കേരളാ ഹൗസില്‍ മലയാളി യുവാവിന്റെ ആത്മഹത്യാ ശ്രമം

Sunday 5 August 2018 2:38 am IST

ന്യൂദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്‍ താമസിച്ചിരുന്ന ദല്‍ഹി കേരളാ ഹൗസിന് മുന്നില്‍ മലയാളി യുവാവിന്റെ ആത്മഹത്യാശ്രമം. മുഖ്യമന്ത്രിയെ കാത്തുനിന്ന മാധ്യമങ്ങള്‍ക്കു മുന്നില്‍ കത്തിയുമായി ചാടിവീണ് ആലപ്പുഴ ചെട്ടിക്കുളങ്ങര സ്വദേശി വിമല്‍രാജാ (43)ണ് നാടകീയ രംഗങ്ങള്‍ സൃഷ്ടിച്ചത്. ഇയാളെ പിന്നീട് സുരക്ഷാ ഉദ്യോഗസ്ഥര്‍ കീഴ്‌പ്പെടുത്തി ദല്‍ഹി പോലീസിന് കൈമാറി. വിമല്‍രാജിന് മാനസികാസ്വാസ്ഥ്യമുള്ളതായി പോലീസ് പറഞ്ഞു. എന്നാല്‍ മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്ന വിചിത്രവാദവുമായി സിപിഎം രംഗത്തെത്തി. പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കുന്നതിനാണ് പിണറായി ദല്‍ഹിയിലെത്തിയത്. 

 രാവിലെ  മുഖ്യമന്ത്രിയെ കാണുന്നതിനായി പുറത്ത് കാത്തുനിന്നിരുന്ന മാധ്യമപ്രവര്‍ത്തകര്‍ക്കിടയിലാണ് വിമല്‍രാജ് ബാഗില്‍ കത്തിയുമായി നിലയുറപ്പിച്ചത്. ഷര്‍ട്ടിന്റെ പോക്കറ്റില്‍ ദേശീയ പതാകയും കുത്തിവെച്ചിരുന്നു. സംശയം തോന്നിയ സുരക്ഷാ ഉദ്യോഗസ്ഥര്‍ മാധ്യമ പ്രവര്‍ത്തകനാണോയെന്ന് അന്വേഷിച്ചിച്ചപ്പോള്‍ ഇയാള്‍ കത്തിയുമായി കാമറകള്‍ക്ക് മുന്നില്‍ ചാടിവീഴുകയായിരുന്നു. ''മുഖ്യമന്ത്രി എന്നെ ചതിച്ചു. ഞാന്‍ മരിക്കാന്‍ പോവുകയാണ്. സഹായം ചെയ്യണമെന്ന് നിരവധി തവണ ആവശ്യപ്പെട്ടിരുന്നു. എന്റെ പ്രശ്‌നങ്ങള്‍ക്ക് മുഖ്യമന്ത്രി പരിഹാരം കാണുന്നില്ല. ജീവിക്കാന്‍ സാധിക്കുന്നില്ല''. വിമല്‍രാജ് വിളിച്ചു പറഞ്ഞു.

 ഇതിനിടെ പുറകിലൂടെയെത്തി സുരക്ഷാ ജീവനക്കാര്‍ ഇയാളെ കീഴ്‌പ്പെടുത്തി. ''എനിക്ക് രണ്ട് മക്കളുണ്ട്. ആ ഗതികേടിലാണ് ഞാന്‍ സഹായം ചോദിച്ചത്. എന്നെ കൊല്ലണമെങ്കില്‍ കൊന്നോ''. കൈകള്‍ കൂട്ടിക്കെട്ടി വലിച്ചുകൊണ്ടുപോകുമ്പോഴും ഇയാള്‍ പറഞ്ഞുകൊണ്ടിരുന്നു. സംഭവം അന്വേഷിക്കാനെത്തിയ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിയോട് താങ്കളെയും നിരവധി തവണ കണ്ടതാണെന്നും ഒന്നും ചെയ്തില്ലെന്നും കുറ്റപ്പെടുത്തി വിമല്‍രാജ് തട്ടിക്കയറിയതോടെ അദ്ദേഹം പിന്‍വാങ്ങി. ഇരുപത് വര്‍ഷത്തോളമായി ദല്‍ഹിയിലാണ് വിമല്‍രാജ് താമസിക്കുന്നത്. 

 മുഖ്യമന്ത്രിയെ ആക്രമിക്കാനുള്ള ശ്രമമാണ് നടന്നതെന്നും വിശദമായ അന്വേഷണം നടത്തണമെന്നും പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. ദല്‍ഹി പോലീസിന്റെ സുരക്ഷാ വീഴ്ചയാണെന്നും കേന്ദ്ര സര്‍ക്കാര്‍ അന്വേഷിക്കണമെന്നും സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചൂണ്ടിക്കാട്ടി. സംഭവം നടന്ന് മുക്കാല്‍ മണിക്കൂറിന് ശേഷമാണ് പിണറായി കേരളാ ഹൗസിന് പുറത്തിറങ്ങിയത്. വിമല്‍രാജ് പിണറായിയെ കാണുക പോലും ചെയ്തിട്ടില്ല. ഉമ്മന്‍ ചാണ്ടിക്കുനേരെയും ഇയാള്‍ രോഷം പ്രകടിപ്പിച്ചിരുന്നു. മാനസികാസ്വാസ്ഥ്യമാണെന്ന് പോലീസ് വ്യക്തമാക്കിയിട്ടും മുഖ്യമന്ത്രിയെ ആക്രമിക്കാന്‍ ശ്രമിച്ചുവെന്ന നുണ പ്രചരിപ്പിക്കുകയാണ് സിപിഎം. 

 

സ്വന്തം ലേഖകന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.