മാതൃഭൂമി അക്ഷരങ്ങളെ പ്രേതമാക്കി മാറ്റുന്നു: കെ.പി. ശശികല

Sunday 5 August 2018 3:01 am IST

തൊടുപുഴ: സ്ത്രീത്വത്തെ അപമാനിച്ചതിലൂടെ മാതൃഭൂമിയുടെ അക്ഷരങ്ങള്‍ പ്രേതങ്ങളായി  മാറിയെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ.പി. ശശികല ടീച്ചര്‍. മഹിളാ ഐക്യവേദിയുടെ അഞ്ചാമത് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് നടന്ന ഹിന്ദു വനിതാ നേതൃസമ്മേളനം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അവര്‍.

ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിന്റെ പേരില്‍ സ്ത്രീകളുടെ മാനത്തിന് വില പറയുന്നത് ഫാഷനായി മാറിയിരിക്കുകയാണെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു. സ്ത്രീയെ അപമാനിച്ചതിലൂടെയാണ് മഹാഭാരതയുദ്ധം ഉണ്ടായത്. ഈ ഭാരത പാരമ്പര്യത്തില്‍ നിന്നുകൊണ്ട് വേണം മീശ എന്ന നോവലിനെ കണക്കിലെടുക്കാന്‍. അപമാനിക്കപ്പെട്ടാല്‍ തിരിച്ചടിക്കണമെന്ന സന്ദേശമാണ് നമുക്ക് നല്‍കേണ്ടതെന്നും ശശികല ടീച്ചര്‍ ഓര്‍മ്മിപ്പിച്ചു. 

വിവിധ ഹിന്ദുസമുദായ സംഘടനകള്‍ നിലപാട് വ്യക്തമാക്കിയിട്ടും മാതൃഭൂമി തെറ്റ് തിരുത്താതെ ധാര്‍ഷ്ട്യം കാണിക്കുകയാണ്. ഇത് പഴയ മാതൃഭൂമിയുടെ രീതിയല്ല. ഇപ്പോഴത്തെ അവരുടെ പ്രവര്‍ത്തന ശൈലിയില്‍ ദുരൂഹത ഉണ്ടെന്നും ശശികല ടീച്ചര്‍ പറഞ്ഞു. മാതാപിതാഗുരു എന്ന സംസ്‌കാരമാണ് നമ്മുടേത്. അതിന് മങ്ങലേല്‍ക്കുന്ന കാര്യങ്ങളാണ് ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്നത്. നമ്മുടെ സംസ്‌കൃതിയെ വീണ്ടെടുക്കാനുള്ള പ്രയത്‌നങ്ങളാണ് സ്ത്രീ സമൂഹം ചെയ്യേണ്ടതെന്നും ടീച്ചര്‍ അഭിപ്രായപ്പെട്ടു.

മഹിളാ ഐക്യവേദി സംസ്ഥാന രക്ഷാധികാരി പി.ജി. ശശികല അദ്ധ്യക്ഷയായി. മഹിള ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ നിഷ സോമന്‍ വിഷയാവതരണം നടത്തി. ഹിന്ദുഐക്യ വേദി സംസ്ഥാന സഹസംഘടനാ സെക്രട്ടറി വി. സുശികുമാര്‍ മുഖ്യപ്രഭാഷണം നടത്തി. സംസ്ഥാന ജനറല്‍ സെക്രട്ടറി ബിന്ദു മോഹന്‍,  ഡോ. വിജയകുമാരി, ഷീജ ബിജു എന്നിവര്‍ സംസാരിച്ചു. 52 സമുദായ സംഘടനകളുടെ വനിതാ നേതാക്കള്‍ ചടങ്ങില്‍ പങ്കെടുത്തു.  

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.