വിവരാവകാശ കമ്മീഷന്റെ പ്രവര്‍ത്തനത്തില്‍ സുതാര്യതയില്ലെന്ന് പരാതി

Sunday 5 August 2018 2:49 am IST

പാലക്കാട്: വിവരാവകാശ കമ്മീഷനില്‍ പരാതികള്‍ കുന്നുകൂടുന്നത് ഒഴിവാക്കാന്‍ നടപടിക്രമങ്ങള്‍ പാലിക്കാതെ തീര്‍പ്പാക്കുന്നതായി പരാതി. വിവരാവകാശ കമ്മീഷനിലെ മിക്ക അംഗങ്ങളും കേസുകള്‍ പരിഗണിക്കുന്നതില്‍ ഉദാസീനത കാട്ടുന്നതായും ആക്ഷേപമുണ്ട്.  പരാതിക്കാരുടെ അവസാന ആശ്രയമായ വിവരാവകാശ കമ്മീഷന്റെ ഈ നടപടി നിയമത്തിന്റെ സുതാര്യത തകര്‍ക്കുമെന്നും  പൊതു അധികാരികളുടെ ഉത്തരവാദിത്വബോധം നഷ്ടപ്പെടാനിടയാകുമെന്നുമാണ് വിവരാവകാശ പ്രവര്‍ത്തകര്‍ ആശങ്കപ്പെടുന്നത്. മുഖ്യവിവരാവകാശ കമ്മീഷണറായി വിന്‍സന്റ് പോള്‍ ചുമതലയേറ്റ് രണ്ടുവര്‍ഷത്തിനകം 4000 അപ്പീല്‍ അപേക്ഷകള്‍ തീര്‍പ്പാക്കിയതായി പത്രക്കുറിപ്പിറക്കിയിരുന്നു. അദ്ദേഹമടക്കം അഞ്ചംഗങ്ങളാണിപ്പോള്‍ കമ്മീഷനിലുള്ളത്. കഴിഞ്ഞ 15വരെയുള്ള കണക്കനുസരിച്ച് 15000ത്തിലധികം അപ്പീല്‍ അപേക്ഷകളാണ് കമ്മീഷന്‍ ഓഫീസില്‍ കെട്ടിക്കിടക്കുന്നത്

  മുഖ്യകമ്മീഷണര്‍ തീര്‍പ്പുകല്‍പ്പിച്ച ഭൂരിപക്ഷം പരാതിയിലും എതിര്‍കക്ഷികളായ പൊതുവിവര അധികാരികളെ നടപടിയില്‍ നിന്ന് ഒഴിവാക്കുന്ന സമീപനമാണ് സ്വീകരിച്ചത്. സമയത്തിന് വിവരം നല്‍കാത്തതിനും, ഉള്ളവിവരം മറച്ചുവെച്ചതിനും പൊതുവിവര അധികാരികളില്‍നിന്ന് പിഴയീടാക്കാനാണ് നിയമത്തില്‍ വ്യവസ്ഥചെയ്യുന്നത്. അപൂര്‍വം കേസുകളില്‍ മാത്രമെ ഇതുണ്ടായിട്ടുള്ളൂ. പിഴ ചുമത്താതിരിക്കാനുള്ള കാരണം ബോധിപ്പിക്കാന്‍ വല്ലപ്പോഴും ഉദ്യോഗസ്ഥനെ വിളിപ്പിച്ചാല്‍ തന്നെ വാദം കേള്‍ക്കാന്‍  പരാതിക്കാരനെ വിളിപ്പിക്കാറില്ല. അതിനാല്‍ എഴുതിക്കൊടുത്ത വിശദീകരണം മറയാക്കി ഉദ്യോഗസ്ഥരെ പിഴയില്‍ നിന്നൊഴിവാക്കുകയാണ് പതിവ്. ഇത് നിയമവിരുദ്ധമാണെന്ന് പാലക്കാട്ടെ പ്രമുഖ വിവരാവകാശ പ്രവര്‍ത്തകനായ മേജര്‍ പി.എം രവീന്ദ്രന്‍ പറയുന്നു. 

 കമ്മീഷന്റെ വെബ്‌സൈറ്റില്‍  മുഖ്യവിവരാവകാശ കമ്മീഷണര്‍ വിന്‍സന്റ് പോളും ഏറ്റവും ഒടുവില്‍ നിയമിതനായ സോമശേഖരന്‍പിള്ളയും പരിഗണിച്ച കേസുകളുടെ വിവരങ്ങള്‍ മാത്രമാണുള്ളത്. ഇതുതന്നെ പൂര്‍ണമല്ല. മറ്റുകമ്മീഷണര്‍മാര്‍ ഇതുവരെ എത്രകേസുകള്‍ പരിഗണിച്ചെന്ന വിവരം കമ്മീഷന്‍ തന്നെ മറച്ചുവച്ചിരിക്കുകയാണ്. ഇത് നിയമത്തിലെ വകുപ്പ് നാലിന്റെ പച്ചയായ ലംഘനമാണെന്ന് കോട്ടയത്തെ വിവരാവകാശപ്രവര്‍ത്തകന്‍ ഷിബുജേക്കബ് അഭിപ്രായപ്പെട്ടു.

ഗിരീഷ് കടുന്തിരുത്തി

 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.