യുവാവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ പകര്‍ത്തി; ഭാര്യാ കാമുകന്‍ പിടിയില്‍

Sunday 5 August 2018 2:38 am IST

കൊച്ചി: കാമുകിയുടെ ഭര്‍ത്താവിന്റെ സ്വകാര്യ ദൃശ്യങ്ങള്‍ മൊബൈല്‍ ആപ്ലിക്കേഷന്‍ വഴി പകര്‍ത്തിയ യുവാവിനെ പോലീസ് അറസ്റ്റ് ചെയ്തു. അമ്പലപ്പുഴ നീര്‍ക്കുന്നം സ്വദേശിയും സ്വകാര്യ ബാങ്കുദ്യോഗസ്ഥനുമായ അജിത്തിനെ (32) ആണ് എളമക്കര പോലീസ് അറസ്റ്റ് ചെയ്തത്. ഇത്തരം സംഭവം കേരളത്തില്‍ ആദ്യമാണെന്ന് പോലീസ് പറഞ്ഞു.

യുവതിയുമായി അജിത് നാളുകളായി അടുപ്പത്തിലായിരുന്നു. യുവതിയുടെ ഭര്‍ത്താവിന്റെ മൊബൈല്‍ ഫോണില്‍ അയാളറിയാതെ ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ രഹസ്യമായി സ്ഥാപിക്കുകയായിരുന്നു. ഈ ആപ്ലിക്കേഷന്‍ വഴി അഞ്ചു മാസത്തോളം ഭര്‍ത്താവിന്റെ നീക്കങ്ങള്‍ അജിത് മനസ്സിലാക്കി. സംഭാഷണങ്ങളുടെ ഓഡിയോയും വീഡിയോയും അജിത് പകര്‍ത്തി. 

തട്ടിപ്പ് മനസ്സിലാക്കിയ ഭര്‍ത്താവ് എളമക്കര പോലീസ്‌റ്റേഷനില്‍ പരാതി നല്‍കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് ഇതേ ആപ്ലിക്കേഷന്‍ ഉപയോഗിച്ച് അജിത്തിനെ കണ്ടെത്തി അറസ്റ്റു ചെയ്യുകയായിരുന്നു. ദൃശ്യങ്ങള്‍ പകര്‍ത്തിയത് എന്തിനെന്ന് ഇയാള്‍ പോലീസിനോട് പറഞ്ഞിട്ടില്ല. 

ഭാവിയില്‍ ഇതുപയോഗിച്ച് ബ്ലാക്കമെയില്‍ ചെയ്യുകയോ പണം തട്ടുകയോ ആകാം ലക്ഷ്യമെന്നാണ് പോലീസ് നിഗമനം. ഐടി ആക്ടിലെ അറുപത്തിയാറ് ഇ വകുപ്പാണ് അജിത്തിനെതിരെ ചുമത്തിയിരിക്കുന്നത്. ഇയാളെ ഇന്നലെ വൈകിട്ട് കോടതിയില്‍ ഹാജരാക്കി. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.