തലശ്ശേരി ആശുപത്രിയിലെ രോഗികളോട് കാട്ടിയത് ക്രൂരത: ബിജെപി

Saturday 4 August 2018 4:30 pm IST

 

തലശ്ശേരി: ശസ്ത്രക്രിയക്ക് തയ്യാറായ രോഗികളോട് തലശ്ശേരി ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ കൊടും ക്രൂരതയാണ് കാണിച്ചതെന്ന് ബിജെപി തലശ്ശേരി നിയോജക മണ്ഡലം കമ്മറ്റി ആരോപിച്ചു. കഴിഞ്ഞ ദിവസം തലശ്ശേരി ജനറല്‍ ആശുപത്രിയിലെ അനസ്‌തേഷ്യ ഡോക്ടറുടെ അനാസ്ഥമൂലം നിരവധി രോഗികളുടെ ശസ്ത്രക്രിയകള്‍ മാറ്റിവെക്കേണ്ടിവന്നിരുന്നു. തലേദിവസം മുതല്‍ ശസ്ത്രക്രിയക്ക് തയ്യാറായി ആഹാരം കഴിക്കാതെ ഉച്ചവരെ കാത്തുനിന്ന രോഗികളുടെ ശസ്ത്രക്രിയകളാണ് മാറ്റിവെച്ചത്.

ആശുപത്രിയില്‍ മൂന്ന് ഡോക്ടര്‍മാര്‍ ഡ്യൂട്ടിയിലുണ്ടായിട്ടും ഇത്രയും ഗൗരവതരമായ സംഭവത്തില്‍ നടപടിയുണ്ടായില്ല. ബന്ധപ്പെട്ടവര്‍ നടപടി സ്വീകരിച്ചിരുന്നുവെങ്കില്‍ ഒരു അനസ്‌തേഷ്യ ഡോക്ടറുടെ സേവനം ലഭ്യമാക്കാന്‍ സാധിക്കുമായിരുന്നു. എന്നാല്‍ ഡോക്ടര്‍മാര്‍ നിരുത്തരവാദപരമായിപെരമാറുകയും വളരെ ലാഘവത്തോടെ ഓപ്പറേഷന്‍ മാറ്റിവെച്ചതായി രോഗികളെ അറിയിക്കുകയുമാണ് ചെയ്തത്. ഡോക്ടര്‍മാരുടെ നിരുത്തരവാദപരമായ നടപടിയില്‍ ബിജെപി തലശ്ശേരി മുനിസിപ്പല്‍ കമ്മറ്റി ശക്തമായി പ്രതിഷേധിച്ചു. 

ഡോക്ടര്‍മാരുടെ സമീപനം തലശ്ശേരിയിലെ സ്വകാര്യ ആശുപത്രികളെ സഹായിക്കാനുള്ള നീക്കമാണെന്നും ജനങ്ങളുടെ ആശുപത്രിയെ തകര്‍ക്കാനുള്ള ഏത് ശ്രമത്തെയും ശക്തമായി ബഹുജന പങ്കാളിത്തത്തോടെ എതിര്‍ത്ത് പരാജയപ്പെടുത്തുവാന്‍ ജനാധിപത്യ വിശ്വാസികളെ അണിനിരത്തുമെന്നും യോഗം തീരുമാനിച്ചു. യോഗത്തില്‍ കെ.ഹരിദാസന്റെ അധ്യക്ഷത വഹിച്ചു. എം.പി.സുമേഷ്, എന്‍.ഹരിദാസ്, കെ.അജേഷ്, കെ.ലിജേഷ് തുടങ്ങിയവര്‍ സംസാരിച്ചു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.