മെഹുല്‍ ചോക്‌സി തട്ടിപ്പ് നടത്തിയത് കോണ്‍ഗ്രസ് ഭരണകാലത്ത്: ബിജെപി

Sunday 5 August 2018 2:53 am IST

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ വായ്പാ തട്ടിപ്പ് നടത്തി രാജ്യം വിട്ട വജ്ര വ്യവസായി മെഹുല്‍ ചോക്‌സിയെ സഹായിച്ചത് കോണ്‍ഗ്രസ് സര്‍ക്കാരാണെന്ന് ബിജെപി. മോദി സര്‍ക്കാരാണ് തട്ടിപ്പ് പുറത്തുകൊണ്ടുവന്നതെന്നും പാര്‍ട്ടി വക്താവ് അനില്‍ ബലൂനി പറഞ്ഞു. ചോക്‌സിയെ രക്ഷപ്പെടാന്‍ കേന്ദ്ര സര്‍ക്കാര്‍ സഹായിച്ചുവെന്ന കോണ്‍ഗ്രസ്സിന്റെ ആരോപണത്തിന് മറുപടി പറയുകയായിരുന്നു അദ്ദേഹം. 

 മുതിര്‍ന്ന നേതാക്കള്‍ക്ക് ചോക്‌സിയുമായുള്ള ബന്ധം മറച്ചുവെക്കുന്നതിന് അടിസ്ഥാന രഹിതമായ ആരോപണങ്ങള്‍ ഉന്നയിച്ച് വിഷയം വഴിതിരിച്ചുവിടാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്. യുപിഎയുടെ കാലത്ത് ചോക്‌സി നടത്തിയ തട്ടിപ്പുകള്‍ ഇപ്പോഴത്തെ ബിജെപി സര്‍ക്കാരാണ് പുറത്തുകൊണ്ടുവന്നതെന്ന് ജനങ്ങള്‍ക്ക് അറിയാം. 2012-14 വര്‍ഷങ്ങളിലാണ് ചോക്‌സിയുടെ സമ്പത്തില്‍ അത്ഭുതകരമായ വളര്‍ച്ചയുണ്ടായത്. കോണ്‍ഗ്രസ് സര്‍ക്കാര്‍ സഹായിച്ചുവെന്നതാണ് ഇത് വ്യക്തമാക്കുന്നത്. അദ്ദേഹം ചൂണ്ടിക്കാട്ടി. 

വിഷയത്തില്‍ കോണ്‍ഗ്രസ് നുണ പറയുകയാണെന്ന് ബിജെപി വക്താവ് സമ്പിത് പാത്രയും പറഞ്ഞു. ചോക്‌സിക്ക് കോണ്‍ഗ്രസ് നേതാക്കളുമായുള്ള ബന്ധം അദ്ദേഹത്തിന്റെ അഭിഭാഷകന്‍ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ചോക്‌സി വ്യവസായിയാണെന്നും കോണ്‍ഗ്രസ് നേതാക്കളുമായി അയഞ്ഞ ബന്ധമുണ്ടെന്നുമായിരുന്നു അഭിഭാഷകന്റെ പരാമര്‍ശം. 2017ല്‍ ചോക്‌സി ആന്റിഗ്വ പൗരത്വത്തിന് അപേക്ഷിച്ചപ്പോള്‍ ഇന്ത്യന്‍ സര്‍ക്കാര്‍ ക്ലീന്‍ ചിറ്റ് നല്‍കിയെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.