ജില്ലാ ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്കില്‍ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു

Saturday 4 August 2018 4:31 pm IST

 

കണ്ണൂര്‍: ജില്ലാ ആശുപത്രിയിലെ 'അമ്മയും കുഞ്ഞും' ബ്ലോക്കില്‍ താല്‍ക്കാലികമായി ഒരുക്കിയ കുട്ടികളുടെ വാര്‍ഡ് പ്രവര്‍ത്തനം ആരംഭിച്ചു. വ്യാഴാഴ്ചയാണ് വാര്‍ഡിലേക്ക് രോഗികളെ പ്രവേശിപ്പിച്ചു തുടങ്ങിയത്. ആധുനിക സൗകര്യങ്ങളാണ് വാര്‍ഡില്‍ ഒരുക്കിയിരിക്കുന്നത്. ശീതീകരിച്ച വാര്‍ഡില്‍ ഒരേസമയം ഇരുപതോളം രോഗികള്‍ക്ക് കിടക്കാം. 12 വയസില്‍ താഴെയുള്ള കുട്ടികളെയാണ് വാര്‍ഡില്‍ പ്രവേശിപ്പിക്കുക. അമ്മയും കുഞ്ഞും ബ്ലോക്കിന്റെ രണ്ടാം നിലയിലാണ് വാര്‍ഡ്. 

കഴിഞ്ഞ ജൂണ്‍ മൂന്നിനായിരുന്നു ബ്ലോക്ക് ഉദ്ഘാടനം ചെയ്തത്. ജില്ലാ പഞ്ചായത്തിന്റെ 2.25 കോടി രൂപ ചെലവഴിച്ച് കണ്ണൂര്‍ നിര്‍മ്മിതി കേന്ദ്രയാണ് അമ്മയും കുഞ്ഞും ബ്ലോക്ക് നവീകരിച്ചത്. അത്യാധുനിക സൗകര്യങ്ങളാണ് ഇവിടെയുള്ളത്. കെട്ടിടത്തിന്റെ ഒന്നാം നിലയില്‍ പ്രസവാനന്തരം സ്ത്രീകളെ കിടത്തുന്ന വാര്‍ഡാണ് സജ്ജീകരിച്ചത്. ഒരേസമയം 50 പേര്‍ക്ക് കിടക്കാവുന്ന ഈ വാര്‍ഡ് കഴിഞ്ഞയാഴ്ചയാണ് പ്രവര്‍ത്തനം ആരംഭിച്ചത്. ആധുനിക തരത്തിലുള്ള കട്ടിലുകളും ഓരോ കട്ടിലിനോടും ചേര്‍ന്ന് ഭക്ഷണം കഴിക്കാനുള്ള മേശയും രോഗികളുടെ സാധനങ്ങള്‍ സൂക്ഷിക്കാനുള്ള ലോക്കറും ഉണ്ട്. 

അമ്മയും കുഞ്ഞും ബ്ലോക്കിന്റെ ഏറ്റവും താഴെയുള്ള നിലയില്‍ ഒപി ഉള്‍പ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്. ശിശുരോഗ ഒപി, ഗര്‍ഭിണികള്‍ക്കും സ്ത്രീ രോഗങ്ങള്‍ക്കുമുള്ള ഒപി, അര്‍ബുദം നേരത്തേ കണ്ടെത്താനുള്ള പരിശോധന, സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമുള്ള പ്രതിരോധ കുത്തിവെപ്പുകള്‍, നിരീക്ഷണ മുറി, മുലയൂട്ടല്‍ മുറി, കുടുംബാസൂത്രണം എന്നിവയാണ് ഇവിടെയുള്ളത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.