ശബരിമലയില്‍ സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം: നടപടി സ്വീകരിച്ച് ദേവസ്വം ബോര്‍ഡ്

Sunday 5 August 2018 2:33 am IST

തിരുവനന്തപുരം: ശബരിമലയിലും പരിസര പ്രദേശങ്ങളിലും സമ്പൂര്‍ണ പ്ലാസ്റ്റിക് നിരോധനം ഉറപ്പുവരുത്താന്‍ ദേവസ്വം ബോര്‍ഡ് യോഗ തീരുമാനം. ശബരിമലയില്‍ തീര്‍ഥാടകരുടെ ഇരുമുടിക്കെട്ടിലുള്‍പ്പെടെ പ്ലാസ്റ്റിക് നിരോധനം ഏര്‍പ്പെടുത്തും. ഇരുമുടികെട്ടുനിറയ്ക്കുന്ന, ദേവസ്വം ബോര്‍ഡിന്റെ എല്ലാ ക്ഷേത്രങ്ങളിലും  പ്രത്യേക സര്‍ക്കുലര്‍ നല്‍കാനും ബോര്‍ഡ് നിര്‍ദേശം നല്‍കി. 

എല്ലാ ക്ഷേത്രങ്ങളിലും പ്ലാസ്റ്റിക് നിരോധനം അറിയിക്കുന്ന ബോര്‍ഡുകള്‍ സ്ഥാപിക്കും. ഇരുമുടിക്കെട്ടിലും പ്ലാസ്റ്റിക് പാടില്ലെന്ന ഹൈക്കോടതിയുടെ ഉത്തരവുകൂടി പരിഗണിച്ചാണ് രണ്ട് ദിവസങ്ങളിലായി ചേര്‍ന്ന ബോര്‍ഡ് യോഗത്തില്‍ തീരുമാനം കൈക്കൊണ്ടത്. അയ്യപ്പഭക്തര്‍ ഇരുമുടിക്കെട്ടില്‍ കുങ്കുമം, പനിനീര്‍, മഞ്ഞള്‍, കര്‍പ്പൂരം ചന്ദനത്തിരി, ചന്ദനം, ഭസ്മം തുടങ്ങിയവ പ്ലാസ്റ്റിക്കില്‍ പൊതിഞ്ഞുകൊണ്ട് വരുന്നത് നിരോധിക്കും.

ഇതര സംസ്ഥാനങ്ങളിലെ അയ്യപ്പഭക്തര്‍ക്ക് ഇതു സംബന്ധിച്ച് അവബോധം നല്‍കും. ബോര്‍ഡ് ഉത്തരവ് കര്‍ശനമായി നടപ്പിലാക്കാന്‍ ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് നിര്‍ദേശം നല്‍കും. ഈ വിഷയത്തില്‍ കര്‍ണാടക, ആന്ധ്ര, തെലുങ്കാന, തമിഴ്‌നാട് തുടങ്ങിയ സംസ്ഥാനങ്ങളിലെ ഗുരുസ്വാമിമാരുടെ യോഗം വിളിച്ചു ചേര്‍ക്കുമെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ.പത്മകുമാര്‍ വ്യക്തമാക്കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.