കള്ളക്കടത്തുകാരന്റെ ഹര്‍ജി സിബിഐ കോടതി തള്ളി

Sunday 5 August 2018 2:51 am IST

തിരുവനന്തപുരം: ജാമ്യവ്യവസ്ഥ ഇളവ് ചെയ്യണമെന്നഭ്യര്‍ഥിച്ച്  അന്താരാഷ്ട്ര കള്ളക്കടത്തുകാരന്‍ ബിഷു ഷെയ്ക്ക് സമര്‍പ്പിച്ച  ഹര്‍ജി തിരുവനന്തപുരം സിബിഐ കോടതി തള്ളി.  ഇളവ് നല്‍കിയാല്‍ പ്രതി രാജ്യം വിടാനുള്ള സാധ്യത തള്ളാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് സിബിഐ ജഡ്ജി ജെ. നാസര്‍ ഹര്‍ജി തള്ളിയത്. പ്രതി രാജ്യം വിട്ടാല്‍ വിചാരണക്ക്  ലഭിക്കില്ലെന്നും കോടതി നിരീക്ഷിച്ചു.

 മെയ് മാസം 7നാണ് കൊല്‍ക്കത്ത സ്വദേശിയായ ബിഷുവിന് കോടതി ജാമ്യം അനുവദിച്ചത്. എറണാകുളം ജില്ല വിട്ടു പോകരുതെന്നും ആഴ്ചയിലൊരിക്കല്‍ കൊച്ചിയിലെ സിബിഐ ഓഫീസിലെ അന്വേഷണ ഉദ്യോഗസ്ഥന്‍ മുമ്പാകെ ഹാജരായി ഒപ്പിടണമെന്ന കര്‍ശന വ്യവസ്ഥയോടെയാണ് പ്രതിക്ക് കോടതി ജാമ്യം നല്‍കിയത്. ജാമ്യ ഉപാധി പ്രകാരം എറണാകുളത്ത് ഒരു സ്റ്റാര്‍ ഹോട്ടലിലാണ് പ്രതി താമസിക്കുന്നത്.

ഇതിനിടെ റംസാന്‍ ആഘോഷിക്കാന്‍ കൊല്‍ക്കത്തയില്‍ പോകുന്നതിന് ജാമ്യവസ്ഥയില്‍ 10 ദിവസത്തെ ഇളവ് കോടതി നല്‍കിയിരുന്നു. ജൂണ്‍ 7 നായിരുന്നു  ജാമ്യവ്യവസ്ഥയില്‍ ഇളവ് നല്‍കിയത്. ഇന്ത്യ- ബംഗ്‌ളാദേശ് അതിര്‍ത്തി വഴി സ്വര്‍ണ്ണം, മയക്കുമരുന്ന്, കറന്‍സി, കന്നുകാലികള്‍ എന്നിവയുടെ കള്ളക്കടത്തു നടത്തിയെന്നും മനുഷ്യക്കടത്ത് നടത്തിയെന്നുമാണ് സിബിഐ കേസ്.

കള്ളക്കടത്തിന് കൂട്ടുനിന്ന വെസ്റ്റ് ബംഗാള്‍ മുര്‍ഷിദാബാദ് ബോര്‍ഡര്‍ സെക്യൂരിറ്റി ഫോഴ്‌സ് ബറ്റാലിയന്‍ 83ലെ കമാന്‍ഡന്റ് പത്തനംതിട്ട സ്വദേശി ജിബു.ഡി.മാത്യുവാണ് കേസിലെ ഒന്നാം പ്രതി. കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് ജിബുവിന് ബിഷു നല്‍കിയ കൈക്കൂലിയായ അരക്കോടി രൂപയുമായി ട്രെയിന്‍ മാര്‍ഗ്ഗം കേരളത്തിലേക്ക് വരവെ ജിബുവിനെ പിന്തുടര്‍ന്ന് ആലപ്പുഴ റെയില്‍വേ സ്റ്റേഷനില്‍ വച്ച് ജിബുവിനെ സിബിഐ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.