ജീവിതത്തില്‍ എന്നും പ്രണയത്തിന് സ്ഥാനമുണ്ട്. 'താഴ്ന്ന ജാതി'യില്‍ പിറന്ന സുകുമാരനെ പ്രണയിച്ചത് ഉന്നതകുലജാതയായ നാണിക്കുട്ടിയെന്ന യുവതി. ചെറുവണ്ണൂര്‍ തിരുമുഖം തറവാട്ടിലെ സുന്ദരിയായ യുവതി. ജാതീയതയ്ക്ക് അപ്പുറമാണ് രാജ്യത്തിനുവേണ്ടിയുള്ള പ്രസ്ഥാനവും അതിന്റെ പ്രവര്‍ത്തകരുമെന്ന് അടയാളപ്പെടുത്തുകയായിരുന്നു സുകുമാരനും ഭാര്യയും. 

'രസിക്കാത്ത സത്യങ്ങള്‍' എന്ന നോവലില്‍ അശുതോഷിന്റെ സഹോദരിയായിരുന്നു അപര്‍ണ. അപര്‍ണയുടെ കാമുകന്‍ നിരഞ്ജനും. കീഴ്ജാതിക്കാരനായ നിരഞ്ജന് അപര്‍ണയെ വിവാഹം ചെയ്തുകൊടുക്കാന്‍ പിതാവ് ഒരുക്കമല്ലായിരുന്നു. അശുതോഷിന്റെ കൂട്ടുകാരനായിരുന്നു നിരഞ്ജന്‍. അശുതോഷ് അച്ഛനെ തിരുത്താന്‍ ശ്രമിച്ചെങ്കിലും സമൂഹത്തെ അഭിമുഖീകരിക്കേണ്ടതിനെക്കുറിച്ചായിരുന്നു അച്ഛന്റെ എതിര്‍പ്പ്. ദടുവില്‍ അദ്ദേഹം ആ അനശ്വര പ്രണയത്തിനു മുന്നില്‍ കീഴടങ്ങേണ്ടി വന്നു. ധാക്കയിലെ കലാപത്തില്‍ ആ കുടുംബം വേര്‍പിരിഞ്ഞു. കുടുംബ സുഹൃത്തായ ഫസലുളളാഖാന്റെ ചതിക്കുഴിയില്‍ അപര്‍ണയുടെ ജിവിതം ഹോമിക്കപ്പെട്ടു. ടി.സുകുമാരന്‍ തന്റെ പ്രണയജീവിതത്തെ നിരഞ്ജനിലൂടെയും അപര്‍ണയിലൂടെയും അടയാളപ്പെടുത്തുകയായിരുന്നുവെന്നു വേണം കരുതാന്‍.  അത്ര തീവ്രമായിരുന്നു കഥയിലെ ഇവരുടെ ജീവിതം.  

തിരുമുഖം തറവാട്ടില്‍ ആര്‍എസ്എസിന്റെ ദേശീയ നേതാക്കള്‍ ഉള്‍പ്പെടെ പരിവാര്‍ പ്രസ്ഥാനങ്ങളുടെ നേതാക്കളെത്തുമ്പോള്‍ നാണിയമ്മ അവര്‍ക്കായി വിരുന്നൊരുക്കും. ജീവിതത്തിന്റെ അവസാനകാലത്തും തന്റെ പ്രാണപ്രിയയെ ഒപ്പം ചേര്‍ത്തു നിര്‍ത്തുന്നുണ്ട് സുകുമാരന്‍. കഥയിലെന്നപോലെ അതിതീവ്രമായിരുന്നു ഇവരുടെ ജീവിതവും. ഭര്‍ത്താവിന്റെ നിഴലായി ഇവര്‍ ഇല്ലായിരുന്നുവെങ്കില്‍ ടി.സുകുമാരന്‍ എന്ന എഴുത്തുകാരനോ, ആ എഴുത്തിലൂടെ രസിക്കാത്ത സത്യങ്ങളോ ലോകം അറിയുകയേ ചെയ്യുമായിരുന്നില്ല. ശ്യാംപ്രസാദ്, വിദ്യാസാഗര്‍, ദേവരാജ്, ലതിക, രാധിക, രേണുക എന്നിവരാണ് സുകുമാരന്റെ മക്കള്‍. ഇതില്‍ ഇളയവളായ രേണുക മാതാഅമൃതാനന്ദമയി മഠത്തില്‍ ബ്രഹ്മചാരിണിയായി ജീവിതം നയിക്കുന്നു

ഭാരതീയ വിചാരകേന്ദ്രം ഡയറക്ടര്‍ പി.പരമേശ്വരന്‍ അടിയന്തരാവസ്ഥക്കാലത്ത് നാലുമാസം ഒളിവില്‍ താമസിച്ചത് ഇവിടെയായിരുന്നു. പരമേശ്വര്‍ജിക്ക് അനുഭവപ്പെട്ട അസ്വാസ്ഥ്യം ചികിത്സിക്കാന്‍ അന്ന് ചെറുവണ്ണൂര്‍ 'കരുണ' ആശുപത്രിയിലെ ഡോ.ഇ.വി. ഉസ്മാന്‍ കോയ രാത്രിയില്‍ എത്തും. ഒരു കുഞ്ഞുപോലുമറിയാതെ പലദിവസങ്ങളില്‍ പരമേശ്വര്‍ജിയെ ചികിത്സിച്ചത് ഡോ.ഉസ്മാനായിരുന്നു. 

                               ഇരുട്ടകറ്റിയ ഡോ. ഉസ്മാന്‍

പാതിരാത്രി ഇരുട്ടിന്റെ മറവിലായിരുന്നു ഉസ്മാന്‍ കോയ പി.പരമേശ്വരനെ ചികിത്സിക്കാന്‍ എത്തുക. അതിനെക്കുറിച്ച് ഉസ്മാന്‍ കോയയുടെ വാക്കുകള്‍ ഇങ്ങനെ: അടിയന്തരാവസ്ഥയ്ക്ക് എതിരായ മുന്നേറ്റത്തില്‍ നേരിട്ടു പങ്കെടുത്തിട്ടില്ലെങ്കിലും അതിനെതിരെ പ്രവര്‍ത്തിക്കുന്നവരോട് ബഹുമാനമായിരുന്നു. പി.പരമേശ്വരനെയാണ് ചികിത്സിക്കേണ്ടതെന്ന് ആദ്യം അറിയാമായിരുന്നില്ല. യുക്തിവാദിയായിരുന്ന ഉസ്മാന്‍കോയയും  പി.പരമേശ്വരനും ആശയപരമായി ഭിന്നധ്രുവങ്ങളിലായിരുന്നുവെങ്കിലും രാജ്യത്തിനുവേണ്ടി തുടിക്കുന്ന ഹൃദയംകൊണ്ട് അവര്‍ ഒന്നായിരുന്നു. വേണമെങ്കില്‍ പി.പരമേശ്വരനെ ഒറ്റാമായിരുന്നു. ബന്ധങ്ങള്‍ അചഞ്ചലമായ വിശ്വാസംകൊണ്ട് കൊണ്ട് വിളക്കിച്ചേര്‍ത്ത കാലഘട്ടമായിരുന്നു അന്ന്. ആ സത്യവിശ്വാസിക്ക് അറിയാമായിരുന്നു, രാജ്യനന്മയ്ക്കായുള്ള പോരാട്ടത്തിലാണ് ഈ മഹാനായ പുത്രനെന്നും അദ്ദേഹം പോറലേല്‍ക്കാതെ ജീവിക്കേണ്ടത് തന്റെകൂടി ആവശ്യമാണെന്നും. സുകുമാരന്റെ മക്കളെ അടിയന്തിരാവസ്ഥക്കാലത്ത് പൊലീസ് തല്ലിച്ചതച്ചപ്പോഴും ചികിത്സിച്ചത് മാനവസേവ മാധവസേവയായി കരുതുന്ന ഈ ഭിഷഗ്വരനായിരുന്നു.  

സംഘപഥത്തിലൂടെ...

കേരളത്തില്‍ ബിജെപിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘം രൂപികരിക്കാന്‍ കോഴിക്കോട്ട് ചേര്‍ന്ന യോഗത്തില്‍ പങ്കെടുത്ത ഒന്‍പതുപേരില്‍ ഒരാളായിരുന്നു ടി.സുകുമാരന്‍. എട്ടുപേര്‍ മരണപ്പെട്ടു. 1967-ല്‍ ജനസംഘത്തിന്റെ ആദ്യദേശീയ സമ്മേളനം കോഴിക്കോട്ട് ചേര്‍ന്നപ്പോള്‍ പ്രധാനസംഘാടകനായിരുന്നു സുകുമാരന്‍.  കോഴിക്കോട് നഗരം കണ്ട ഉജ്ജ്വലമായ ഘോഷയാത്രയായിരുന്നു അന്ന് സുകുമാരന്റെയും മറ്റും നേതൃത്വത്തില്‍ ഒരുക്കിയത്. പടിഞ്ഞാറ് അറബിക്കടലിന്റെ ഇരമ്പലുകള്‍, ആസേതുഹിമാചലം ഭാരതഭൂമിയില്‍നിന്ന് ഒഴുകിയെത്തിയ അസംഖ്യം ആളുകളുടെ ജയ് വിളിയില്‍ നഗരം മുങ്ങിപ്പോയി. ഗംഗയെ സുകുമാരന്‍ തെക്കോട്ട് ഒഴുക്കുകയായിരുന്നുവെന്നാണ് പ്രശസ്ത പത്രപ്രവര്‍ത്തകന്‍ പി. നാരായണന്‍ ഒാര്‍മിക്കുന്നത്. സുകുമാരന്‍ അണിയിച്ചൊരുക്കിയ ഘോഷയാത്രയ്ക്ക് ജനസംഘം ദേശീയനേതാവ്  റാംഭാവു ഗോഡ്‌ബോലെ വിളിച്ചത് ശോഭായാത്ര എന്നായിരുന്നു. ഘോഷംകൊണ്ടും ശോഭകൊണ്ടും അദ്വിതീയമായിരുന്നു അത്. ആ വിളിയില്‍നിന്നാണ് ബാലഗോകുലത്തിന്റെ ശ്രീകൃഷ്ണജയന്തി ഘോഷയാത്രയ്ക്ക് ശോഭായാത്ര എന്നു പേരുലഭിച്ചത്.  

ദേശീയ സമേമളന കാലത്ത് നഗരത്തില്‍ ചെറിയൊരിന്ത്യ രൂപപ്പെട്ടു. അവര്‍ അനുഭവങ്ങള്‍ പങ്കുവച്ചു. വിഭജനാനന്തര ഇന്ത്യയിലെ കഥകള്‍ അവരിലൂടെ സുകുമാരന്‍ അറിഞ്ഞു. കോണ്‍ഗ്രസും കമ്യൂണിസ്റ്റുകാരും കാണിച്ച ചതികള്‍ അയവിറക്കി. പിന്നെ വായനയും പഠനങ്ങളുമായിരുന്നു. സത്യങ്ങളെ വക്രീകരിച്ച് നുണക്കഥകള്‍ പുറത്തുവന്നു. യശ്പാലിന്റെ നിറംപിടിപ്പിച്ച നുണകള്‍ 'ജനയുഗം' ഖണ്ഡശഃ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു നോവല്‍ എഴുതണമെന്ന് സുകുമാരനും ആഗ്രഹിച്ചു. പിന്നെ അതിനായി പഠനങ്ങള്‍ നടത്തി. ഒട്ടേറെ പുസ്തകങ്ങള്‍ വായിച്ചു. അങ്ങനെയാണ് രസിക്കാത്ത സത്യങ്ങള്‍ പിറക്കുന്നത്. വാജ്‌പേയിയേയും അദ്വാനിയേയും മുഖ്യകഥാപാത്രമാക്കി എഴുതിയ ചരിത്ര നോവലായിരുന്നു രസിക്കാത്ത സത്യങ്ങള്‍. കേസരി വാരികയില്‍ അത് ഖണ്ഡശഃ പ്രസിദ്ധീകരിച്ചു. 'കേസരി' വാരികയുടെ പ്രചാരം കൂടി. ഒരു നോവല്‍ രണ്ടു തവണ  ഒരേ പ്രസിദ്ധീകരണത്തില്‍ വന്നതും രസിക്കാത്ത സത്യത്തിന്റെ അപൂര്‍വത. രണ്ടാമത് വന്നപ്പോള്‍ കൂടുതല്‍ അധ്യായങ്ങള്‍ എഴുതിച്ചേര്‍ത്തു. 

"ടി. സുകുമാരന്റെ കുടുംബം"
വര്‍ഷങ്ങള്‍ക്കു മുന്‍പ് രസിക്കാത്ത സത്യങ്ങള്‍ ഇംഗ്ലീഷിലേക്ക് തര്‍ജ്ജമചെയ്യാന്‍ തൃശൂര്‍ സ്വദേശി തയ്യാറായതാണ്. എന്നാല്‍ പാതിവഴിക്ക് അതു നിലച്ചു.  തൃശൂര്‍ പാവറട്ടി പുതുമനശേരി കണ്ടൂപ്പറമ്പ് കൃഷ്ണകൃപയില്‍ പി.ശ്രീവല്‍സന്‍ നായരാണ് അതിനു തയ്യാറായത്. വീണ്ടും അതിനുള്ള തയ്യാറെടുപ്പിലാണ് ഇദ്ദേഹം. ഉടന്‍തന്നെ അതിനുള്ള ശ്രമം ആരംഭിക്കുമെന്ന് ശ്രീവല്‍സന്‍ നായര്‍ പറഞ്ഞു. രസിക്കാത്ത സത്യങ്ങളുടെ ഇംഗ്ലീഷ് പതിപ്പ് പുറത്തിറങ്ങിയാല്‍ അത് ഒരുപക്ഷേ വായനയില്‍ ചരിത്രമാകും. മലയാളം പതിപ്പ് ഒൗട്ട് ദാഫ് പ്രിന്റ് ആണ്. പുതിയ പതിപ്പ് ഇറക്കാനുള്ള ശ്രമത്തിലാണ് സഹൃദയര്‍.

'കേസരി'യില്‍ കള്ളന്‍ കയറി

രസിക്കാത്ത സത്യങ്ങള്‍ക്കുശേഷം മലബാര്‍ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ 'ബലിമൃഗങ്ങള്‍' 'കേസരി'യില്‍ പ്രസിദ്ധീകരിക്കാന്‍ തുടങ്ങിയതോടെ ഭീഷണിയായി. നോവല്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഊമക്കത്തുകള്‍  'കേസരി'ക്കും സുകുമാരനും കിട്ടി. വധഭീഷണിവരെ നേരിട്ടു. ഒരുനാള്‍ കേസരിയില്‍ കള്ളന്‍ കയറി. കൊണ്ടുപോയത് ബലിമൃഗങ്ങള്‍ നോവല്‍പതിപ്പുകള്‍. നിലമ്പൂര്‍ കോവിലകത്തെ ടി.എന്‍ ഭരതന്റെ കൈപിടിച്ച് കലാപഭൂമി സന്ദര്‍ശിച്ച് അദ്ദേഹം അറിഞ്ഞ കാര്യങ്ങള്‍ പകര്‍ന്നു നല്‍കുകയായിരുന്നു വരികളിലൂടെ. കേരളത്തിലെ ആദ്യകാല സംഘപ്രചാരകരില്‍ ഒരാളായിരുന്നു ടി.എന്‍.ഭരതന്‍. കരളുറപ്പുള്ള ധീരകേസരി. അദ്ദേഹത്തിന്റെ മകനെ കൊലപ്പെടുത്തിക്കൊണ്ടായിരുന്നു സിപിഎം ഭരതന്റെ കരളുറപ്പിനെ വെല്ലാന്‍ ശ്രമിച്ചത്. പക്ഷെ 'ഭരതേട്ടന്‍' തളര്‍ന്നില്ല. വിഭജനാനന്തര ഭാരതത്തിലെ ക്രൂരത അറിഞ്ഞ ഭരതന്‍ അതില്‍നിന്ന് രാഷ്ട്രത്തെ മോചിപ്പിക്കാനുള്ള ശ്രമത്തിലായിരുന്നു. മകന്റെ വേര്‍പാട് ലക്ഷക്കണക്കിന് പിതാക്കളുടെ വേദനയില്‍ ഒന്നു മാത്രമാണെന്ന് ആശ്വസിച്ചു. 

ഹൈന്ദവസമൂഹത്തെ കൊന്നൊടുക്കിയ ഹൃദയഭൂമിയില്‍ നിന്ന് പറിച്ചെടുത്ത ഏടുകളായിരുന്നു 'ബലിമൃഗങ്ങള്‍.' അതിന്റെ ഏടുകളിലും രക്തം കിനിയുന്നുണ്ടായിരുന്നു. ഈ കാര്യം ലോകമറിഞ്ഞാല്‍ ചരിത്രം വളച്ചൊടിച്ചവരുടെ ചെകിട്ടത്തടികിട്ടും. കുറ്റബോധം കൊണ്ട് പലരുടേയും ഉറക്കം കെടും. അതിനാല്‍ 'ബലിമൃഗങ്ങള്‍' വെളിച്ചം കാണരുതെന്ന് ആരൊക്കെയൊ ആഗ്രഹിച്ചിരുന്നു. ഇതിന്റെ ഫലമായിരുന്നു 'കേസരി'യിലേക്കുള്ള കളളന്റെ പ്രവേശം. 

ചൈനീസ് ആക്രമണവുമായി ബന്ധപ്പെട്ട് എഴുതിയ ഹിമവാന്റെ മക്കള്‍, അടിയന്തരാവസ്ഥയിലെ അനുഭവങ്ങള്‍ പങ്കുവയ്ക്കുന്ന 'തളരാത്ത യാഗാശ്വങ്ങള്‍', പട്ടാളക്കാരന്റെ ജീവിതം പകര്‍ത്തിയ 'വയറിനു വേണ്ടി', ആത്മീയ നോവലായ 'ജന്മദുഃഖം' എന്നീ നോവലുകളും നിരവധി ചെറുകഥകളും പുറത്തിറക്കി.

സംഘസംഘമൊരേജപം

ആര്‍എസ്എസിനുവേണ്ടിയും സമാജത്തിനുവേണ്ടിയും ജീവിതം ഹോമിച്ച സുകുമാരനോട് ചോദിച്ചാല്‍ വര്‍ധിത വീര്യത്തോടെ മറുപടി പറയും ഇല്ല. തലമുറകളെ സംഘപാതയില്‍ എത്തിക്കാന്‍ കഴിഞ്ഞതിന്റെ ചാരിതാര്‍ഥ്യത്തിലാണ് എണ്‍പത്തി അഞ്ചിലും ഈ സംഘപുത്രന്‍. പക്ഷേ ഒരു വേദനയുണ്ട്. സമാജത്തിനുവേണ്ടി സ്വജീവിതം ഹോമിച്ചപ്പോള്‍ കുടുംബത്തെ മറന്നു. ഒാട്ടുകമ്പനിയില്‍ കൂലിത്തൊഴില്‍ ചെയ്തുകിട്ടുന്ന ഇത്തിരി വരുമാനത്തിലാണ് കുട്ടികളെ പഠിപ്പിച്ചു വലുതാക്കിയത്. ബിഎംഎസ് നേതാവുകൂടിയായിരുന്ന സുകുമാരനെ, ഒാട്ടുകമ്പനിയില്‍ സമരം നടന്നപ്പോള്‍ പതിനായിരങ്ങളുമായി മുതലാളി സമീപിച്ചതാണ് സമരത്തില്‍ നിന്നു പിന്‍വാങ്ങാന്‍. മൂത്തമകന്‍ ശ്യാമിന് നല്ല ജോലി വാഗ്ദാനം ചെയ്തതുമാണ്.

മറ്റ് തൊഴില്‍ സംഘടനാനേതാക്കള്‍ മുതലാളിയുടെ പണം പറ്റി സമരത്തില്‍നിന്ന് പിന്‍വാങ്ങിയപ്പോള്‍ സുകുമാരന്‍ ഉറച്ചുനിന്നു. അതിനുള്ള പ്രതികാരമായി തീപ്പെട്ടിക്കമ്പനിയിലേക്ക് സുകുമാരനെ മാറ്റി. കഷ്ടപ്പാടിന്റെ ഇന്നലെകള്‍ അയവിറക്കുമ്പോള്‍ കൊടിയ വേദനയുടെ തീച്ചുളയിലൂടെ കടന്നുവന്ന സുകുമാരന്‍ തേങ്ങിപ്പോയി. രസിക്കാത്ത സത്യത്തില്‍ അശുതോഷ് എന്ന കഥാപാത്രത്തിലൂടെ ഈ കാര്യം അനാവരണം ചെയ്യുന്നുണ്ട്. പഞ്ചസാരമില്ലില്‍ ഉദ്യോഗം ലഭിച്ച അശുതോഷ് തൊഴില്‍സമരം വന്നപ്പോള്‍ തൊഴിലാളികള്‍ക്ക് ഒപ്പം നിന്നു. അശുതോഷിന്റെ ഒരു വാക്കില്‍ സമരം ഒത്തുതീര്‍പ്പാക്കാമായിരുന്നു. പക്ഷെ തൊഴിലാളിക്ക് കിട്ടേണ്ട ആനുകൂല്യം ലഭിക്കാന്‍ ഉദ്യോഗം പോലും വലിച്ചെറിയാന്‍ അശുതോഷ് തയ്യാറാവുകയായിരുന്നു. 

പക്ഷേ സുകുമാരന്റെ പില്‍ക്കാല ജീവിതം കഷ്ടപ്പാടു നിറഞ്ഞതായിരുന്നു. കിടപ്പാടം വിറ്റ് കുട്ടികളുടെ വിവാഹം നടത്തി. ജീവിതാവസാനത്തില്‍ കയറിക്കിടക്കാന്‍ സ്വന്തമായി ഒരു വീടില്ലാതെ വിഷമിക്കുകയാണ് സുകുമാരന്‍. ചെറുവണ്ണൂരിലെ വാടക വീട്ടിലെ ചാരുകസേലയില്‍ ഇരുന്ന് ഇന്നലെകള്‍ അയവിറക്കുമ്പോള്‍ കണ്ണുകള്‍ നിറയുന്നുണ്ടായിരുന്നു.  

അടല്‍ ബിഹാരി വാജ്പേയ്, എല്‍.കെ. അദ്വാനി, പി. പരമേശ്വരന്‍ തുടങ്ങി അക്കാലത്തെ നേതാക്കളുമായി അടുത്ത ബന്ധം പുലര്‍ത്തിയിരുന്ന സുകുമാരന്‍ അവരില്‍ ഒരാളായ കുമ്മനം രാജശേഖരന്‍ മിസോറാം ഗവര്‍ണര്‍ ആയതില്‍ ഏറെ സന്തോഷിക്കുന്നുണ്ട്. എന്നാലും കുറച്ചു കാലംകൂടി കുമ്മനം ഇവിടെ വേണമായിരുന്നുവെന്ന് ആഗ്രഹിക്കുന്നവരില്‍ ഒരാളാണ്. തന്നെപ്പോലെ മുന്‍കാല പ്രവര്‍ത്തകരുടെ പ്രശ്നങ്ങള്‍ക്ക്  പരിഹാരം കാണാന്‍ എന്നും അദ്ദേഹം മുന്‍പന്തിയിലുണ്ടായിരുന്നു.

വേണം ഒരു കിടപ്പാടം

ഗോവ സമരത്തിലെ മുന്നണിപ്പോരാളിയായിരുന്നു സുകുമാരന്‍. സ്വാതന്ത്ര്യസമര പെന്‍ഷന് അര്‍ഹതയുണ്ടായിട്ടും കോണ്‍ഗ്രസ് സര്‍ക്കാര്‍ അത് നല്‍കിയില്ല. ഒടുവില്‍ നരേന്ദ്രമോദി അധികാരത്തില്‍ എത്തിയപ്പോഴാണ് സ്വാതന്ത്ര്യസമര പെന്‍ഷന്‍ കിട്ടിത്തുടങ്ങിയത്. നാലു പതിറ്റാണ്ടിലേറെ കാലത്തെ പെന്‍ഷന്‍ കുടിശ്ശിക കിട്ടാനുണ്ട്. അതിനായി കേസ് നടത്തുകയാണ്. ആ പണം കിട്ടിയാല്‍ സ്വന്തമായി ഒരു വീട് നിര്‍മിക്കാനാകുമെന്നപ്രതീക്ഷയിലാണ് ഈ രാജ്യപുത്രന്‍. പക്ഷേ അതിനിനി എത്രകാലം കാത്തിരിക്കണം? 

രസിക്കാത്ത സത്യങ്ങള്‍

വിഭജനാനന്തര ഭാരതത്തിന്റെ പശ്ചാത്തലത്തില്‍ എഴുതിയ നോവല്‍. അശുതോഷ്, നിരഞ്ജന്‍, അപൂര്‍ണ, ഫസലുള്ളഖാന്‍, നസ്രത്തുള്ള, ചന്ദ്രാറോയ്, മാലിനി തുടങ്ങിയ കഥാപാത്രങ്ങളാല്‍ സമ്പന്നമായ നോവല്‍ അനിതരസാധാരണവും അസാമാന്യകരുത്തുമുള്ളതാണെന്ന് നിസ്സംശയം പറയാം. അശുതോഷിന്റെ സഹോദരി അപര്‍ണയും അപര്‍ണയുടെ കാമുകന്‍ നിരഞ്ജനുമെല്ലാം ധാക്കയിലെ കലാപത്തില്‍ വേര്‍പെടുന്നു. ഒരു ഭാഗത്ത് എല്ലാം നഷ്ടപ്പെട്ട ജനത. മറുവശത്ത് എല്ലാം വെട്ടിപ്പിടിക്കാന്‍ വെമ്പല്‍ കൊളളുന്ന അധികാരി വര്‍ഗം. മഹാത്മജിയും നെഹ്റുവും ജിന്നയും പട്ടേലും ഗോഡ്സെ, നാരായണ്‍ ആപ്തെ, ഗോപാല്‍ ഗോഡ്സെ തുടങ്ങിയവരെല്ലാം നോവലില്‍ നിറയുന്നു. ഗാന്ധിജിയെ വധിക്കേണ്ടത് ആരുടെയൊക്കെയോ ആവശ്യമായിരുന്നുവെന്ന് നോവല്‍ വ്യക്തമാക്കുന്നുണ്ട്. ആദ്യവസാനം മുള്‍മുനയില്‍ നിര്‍ത്തുന്ന അവതരണശൈലിയാണ് നോവലില്‍. ഇന്നും വിഭജനാനന്തര ഭാരതത്തിലെ സാമൂഹികസാഹചര്യത്തില്‍ നിന്നും നാം ഒട്ടും മാറിയിട്ടില്ലെന്ന് വ്യക്തമാക്കുന്ന രാഷ്ട്രീയ, ചരിത്രനോവലാണ് രസിക്കാത്ത സത്യങ്ങള്‍.

krsijukaruthedath@gmail.com

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.