ഭഗവാന്‍ ത്രിഗുണങ്ങളുടെ സ്വഭാവവിവരണം ഉപസംഹരിക്കുന്നു

Sunday 5 August 2018 3:06 am IST

അധ്യായം 18-40 ശ്ലോകം

പ്രകൃതിജൈഃ ഏഭിഃ ഗുണൈ മുക്തം സത്വം-

പ്രകൃതി എന്നാല്‍ ശ്രീകൃഷ്ണ ഭഗവാന്റെ അന്തരംഗശക്തിയായ മായ എന്നര്‍ത്ഥം. ഭഗവാന്റെ ബഹിരംഗ ശക്തിയും ഭൗതിക പ്രപഞ്ചത്തെ സൃഷ്ടിക്കുന്നതുമായ- മായയും പ്രകൃതിതന്നെ. അന്തരംഗശക്തിയെ, പരയായ ശക്തി എന്നും ബഹരിംഗ ശക്തിയെ അപരയായ ശക്തി എന്നും ഭഗവാന്‍ തന്നെ വിവരിച്ചിട്ടുണ്ട്.

''അപരേയമി തസ്താ ന്യാം

പ്രകൃതിം വിദ്ധിമേ പരാം'' (7-5)

ഈ അപരയായ- നികൃഷ്ടയായ- പ്രകൃതിയില്‍ നിന്നാണ് സത്വഗുണം, രജോഗുണം, തമോഗുണം എന്നീ മൂന്നു ഗുണങ്ങളും ഉണ്ടാവുന്നത്. ഈ ഗുണങ്ങളുടെ ബന്ധനത്തില്‍നിന്ന് വേര്‍പെട്ട് നില്‍ക്കുന്ന ഒരു ്രപാ

ണിയും ഒരു വസ്തുവും ഇല്ല.

പൃഥിവ്യാം തദ് ന അസ്തി- ഈ ഭൂലോകത്തില്‍ ത്രിഗുണങ്ങള്‍ സ്പര്‍ശിക്കാത്ത മനുഷ്യനോ മൃഗമോ പക്ഷിവൃക്ഷാദികളോ ഇല്ല. വ്യത്യസ്ത ശരീരങ്ങള്‍ സ്വീകരിച്ച് ജീവിക്കുന്ന ഒരു ജീവിയും പ്രകൃതിയുടെ ഈ ഗുണങ്ങളില്‍ നിന്ന് മുക്തരല്ല. ജീവഗണങ്ങളെല്ലാം ഭഗവാന്റെ അംശങ്ങളാണെന്ന് ഭഗവാന്‍തന്നെ പറഞ്ഞിട്ടുണ്ട്. 

''മമൈവാംശോ ജീവലോകേ

ജീവഭൂതഃ സനാതനഃ'' (15-7)

ജീവമുക്തരായ ശ്രീശുക ബ്രഹ്മര്‍ഷിയെപ്പോലുള്ളവരെയും ശ്രീകൃഷ്ണഭക്തരായ ശ്രീനാരദമഹര്‍ഷിയെപ്പോലുള്ളവരെയും ഒഴിച്ച് മറ്റ് ജീവഗണങ്ങള്‍ ത്രിഗുണങ്ങളുടെ മാലിന്യക്കുഴിയില്‍ വീണ് വിഷമിക്കുകയാണ്.

ദിവി ദേവേഷു വാ- സ്വര്‍ഗം മുതലായ ഊര്‍ധ്വലോകങ്ങളിലും ഒരു പ്രാ

ണിയും ഒരു വസ്തുവും ത്രിഗുണങ്ങളില്‍ നിന്ന് മുക്തന്മാരല്ല.

ദേവേഷു വാ- നാം ആരാധിക്കുന്ന ദേവന്മാര്‍ നമുക്ക് ഭൗതികസുഖം തരും. എങ്കിലും അവരും ത്രിഗുണങ്ങളുടെ ബന്ധനത്തില്‍ ജീവിക്കുന്നവര്‍ തന്നെയാണ്. ബ്രഹ്മാവ് സാത്ത്വികഗുണവാനാണെങ്കിലും രജോഗുണവും ഉണ്ട്. ശ്രീരുദ്രന്‍ സത്ത്വഗുണ പ്രധാനനാണ്, അതേസമയം തമോഗുണവും ഉണ്ട്. ഇന്ദ്രനി

ല്‍ രജോഗുണവും പ്രവര്‍ത്തിക്കുന്നുണ്ട്. പിതൃക്കള്‍, ഗന്ധര്‍വന്മാര്‍ തുടങ്ങിയവരില്‍ സാത്ത്വികഗുണം പ്രധാനമായും തമോഗുണം കുറഞ്ഞും നിലനില്‍ക്കുന്നു എന്നാണ് ആചാര്യന്മാര്‍ പറയുന്നത്.

അതലം, വിതലം, സുതലം തുടങ്ങിയ ഏഴു അധോലോകങ്ങളിലെ ജീവഗണങ്ങളും വസ്തുക്കളും ത്രിഗുണമയങ്ങള്‍ തന്നെ എന്ന് മനസ്സിലാക്കണം.

കാനപ്രം കേശവന്‍ നമ്പൂതിരി

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.