കേരളത്തിലെ കുട്ടികളിലെ ജങ്ക് ഫുഡ് ഉപയോഗം: നടപടിയെടുക്കാന്‍ പ്രധാനമന്ത്രിയുടെ നിര്‍ദേശം

Sunday 5 August 2018 2:48 am IST

കൊച്ചി: കേരളത്തത്തിലെ കുട്ടികളില്‍ ജങ്ക് ഫുഡ് ഉപയോഗം സൃഷ്ടിക്കുന്ന ഗുരുതര പ്രശ്‌നങ്ങളില്‍ നടപടിക്ക് പ്രധാനമന്ത്രിയുടെ ഓഫീസിന്റെ നിര്‍ദേശം. സംസ്ഥാനത്ത് ജങ്ക് ഫുഡ് വര്‍ധിച്ചുവരുന്നത് കുട്ടികളില്‍ നിരവധി മാരക രോഗങ്ങള്‍ക്ക് കാരണമാകുന്നുവെന്ന മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്റെ പഠന റിപ്പോര്‍ട്ടില്‍ തുടര്‍ നടപടിക്ക് ചീഫ് സെക്രട്ടറിക്ക് പ്രധാനമന്ത്രിയുടെ ഓഫീസ് നിര്‍ദേശം നല്‍കി. കുട്ടികളെ മാരകരോഗങ്ങളിലേക്ക് തള്ളിവിടുന്ന ജങ്ക് ഫുഡ് വസ്തുക്കളുടെ ഉത്പാദനവും വിപണനവും കേരളത്തില്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് മീഡിയ റിസര്‍ച്ച് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പ്രീത് തോമസ് തുരുത്തിപ്പള്ളി പ്രധാനമന്ത്രിക്ക് നല്‍കിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ് ഇടപെടല്‍. 

കുട്ടികളിലെ പൊണ്ണത്തടി സംബന്ധിച്ച് സംസ്ഥാനത്തെ വിവിധ ജില്ലകള്‍ കേന്ദ്രീകരിച്ച്, കൊല്ലം മെഡിട്രീന ഹോസ്പിറ്റലിലെ ചീഫ് ഇന്റര്‍വെന്‍ഷണല്‍ കാര്‍ഡിയോളജിസ്റ്റ് ഡോ. എന്‍ പ്രതാപ് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പഠനം. പതിനഞ്ചു വയസിനിടയിലുള്ള കുട്ടികളെ മാനസികമായും ശാരീരികമായും നശിപ്പിക്കാന്‍ ജങ്ക് ഫുഡുകളുടെ ഉപയോഗം വഴിവെക്കുന്നുവെന്ന് പഠന റിപ്പോര്‍ട്ടില്‍ പറയുന്നു. കുട്ടികളുടെ സ്വാഭാവിക പ്രതിരോധശേഷി കുറയുന്നതായും കാന്‍സറും ഹൃദ്രോഗവും കരള്‍വീക്കവും ബാധിക്കുന്ന കുട്ടികളുടെ എണ്ണം ഏറുന്നുവെന്നും വ്യക്തമായി.

കുട്ടികളില്‍ ഭൂരിഭാഗവും 30-35 വയസ്സാകുമ്പോള്‍ വിവിധ ജീവിതശൈലീ രോഗങ്ങളുടെ പിടിയിലാകുന്നു. 10-15 വയസ്സില്‍ത്തന്നെ രക്തസമ്മര്‍ദവും കൊളസ്‌ട്രോളും പ്രമേഹവും കണ്ടെത്തുന്ന കുട്ടികളുടെ എണ്ണം കൂടിവരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. ഫൗണ്ടേഷന്റെ റിപ്പോര്‍ട്ടില്‍ അന്വേഷിച്ച് നടപടിയെടുക്കാന്‍ ദേശീയ ബാലാവകാശ കമ്മീഷനും സംസ്ഥാന ബാലാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.