ഓരം ചേര്‍ന്നു നടന്നതിന്റെ ഓര്‍മകള്‍

Sunday 5 August 2018 2:30 am IST
ഇരുനൂറില്‍പ്പരം പുസ്തകങ്ങള്‍ തയ്യാറാക്കിയ ബാലന്‍, തുടക്കത്തില്‍ ഭാഗികമായും ഏതാനും ദശകങ്ങളായി തികച്ചും അന്ധനാണെന്നറിയുമ്പോള്‍ നാം വിസ്മയഭരിതരാകും. വര്‍ഷങ്ങളോളം വിശ്വഹിന്ദുപരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും പൂര്‍ണസമയ പ്രവര്‍ത്തകനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു.

ജൂലായ് പതിനാലിന് കോഴിക്കോട് ചിന്മയാഞ്ജലി മണ്ഡപത്തില്‍ ബാലഗോകുലത്തിന്റെയും മറ്റനേകം നിസര്‍ഗ്ഗ പ്രവര്‍ത്തനങ്ങളുടെയും പ്രണേതാവായ എം.എ. കൃഷ്ണന്‍ എന്ന എം.എ. സാറിന്റെ നവതി പ്രമാണിച്ച് നടത്തപ്പെട്ട അനുഭവൈകവേദ്യമായ സ്മരണകളുണര്‍ത്തിയ മഹാസദസ്സില്‍ ഭാഗമാക്കാകാനും, ഒന്‍പത് ആദരണീയ വ്യക്തിത്വങ്ങളില്‍ ഒരാളായിത്തീരാനും ലഭിച്ച അവസരം ഓര്‍ക്കുകയാണ്. 'ഓരം ചേര്‍ന്നു നടന്ന' എംഎ സാറിന്റെ ഓരം ചേര്‍ന്ന് ഏതാണ്ട് ഏഴ് പതിറ്റാണ്ട് നടക്കാന്‍ ഭാഗ്യം സിദ്ധിച്ചയാളാണ് ഞാന്‍. 1951 മുതല്‍ ഇക്കാലമത്രയും അദ്ദേഹത്തെ അടുത്തും അകലെയുംനിന്ന് അറിയാന്‍ ലഭിച്ച അവസരം ഇന്നു മറ്റാര്‍ക്കെങ്കിലും ഉണ്ടെങ്കില്‍ അതു പരമേശ്വര്‍ജിക്കു മാത്രമാവും. അതുകൊണ്ടുകൂടി ആ പവിത്രനിമിഷങ്ങളില്‍ കോഴിക്കോട്ട് ഉണ്ടായ അനുഭൂതി വിവരിക്കാനാവാത്തതാണ്.

എന്നാല്‍ ഇത്തവണത്തെ കോഴിക്കോട് യാത്രയില്‍ ലഭിച്ച സമയം കുറവായിരുന്നെങ്കിലും ചില പഴയ സഹപ്രവര്‍ത്തകരെയും സുഹൃത്തുക്കളെയും കാണാനും അവരുമായി ഏതാനും ആത്മീയ നിമിഷങ്ങള്‍ പങ്കുവയ്ക്കാനും അവസരം ലഭിച്ചു. അവരില്‍ ഒരാള്‍ സിദ്ധാര്‍ത്ഥന്‍ എന്ന സ്വയംസേവകനാണ്. 'ജന്മഭൂമി' സായാഹ്‌നപ്പതിപ്പായി കോഴിക്കോട്ടുനിന്ന് പ്രസിദ്ധീകരിച്ചുതുടങ്ങിയപ്പോള്‍ അതിന്റെ അച്ചടി നടന്നത് നവഭാരത് പ്രസ്സിലും, ഓഫീസ് പ്രവര്‍ത്തിച്ചത് പാളയം റോഡിലെ ജനസംഘ കാര്യാലയത്തിന്റെ ഒരു മേശമേലുമായിരുന്നു. പത്രാധിപര്‍ പി.വി.കെ. നെടുങ്ങാടിക്ക് ഒരു മേശയും കസേരയും, അതിന്റെ മറുവശത്ത് ഒരു സ്റ്റൂള്‍ സഹപത്രാധിപര്‍ കക്കട്ടില്‍ രാമചന്ദ്രനും ഉപയോഗിക്കാനായി കേസരി രാഘവേട്ടന്‍ അനുവദിച്ചു. അവിടെ പ്രസ്സില്‍നിന്ന് മൂന്നുമണിക്കു മുമ്പായി പത്രം അച്ചടിച്ചുകിട്ടിയാല്‍ അതു സൈക്കിള്‍ കാരിയറില്‍ വച്ചുകെട്ടി, കമ്മത്ത് ലെയിന്‍ എന്ന ഇടുങ്ങിയ ഇടവഴിയിലൂടെ 'ആഫീസി'ലെത്തിക്കുന്ന സര്‍ക്കസ് അഭ്യാസം നടത്തിവന്നത് സിദ്ധാര്‍ത്ഥനായിരുന്നു. 

മുപ്പതോ മുപ്പത്തഞ്ചോ ഏജന്‍സികള്‍ക്കത് എണ്ണി പാക്ക് ചെയ്ത് വിലാസമെഴുതി ബസ്‌സ്റ്റാന്റില്‍ കൊണ്ടുപോയി, അവിടത്തെ 'കിളി'മാരെ ഏല്‍പ്പിക്കുക മാത്രമല്ല, സ്റ്റാന്റിലെ വില്‍പനകൂടി അദ്ദേഹം നിര്‍വ്വഹിച്ചുവന്നു. കണ്ണൂര്‍ മുതല്‍ പാലക്കാട് വരെ തീവണ്ടിയില്‍ കെട്ടുകളയയ്ക്കുന്ന ജോലി ഒരു റെയില്‍വേ ജീവനക്കാരന്റെ മകന്‍ നടരാജന്‍ നിര്‍വ്വഹിച്ചു. അടിയന്തരാവസ്ഥയ്ക്കുശേഷം 'ജന്മഭൂമി' പ്രഭാതപ്പതിപ്പായി തുടങ്ങിയപ്പോള്‍ ഏതാനും നാള്‍ നടരാജന്‍ ഉണ്ടായിരുന്നു. പിന്നീട് റെയില്‍വേയില്‍ ചില തല്‍ക്കാല ജോലികളുമായി സ്വന്തം സ്ഥലമായ കടലുണ്ടിയില്‍ കഴിഞ്ഞു. കാസര്‍കോടിനടുത്തു റെയില്‍പാലത്തിന്മേലെ നടന്നുപോകുമ്പോള്‍ വണ്ടി വരികയും മാറാന്‍ കഴിയാതെ മരണം സംഭവിക്കുകയും ചെയ്തു. 'അണ്‍സങ് സോള്‍ജിയര്‍' എന്ന് ഇംഗ്ലീഷില്‍ പറയപ്പെടുന്നവരുടെ കൂട്ടത്തില്‍ നടരാജനെപ്പെടുത്താം.

സിദ്ധാര്‍ത്ഥന്‍ 'ജന്മഭൂമി'യില്‍ അടിയന്തരാവസ്ഥയോടെ പ്രസിദ്ധീകരണം നിന്ന സന്ധ്യവരെ ഉണ്ടായിരുന്നു. 1975 ജൂലൈ രണ്ടിന്റെ പത്രം അതതു സ്ഥലങ്ങളിലേക്കയച്ച് യാത്ര പറഞ്ഞു പിരിഞ്ഞശേഷം പിന്നെയും വളരെക്കഴിഞ്ഞാണ് ഞാന്‍ ഇറങ്ങിയത്. അര്‍ധരാത്രിയില്‍ പോലീസിന്റെ പിടിയില്‍പ്പെട്ടു; കേസും വിചാരണയുമായി. അവധിക്കായി കോടതിയിലെത്തിയപ്പോള്‍ സിദ്ധാര്‍ത്ഥനും മറ്റു സഹപ്രവര്‍ത്തകര്‍ക്കൊപ്പം ഹാജരുണ്ടായിരുന്നു.

പിന്നീട് ഇക്കാലമത്രയും അദ്ദേഹത്തെ കണ്ടിട്ടില്ല. രണ്ടു വര്‍ഷം മുന്‍പ് കോഴിക്കോട്ട് പ്രാന്തീയ ബൈഠക്കില്‍ പങ്കെടുക്കവേ അവിടെ പുറത്തുവച്ചു കണ്ടിരുന്നു. ഇത്തവണ 'ജന്മഭൂമി'യിലോ 'ജനം' ടിവിയിലോ വാര്‍ത്ത കണ്ട് ഫോണില്‍ വിളിച്ചറിയിച്ചാണ് കാണാന്‍ അവസരമുണ്ടായത്. സിദ്ധാര്‍ത്ഥനും, 1975 സംഘശിക്ഷാവര്‍ഗില്‍ ഒരുമിച്ചുണ്ടായിരുന്ന വി.കെ. ചന്ദ്രനും ഒരുമിച്ചു പിറ്റേന്ന് ഞങ്ങള്‍ നാട്ടിലേക്കു മടങ്ങുംവഴി ബൈപ്പാസിലെ പന്തീരാങ്കാവ് ജങ്ഷനില്‍ കാത്തുനിന്ന് കണ്ടു. സംഘവും സ്വയംസേവകത്വവും മനസ്സുകളെ ബന്ധിപ്പിക്കുന്ന കെട്ടുപാടിലെ ഉറപ്പിന്റെ വിശദീകരിക്കാനാവാത്ത 'ഒരിത്' അനുഭവിക്കാനുള്ള അവസരമായി അത്.

ചിന്മയാഞ്ജലിയിലെ വേദിയില്‍ പരിചയം പുതുക്കാനെത്തിയ മറ്റൊരാള്‍ പ്രസിദ്ധ ക്ഷേത്രചരിത്രരചയിതാവായ ബാലന്‍ പൂതേരിയായിരുന്നു. അടിയന്തരാവസ്ഥയ്ക്കു മുന്‍പ്, തിരൂരും ചെനയ്ക്കലങ്ങാടി എന്ന സ്ഥലത്തും മറ്റുമാണ് അദ്ദേഹവുമായി പരിചയപ്പെട്ടതെന്നാണ് ഓര്‍മ. അടിയന്തരാവസ്ഥയ്ക്കുശേഷം 'ജന്മഭൂമി'യുടെ ചുമതലയുമായി കഴിഞ്ഞിരുന്ന കാലത്തും അല്‍പാല്‍പമായുണ്ടായ യാത്രാവേളകളിലും കാണാനും, അദ്ദേഹത്തിന്റെ ക്ഷേത്രമാഹാത്മ്യ ചരിത്രങ്ങള്‍ ലഭിക്കാനും അവസരമുണ്ടായി. സാധാരണ ഹിന്ദുവിന് ധര്‍മാനുഷ്ഠാനങ്ങളോടെ ജീവിതം നയിക്കാനാവശ്യമായ കാര്യങ്ങള്‍ സങ്കീര്‍ണമായ തത്ത്വചിന്തകളുടെ അകമ്പടിയില്ലാതെ ലളിതമായി വിശദീകരിക്കുന്ന പുസ്തകങ്ങളാണേറെ. സനാതനധര്‍മപരിചയം, സ്‌തോത്രങ്ങളും കീര്‍ത്തനങ്ങളും, പുരാണങ്ങള്‍, ഐതിഹ്യങ്ങള്‍, ക്ഷേത്രമാഹാത്മ്യങ്ങള്‍ എന്നിങ്ങനെ ഇരുനൂറിലേറെ ഗ്രന്ഥങ്ങള്‍ നമ്മുടെ ഭക്തിസാഹിത്യത്തിന് അദ്ദേഹത്തിന്റെ സംഭാവനയായുണ്ട്. അതിനുപുറമെ ഒട്ടേറെ മഹദ്‌വ്യക്തികളുടെ- വിപ്ലവകാരികളും ധാര്‍മിക വ്യക്തികളും, രാഷ്ട്രീയ ചിന്തകരും കായിക, സ്‌പോര്‍ട്‌സ് പ്രതിഭകളും അടക്കം- ലഘുജീവചരിത്രങ്ങളും എഴുതിയിട്ടുണ്ട്.

ഇരുനൂറില്‍പ്പരം പുസ്തകങ്ങള്‍ തയ്യാറാക്കിയ ബാലന്‍, തുടക്കത്തില്‍ ഭാഗികമായും ഏതാനും ദശകങ്ങളായി തികച്ചും അന്ധനാണെന്നറിയുമ്പോള്‍ നാം  വിസ്മയഭരിതരാകും. വര്‍ഷങ്ങളോളം വിശ്വഹിന്ദുപരിഷത്തിന്റെയും ഹിന്ദു ഐക്യവേദിയുടെയും പൂര്‍ണസമയ പ്രവര്‍ത്തകനായും അദ്ദേഹം സേവനമനുഷ്ഠിക്കുന്നു. ബലിദാനി രാമസിംഹന്റെ കഥ പ്രസിദ്ധീകരിച്ചപ്പോള്‍ ഒരു കോപ്പി എനിക്കെത്തിച്ചിരുന്നു.  ഓരോരോ ക്ഷേത്രങ്ങളില്‍ പോകുമ്പോള്‍ അവിടത്തെ സ്റ്റാളുകളില്‍ ബാലന്‍ പൂതേരിയുടെ പുസ്തകങ്ങള്‍ കാണുമ്പോള്‍ എന്തെന്നില്ലാത്ത ആഹ്‌ളാദം തോന്നിയിരുന്നു. ധാര്‍മിക പുസ്തകങ്ങളുടെ വിപണനത്തിന് വളരെ പ്രാധാന്യം നല്‍കി നൂതനരീതികള്‍ ആവിഷ്‌കരിച്ച തൊടുപുഴയിലെ ശങ്കര്‍ജി എന്നറിയപ്പെട്ടിരുന്ന മുതിര്‍ന്ന സ്വയംേസവകന്‍, കേരളത്തിലെ മിക്ക പ്രസിദ്ധീകരണശാലക്കാരുടെയും പുസ്തകങ്ങള്‍ തന്റെ തനത് വിപണനരീതിയില്‍ ഉള്‍പ്പെടുത്തിയിരുന്നു. കൊട്ടിയൂര്‍ മുതല്‍ ആറ്റുകാല്‍ വരെയുള്ള പ്രധാന ക്ഷേത്രോത്‌സവങ്ങളിലൊക്കെ ശങ്കര്‍ജിയുടെ സ്റ്റാളുകള്‍ പ്രവര്‍ത്തിച്ചിരുന്നു. ശങ്കര്‍ജിയുടെ അഭിപ്രായത്തില്‍ അതിവേഗം വില്‍ക്കപ്പെടുന്നവയാണ് ബാലന്‍ പൂതേരിയുടെ ഭക്തിസാഹിത്യകൃതികള്‍. ഹൈന്ദവഭക്തി, ധര്‍മ്മ ഗ്രന്ഥങ്ങള്‍ അച്ചടിച്ച് വില്‍പ്പനയ്‌ക്കെത്തുന്നതില്‍ ക്രിസ്ത്യന്‍ പ്രസിദ്ധീകരണശാലകള്‍ കൂടുതല്‍ കച്ചവടതന്ത്രം പ്രദര്‍ശിപ്പിക്കുന്നതായും ശങ്കര്‍ജി പറയുമായിരുന്നു.

പൂതേരിയെക്കുറിച്ച് വളരെ നാളുകളായി ഒരു വിവരവും അറിയാതെയിരിക്കെയാണ് ശങ്കര്‍ജി ഇക്കാര്യം പറഞ്ഞത്. അതിനിടെ തൃപ്പൂണിത്തുറയില്‍ എന്റെ മകന്‍ മനുവിനൊപ്പം ഒന്നുരണ്ടു നാള്‍ കഴിയുന്നതിനിടെ (ആറു വര്‍ഷം മുമ്പ്) മുന്‍പ്രചാരകനും 1960-കളില്‍ തലശ്ശേരിയിലെ തലായി ശാഖാ സ്വയംസേവകനും, മത്‌സ്യപ്രവര്‍ത്തക സംഘം സംസ്ഥാന സംഘടനാ കാര്യദര്‍ശിയുമൊക്കെയായിരുന്ന വി.പി. ദാസനെ കാണാനിടയായി. അഭിഭാഷകനും സംഘചാലകനുമായ മങ്കട വിജയനെ കാണാന്‍ വന്നതായിരുന്നു. ദാസനുമായി പല വിഷയങ്ങളും സംസാരിക്കുന്നതിനിടെ താനിപ്പോള്‍ ബാലന്‍ പൂതേരിയുടെ സഹായിയായി, അദ്ദേഹത്തോടൊപ്പമാണെന്നും മറ്റുമുള്ള ഒട്ടേറെ വിവരങ്ങള്‍ അറിയിച്ചു. ബാലന് പൂര്‍ണമായും കാഴ്ചയില്ലാതായ വിവരം ദാസന്‍ പറഞ്ഞാണറിഞ്ഞത്. അദ്ദേഹത്തിനില്ലാത്ത പുറംകാഴ്ച, അകംകാഴ്ചയുടെ വെളിച്ചംകൊണ്ട് പരിഹരിക്കപ്പെട്ടുവെന്നത് ഈശ്വരാനുഗ്രഹംതന്നെയാണ്. അകക്കണ്ണും ആ അനുഗ്രഹം സിദ്ധിച്ച മനസ്സും അദ്ദേഹത്തിന് പരശ്ശതം ആളുകളിലൂടെ കണ്ണും കയ്യും നല്‍കുന്നുവെന്നു ചുരുക്കം.

ബാലന്റെ ഭവനത്തോടനുബന്ധിച്ച് നടക്കുന്ന ശ്രീകൃഷ്ണസേവാശ്രമം ദൈവികാന്തരീക്ഷത്തില്‍ ശാരീരിക മാനസിക ബുദ്ധിമുട്ടുകളനുഭവിക്കുന്നവര്‍ക്കും അശരണര്‍ക്കും ആവാസവും ആത്മീയ ചൈതന്യവും പ്രദാനംചെയ്യുന്ന സ്ഥാപനമാണ്.

കാഴ്ചയില്ലാത്ത വേദ് മെഹ്ത്തയുടെ ജീവിതം പരേതനായ വി.എം. കൊറാത്ത് മലയാളത്തില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അദ്ദേഹത്തെപ്പോലെയും, ഹെലന്‍ കെല്ലറെപ്പോലെയും ആഗോളപ്രശസ്തി നേടാന്‍ ബാലന് സാധിക്കുമോ? 'സക്ഷമ' പോലുള്ള സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്‍ അദ്ദേഹത്തിന്റെ ഭാഗഭാഗിത്വം ഉണ്ടോ എന്നറിയില്ല.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.