തൃണമൂലിനെ ഭയം; ബാലറ്റ് വേണ്ട തുറന്നുസമ്മതിക്കാനാകാതെ സിപിഎം

Sunday 5 August 2018 2:59 am IST

ന്യൂദല്‍ഹി: പൊതുതെരഞ്ഞെടുപ്പിന് ബാലറ്റ് പേപ്പര്‍ ഉപയോഗിക്കണമെന്ന ആവശ്യത്തില്‍ പ്രതിപക്ഷത്ത് വിള്ളല്‍. ബാലറ്റ് പേപ്പര്‍ ഉപയോഗിക്കുന്നതിനെ പിന്തുണക്കേണ്ടതില്ലെന്ന് രണ്ട് ദിവസങ്ങളിലായി ദല്‍ഹിയില്‍ ചേര്‍ന്ന സിപിഎം പോളിറ്റ് ബ്യൂറോ യോഗം തീരുമാനിച്ചു. എന്നാല്‍ ഇത് തുറന്നു സമ്മതിക്കാന്‍ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി തയ്യാറായില്ല. ഇലക്ട്രോണിക് വോട്ടിംഗ് യന്ത്രങ്ങള്‍ക്കെതിരായ പരാതികള്‍ തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവത്തോടെ കാണണമെന്നും വിവിപാറ്റ് യന്ത്രങ്ങള്‍ ഉപയോഗിക്കണമെന്നും യെച്ചൂരി പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. ബാലറ്റ് പേപ്പര്‍ വേണമോയെന്ന ചോദ്യത്തിന് കൃത്യമായ നിലപാട് പറയാതിരുന്ന യെച്ചൂരി തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനിക്കട്ടെയെന്ന് വിശദീകരിച്ച് ഒഴിഞ്ഞുമാറി. 

 ബാലറ്റ് പേപ്പര്‍ ആവശ്യമുന്നയിച്ച് നാളെ 17 പ്രതിപക്ഷ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കാനിരിക്കെയാണ് സിപിഎമ്മിന്റെ മലക്കം മറിച്ചില്‍. ഇതില്‍ സിപിഎം പങ്കെടുക്കുമോയെന്നതിനും വ്യക്തമായ മറുപടി യെച്ചൂരി പറഞ്ഞില്ല. മമതാ ബാനര്‍ജി മുന്‍കയ്യെടുത്താണ് പ്രതിപക്ഷത്തിന്റെ നീക്കമെന്നതാണ് സിപിഎമ്മിനെ പിന്നോട്ടടിപ്പിക്കുന്നത്. ബാലറ്റ് പേപ്പര്‍ ആവശ്യത്തില്‍നിന്നും പിന്മാറാനുള്ള കാരണവും ബംഗാളിലെ മമതയുടെ ആധിപത്യമാണ്. കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പില്‍ ഇതര രാഷ്ട്രീയ പാര്‍ട്ടികളെ തൃണമൂല്‍ കോണ്‍ഗ്രസ് വ്യാപകമായി വേട്ടയാടിയിരുന്നു. പരസ്യമായ ബൂത്ത് പിടുത്തവും നടന്നു. ഇപ്പോഴത്തെ സാഹചര്യത്തില്‍ ബൂത്തിലിരിക്കാന്‍ പോലും പ്രവര്‍ത്തകരെ കിട്ടാത്ത അവസ്ഥയാണ് സിപിഎമ്മിന്. ബാലറ്റ് പേപ്പര്‍ ഉപയോഗിച്ചാണ് തെരഞ്ഞെടുപ്പെങ്കില്‍ തൃണമൂലിന് കള്ളവോട്ടിന് കൂടുതല്‍ അവസരം ലഭിക്കുമെന്നത് സിപിഎമ്മിനെ ആശങ്കപ്പെടുത്തുന്നു.

 ഇലക്ട്രോണിക് വോട്ടിംഗ് മെഷീനെതിരായ വ്യാജ പ്രചാരണത്തില്‍ മുന്നില്‍നിന്ന പാര്‍ട്ടിയാണ് സിപിഎം. കൃത്രിമം തെളിയിക്കുന്നതിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ പാര്‍ട്ടികള്‍ക്ക് അവസരം നല്‍കിയപ്പോള്‍ സിപിഎം മാത്രമാണ് ഇതില്‍ പങ്കെടുത്തത്. അന്ന് ഇവിഎമ്മിന് ക്ലീന്‍ ചിറ്റ് നല്‍കി മടങ്ങിയ സിപിഎം എന്നാല്‍ വ്യാജ പ്രചാരണം തുടര്‍ന്നു. എല്ലാ ബൂത്തുകളിലും വിവിപാറ്റ് പ്രായോഗികമല്ലെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ നേരത്തെ വ്യക്തമാക്കിയിട്ടുണ്ട്. വരും ദിവസങ്ങളില്‍ ബാലറ്റ് പേപ്പര്‍ വേണ്ടെന്ന നിലപാട് സിപിഎം പരസ്യമാക്കിയേക്കും. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.