വില്ലേജ്തലത്തില്‍ ജനകീയ സമിതികള്‍

Saturday 4 August 2018 4:26 pm IST

 

കണ്ണൂര്‍: കണ്ണൂര്‍ താലൂക്കിലെ മുഴുവന്‍ വില്ലേജ് ഓഫീസുകളും ജനസൗഹൃദമാക്കുന്നതിന്റെ ഭാഗമായി വില്ലേജ്തല ജനകീയ സമിതികള്‍ക്കു രൂപം നല്‍കി. ഓഫീസ് പ്രവര്‍ത്തനം കാര്യക്ഷമവും അഴിമതി രഹിതവുമാക്കുന്നതിനൊപ്പം ഭൗതിക സാഹചര്യങ്ങള്‍ മെച്ചപ്പെടുത്താന്‍ കൂടി ലക്ഷ്യമിട്ടാണിത്. 2008ലെ 3905 നമ്പര്‍ സര്‍ക്കാര്‍ ഉത്തരവ് പ്രകാരം ഇത്തരം ജനകീയ സമിതികള്‍ രൂപീകരിക്കാന്‍ നിര്‍ദ്ദേശമുണ്ടെങ്കിലും അത് കാര്യക്ഷമമായി നടപ്പിലായിരുന്നില്ല. കണ്ണൂര്‍ താലൂക്കിലെ മുഴുവന്‍ വില്ലേജുകളിലും ജനകീയ സമിതിയുടെ ആദ്യ യോഗം ഇതിനകം ചേര്‍ന്നതായും അതുണ്ടാക്കിയ ഗുണപരമായ മാറ്റങ്ങള്‍ വലുതാണെന്നും തഹസില്‍ദാര്‍ വി.എം സജീവന്‍ പറഞ്ഞു. ഭൂസംരക്ഷണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് ജനകീയമായി പരിഹാരം കാണുകയെന്ന ലക്ഷ്യത്തോടെയാണ് വില്ലേജ് തല സമിതികള്‍ രൂപീകരിക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരുന്നത്. 

വില്ലേജ് ഓഫീസര്‍ കണ്‍വീനറും ത്രിതല പഞ്ചായത്ത് അംഗങ്ങള്‍, എംപി-എംഎല്‍എമാരുടെ പ്രതിനിധികള്‍, നിയമസഭയില്‍ പ്രാതിനിധ്യമുള്ള പാര്‍ട്ടികളുടെ പ്രതിനിധികള്‍ എന്നിവര്‍ അംഗങ്ങളുമായാണ് ജനകീയ സമിതി രൂപീകരിച്ചിരിക്കുന്നത്. ഓരോ മാസവും മൂന്നാമത്തെ ശനിയാഴ്ച സമിതി യോഗം ചേരും. വില്ലേജ് ഓഫീസിന്റെയും ജീവനക്കാരുടെയും പ്രവര്‍ത്തനങ്ങള്‍, വില്ലേജിന്റെ പൊതുവായ പ്രശ്‌നങ്ങള്‍ തുടങ്ങിയവ യോഗം വിലയിരുത്തും. ഇതോടൊപ്പം ഓഫീസുമായി ബന്ധപ്പെട്ട് ലഭിച്ച പരാതികളും ചര്‍ച്ച ചെയ്യും. ഇതിനായി എല്ലാ വില്ലേജ് ഓഫീസുകളിലും പരാതിപ്പെട്ടി സ്ഥാപിച്ചിട്ടുണ്ടെന്നും തഹസില്‍ദാര്‍ പറഞ്ഞു. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.