വോട്ടിങ് മെഷീനെ ആർക്കാണു പേടി?.

Sunday 5 August 2018 3:07 am IST
ഓരോ തെരെഞ്ഞെടുപ്പു വരുമ്പോഴും ഫലപ്രഖ്യാപനത്തിനുശേഷവും കേട്ടുകൊണ്ടിരിക്കുന്ന ആരോപണമാണ് വോട്ടിങ് മെഷീനിലെ കൃത്രിമം. എപ്പോഴാണ് ഈ ആരോപണം? ബിജെപി ജയിക്കുമ്പോഴോ ജയിക്കുമെന്ന തോന്നലുള്ളപ്പോഴോ മാത്രം. സാധാരണക്കാരില്‍ ജനാധിപത്യ വ്യവസ്ഥയെപ്പറ്റി ആശങ്ക സൃഷ്ടിക്കാന്‍ വേണ്ടിയാണിത്. ബിജെപി തോറ്റാല്‍ ജനാധിപത്യത്തിന്റെ വിജയമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യും.

ലോകസഭാ തെരഞ്ഞെടുപ്പ് ഏതാനും മാസങ്ങള്‍ക്കുള്ളില്‍ നടക്കുമെന്ന കാര്യം തീര്‍ച്ചയാണ്. വരുന്ന ജൂണ്‍ മാസത്തിനു മുന്‍പ് പുതിയ പാര്‍ലമെന്റ് സമ്മേളിക്കണം. എല്ലാ പ്രമുഖ രാഷ്ട്രീയ പാര്‍ട്ടികളും തെരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടുകഴിഞ്ഞു. അതോടൊപ്പം തന്നെ പലവിധ നാടകങ്ങള്‍ക്കും തുടക്കമായി.

നാലര വര്‍ഷമായി രാജ്യത്തെമ്പാടുമുള്ള ജനങ്ങള്‍ ഓരോ തെരെഞ്ഞെടുപ്പിനുമുന്‍പും ഫലപ്രഖ്യാപനത്തിനുശേഷവും കേട്ടുകൊണ്ടിരിക്കുന്ന ആരോപണമാണ് വോട്ടിങ് മെഷീനിലെ കൃത്രിമം. എപ്പോഴാണ് ഈ ആരോപണം? ബിജെപി ജയിക്കുമ്പോഴോ ജയിക്കുമെന്ന തോന്നലുള്ളപ്പോഴോ മാത്രം. സാധാരണക്കാരില്‍ ജനാധിപത്യ വ്യവസ്ഥയെപ്പറ്റി ആശങ്ക സൃഷ്ടിക്കാന്‍ വേണ്ടിയാണിത്. ബിജെപി തോറ്റാല്‍ ജനാധിപത്യത്തിന്റെ വിജയമെന്ന് ഉദ്‌ഘോഷിക്കുകയും ചെയ്യും. ആരാണിവര്‍? ആപ്പും തൃണമൂലും കോണ്‍ഗ്രസും കമ്യൂണിസ്റ്റുകളും തന്നെ. പഴയ ബാലറ്റ് പേപ്പര്‍ വേണമെന്ന വാദവുമായെത്തിയിട്ടുണ്ട്.

ദല്‍ഹിയിലെ ആപ്പ് അവര്‍ സ്വന്തമായി ഉണ്ടാക്കിയ വോട്ടിങ് മെഷീനുമായി അസംബ്ലിയിലെത്തി കോലാഹലങ്ങളുണ്ടാക്കി. കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഇതിനെ വെല്ലുവിളിച്ചു. തങ്ങളുടെ വിശ്വാസ്യത തെളിയിക്കാന്‍, സകലമാന അംഗീകൃത പാര്‍ട്ടിക്കാരേയും ക്ഷണിച്ചു. ആപ്പും സിപിഎമ്മും ഒഴികെയുള്ളവര്‍ പോയില്ല. പോയവരെല്ലാം വെറുതെ മടങ്ങുകയും ചെയ്തു.

കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ ഭരണഘടനാപ്രകാരമുള്ള ഒരു സ്വതന്ത്ര സ്ഥാപനമാണ്. ലോകം മുഴുവന്‍ വിശ്വാസ്യത നേടിയതാണ് ഇത്. നിയമസഭ, ലോകസഭ, രാജ്യസഭാ തെരഞ്ഞെടുപ്പ് നടത്തുകയെന്നതാണു മുഖ്യചുമതല. (തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുടെ തെരഞ്ഞെടുപ്പ് നടത്തുന്നത് അതാത് സംസ്ഥാനങ്ങളാണ്). വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കുന്നതും തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുന്നതും ഇവരാണ്.

ആദ്യകാലങ്ങളില്‍ അതാത് ചിഹ്നമുള്ള പെട്ടികളില്‍ ആയിരുന്നു വോട്ടിട്ടിരുന്നത്. വര്‍ഷങ്ങള്‍ കഴിഞ്ഞപ്പോള്‍ എല്ലാവോട്ടും ഒരു പെട്ടിയിലാക്കി തെരഞ്ഞെടുപ്പ് കൂടുതല്‍ സുതാര്യമാക്കി. പിന്നീടാണ് കമ്മീഷന്‍ ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍ ഏര്‍പ്പെടുത്തുന്നതിനെപ്പറ്റി ചിന്തിച്ചത്. മിലിട്ടറി ആവശ്യങ്ങള്‍ക്കുള്ള സുരക്ഷാ ഉപകരണങ്ങള്‍ നിര്‍മ്മിക്കുന്ന ഇസിഐഎല്‍ (ഇലക്ട്രോണിക് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ  ലിമിറ്റഡ്), ബെല്‍ (ഭാരത് ഇലക്ട്രോണിക്‌സ് ലിമിറ്റഡ്) എന്നീ കേന്ദ്ര പൊതുമേഖലാ സ്ഥാപനങ്ങള്‍ മാത്രമേ കമ്മീഷനു വേണ്ടി ഇവിഎം (ഇലക്ട്രോണിക് വോട്ടിങ് മെഷീന്‍) നിര്‍മ്മിക്കുന്നുള്ളൂ. ഈ രണ്ടു കമ്പനികളും അതീവ സുരക്ഷാ നിരീക്ഷണങ്ങളിലുള്ളവയാണ്. ഇവിഎം എന്നത് കടയില്‍ വാങ്ങാന്‍ കിട്ടുന്ന ഒന്നല്ല. കമ്മീഷന്‍ ആവശ്യപ്പെടുന്നതിന് അനുസരിച്ച് ഉണ്ടാക്കി തെറ്റുകുറ്റങ്ങള്‍ തീര്‍ത്ത് 'ഇലക്ഷന്‍ കമ്മീഷന്‍ ഓഫ് ഇന്ത്യ' എന്ന് പ്രിന്റ് ചെയ്ത് അവര്‍ക്ക് നല്‍കുന്നു.

ഇവ കമ്മീഷന്റെ നിര്‍ദേശാനുസരണം തെരഞ്ഞെടുപ്പിന് കാലേകൂട്ടി അതാത് ജില്ലകളിലെ ഡിപ്പോയിലേക്ക് മാറ്റുന്നു. ജില്ലാ ഇലക്ഷന്‍ ഓഫീസറായ ജില്ലാ കളക്ടര്‍മാര്‍ക്കാണിതിന്റെ ചുമതല. ഡിപ്പോകളെല്ലാം സീല്‍ ചെയ്ത സ്‌ട്രോങ് റൂമുകളാണ്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടികളുടെ പ്രതിനിധികളുടെ സാന്നിധ്യത്തിലാണിത് തുറക്കുന്നത്.

സുതാര്യത കൂട്ടാന്‍ ഇത്തവണ മുതല്‍ കമ്മീഷന്‍ രാജ്യമെമ്പാടും വിവിപാറ്റ് (വോട്ടര്‍ വെരിഫയബ്ള്‍ പേപ്പര്‍ ഓഡിറ്റ് ട്രയല്‍) മെഷീനുകള്‍ ഏര്‍പ്പെടുത്തുന്നുണ്ട്. ആര്‍ക്കാണു താന്‍ വോട്ട് ചെയ്തതെന്ന് വോട്ടര്‍ക്ക് നേരിട്ട് കാണാനുള്ള സൗകര്യം ഘടിപ്പിച്ച മെഷീനാണിത്. സീരിയല്‍ നമ്പരും ചിഹ്നവും തെളിഞ്ഞു കാണും ഇതില്‍.

തെരഞ്ഞെടുപ്പിന് മുന്നോടിയായി എല്ലാ ജില്ലകളിലും മെഷീനുകളുടെ എഫ്എല്‍സി (ഫസ്റ്റ് ലെവല്‍ ചെക്കിങ്) നടത്തും. ഇപ്പോള്‍ രാജ്യത്തെങ്ങും ബാലറ്റ് യൂണിറ്റ്, കണ്‍ട്രോള്‍ യൂണിറ്റ്, വിവിപാറ്റ് എന്നിവയുടെ എഫ്എല്‍സി നടന്നുകൊണ്ടിരിക്കുകയാണ്. ഏകദേശം ഒന്നര മാസത്തെ ജോലിയാണിത്. അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികള്‍ക്ക് ചെന്ന് വോട്ട് ചെയ്ത് നോക്കി മെഷീനിന്റെ കൃത്യത ഉറപ്പു വരുത്താം. കമ്മീഷന്‍ എല്ലാ അംഗീകൃത പാര്‍ട്ടികള്‍ക്കും അറിയിപ്പ് നല്‍കിയിട്ടുണ്ട്. എല്ലാ ദിവസവും ഇവര്‍ കൂടെ നിന്ന് ചെയ്യണമെന്നാണ് നിയമം. പക്ഷേ ഇവര്‍ വരില്ല. വന്നാല്‍ സത്യം മനസിലായിപ്പോയാലോ. ഓരോ മെഷീന്റെയും കൃത്യത കമ്പനി ഉദ്യോഗസ്ഥരും ജില്ലാ കളക്ടറുടെ പ്രതിനിധികളും പരിശോധിച്ച് സീല്‍ ചെയ്ത് രണ്ടു പേരും ഒപ്പിട്ട് വീണ്ടും സ്‌ട്രോങ് റൂമിലാക്കുന്നു. പിന്നെ ഈ സീല്‍ പൊട്ടിക്കാന്‍ സാധ്യമല്ല. ശേഷം വോട്ടെടുപ്പിന് നാലഞ്ച് ദിവസം മുന്‍പ് ബാലറ്റ് സെറ്റിങ് മാത്രം  ചെയ്യുന്നു.

വോട്ടെടുപ്പ് ദിവസം രാവിലെ സ്ഥാനാര്‍ത്ഥികളുടെ അംഗീകൃത ഏജന്റിന്റെ മുന്നില്‍ പോളിങ് സ്റ്റേഷനില്‍ വച്ച് മോക്‌പോള്‍ നടത്തി ഒന്നുകൂടി കൃത്യത ഉറപ്പിക്കുന്നു. ഇതിലെവിടെയാണ് കള്ളത്തരം? ഒരു സാധാരണ കാല്‍ക്കുലേറ്ററിന്റെ പോലും സാങ്കേതികത വേണ്ടാത്ത, ഇന്റര്‍നെറ്റ് കണക്ഷന്‍ പോലും ഘടിപ്പിക്കാന്‍ പറ്റാത്ത ഈ മെഷീനുകളില്‍ എന്ത് കള്ളത്തരം കാണിക്കാനാണ്? എഫ്എല്‍സിയ്ക്കും പോളിങ് സ്റ്റേഷനിലും ഇവര്‍ക്ക് പരിശോധിക്കാന്‍ അവകാശമുണ്ടല്ലോ? ശരിയാണെന്ന് ഒപ്പിട്ട് കമ്മീഷന് നല്‍കുന്നുമുണ്ടല്ലോ? പിന്നെയെവിടെയാണ് കൃത്രിമത്വം?

ജനഹിതം എതിരായാല്‍ സമ്മതിക്കാന്‍ മടിയുള്ളത് കൊണ്ട്, സാധാരണക്കാരെ ഇവര്‍ തെറ്റിദ്ധരിപ്പിക്കുന്നു. അതുകൊണ്ടാണ് തോല്‍വിയെ ഭയക്കുമ്പോള്‍ മെഷീനെ കുറ്റപ്പെടുത്തുന്നത്.

പ്രേംചന്ദ്രന്‍

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.