ഡിസി ബുക്‌സ് കള്ളം പ്രചരിപ്പിക്കുന്നു: സാജു ചേലങ്ങാട്

Sunday 5 August 2018 2:56 am IST

ആലപ്പുഴ: തന്റെ അച്ഛന്റെ പുസ്തകം പ്രസിദ്ധീകരിക്കുകയോ പകര്‍പ്പവകാശം കൈമാറുകയോ ചെയ്യാത്ത ഡിസി ബുക്സ് അധികൃതര്‍ ഇപ്പോള്‍ കള്ളപ്രചാരണം നടത്തുകയാണെന്ന് പ്രശസ്ത സിനിമ ജേര്‍ണലിസ്റ്റ് ചേലങ്ങാട് ഗോപാലകൃഷ്ണന്റെ മകന്‍ സാജു ചേലങ്ങാട് ജന്മഭൂമിയോട് പറഞ്ഞു. 

 ചേലങ്ങാട് ഗോപാലകൃഷ്ണന്റെ വാണവരും വീണവരും, അന്നത്തെ നായികമാര്‍, ലോക സിനിമയുടെ ചരിത്രം എന്നീ പുസ്തകങ്ങള്‍ പുനഃപ്രസിദ്ധീകരിക്കാതെ ഡിസി ബുക്‌സ് ആവിഷ്‌കാരസ്വാതന്ത്ര്യത്തിനു വേണ്ടി വാദിക്കുന്നത് അപഹാസ്യമാണെന്ന് കഴിഞ്ഞ ദിവസം സാജു കുറ്റപ്പെടുത്തിയിരുന്നു. ജന്മഭൂമിയില്‍ ഇത് വാര്‍ത്തയായ സാഹചര്യത്തില്‍ ഡിസി ബുക്‌സ് ഇക്കാര്യം നിഷേധിച്ച് രംഗത്തെത്തി. 

 വാണവരും, വീണവരും പുസ്തകത്തിന്റെ ആദ്യ പതിപ്പില്‍ ചില വിവാദപരമായ പരാമര്‍ശങ്ങള്‍ വന്നതുകൊണ്ടാണ് പുസ്തകം പുനഃപ്രസിദ്ധീകരിക്കാത്തതെന്നും ഡിസി ബുക്സ് ഒരു ദൃശ്യമാധ്യമത്തോട് സമ്മതിച്ചു. എന്നാല്‍, പകര്‍പ്പവകാശവുമായി ബന്ധപ്പെട്ട സാജുവിന്റെ വാദം തള്ളുകയും ചെയ്തു. പകര്‍പ്പവകാശം കൈമാറിയിട്ടുണ്ടെന്നും പകര്‍പ്പവകാശ കാലാവധി 2017ല്‍ തന്നെ അവസാനിച്ചതാണെന്നുമാണ് ഡിസി ബുക്സ് അവകാശപ്പെടുന്നത്. 

  എന്നാല്‍ ഇത് പച്ചക്കള്ളമാണെന്നാണ് സാജു പറയുന്നത്. സിനിമാ പ്രേമികളും. ചരിത്രകാരന്മാരും ഉള്‍പ്പടെയുള്ളവര്‍ നിരന്തരം ആവശ്യപ്പെടുന്നതാണ് ചേലങ്ങാട് രചിച്ച ലോക സിനിമാ ചരിത്രം. ഡിസി ബുക്‌സ് പകര്‍പ്പവകാശം വിട്ടു തന്നിരുന്നെങ്കില്‍ സിനിമയെക്കുറിച്ച് പഠിക്കുന്നവര്‍ക്ക് വലിയ അനുഗ്രഹമാകുമെന്നും സാജു പറയുന്നു. ചേലങ്ങാട് ഗോപാലകൃഷ്ണന്‍ വര്‍ഷങ്ങളായി സിനിമാ മംഗളത്തിലെഴുതിയ 'വാണവരും വീണവരും' എന്ന കോളം ഡി.സി ബുക്സ് 2012ലാണ് പുസ്തകരൂപത്തില്‍ പുറത്തിറക്കിയത്.

  എന്നാല്‍ പഴയകാലത്തെ പ്രമുഖ സംഗീത സംവിധായകനെതിരെയും നടനെതിരെയും വന്ന ചില പരാമര്‍ശങ്ങളുടെ പേരില്‍ പുസ്തകം വിവാദമായി. ഇതോടെയാണ് രണ്ടാം പതിപ്പ് പുറത്തിറക്കാന്‍ ഡിസി തയാറാകാതിരുന്നത്. ആദ്യ പതിപ്പിന്റെ മുഴുവന്‍ കോപ്പികളും ദിവസങ്ങള്‍ക്കകം വിറ്റഴിക്കുകയും ചെയ്തിരുന്നു. ഈയൊരു പുസ്തകത്തിന്റെ പേരില്‍ ചേലങ്ങാടിന്റെ മറ്റു രണ്ടു പുസ്തകങ്ങള്‍ കൂടി ഡിസി മനഃപൂര്‍വം പുനഃപ്രസിദ്ധീകരിച്ചില്ല. ഡിസി 2012 മാര്‍ച്ചില്‍ പുറത്തിറക്കിയ 'അന്നത്തെ നായികമാര്‍', അവരുടെതന്നെ ഉടമസ്ഥതയിലുള്ള കറന്റ് ബുക്സ് 2013 ഏപ്രിലില്‍ പുറത്തിറക്കിയ 'ലോക സിനിമയുടെ ചരിത്രം' എന്നിവയാണ് പുനഃപ്രസിദ്ധീകരിക്കാതിരിക്കുന്നത്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.