ആനുകാലിക മാധ്യമ ലോകത്തെ വായനാശകലങ്ങള്‍...

Sunday 5 August 2018 3:11 am IST

യാഥാസ്ഥിതിക ചട്ടക്കൂടില്‍ ഒതുങ്ങിക്കഴിഞ്ഞ സൗദി വനിതകള്‍ പഴഞ്ചന്‍ ആചാര നിഷ്ഠയുടെ ചങ്ങല പൊട്ടിച്ച് മുന്നോട്ട് കുതിക്കുകയാണിന്ന്. അവര്‍ക്കിനി മുസ്ലിം വസ്ത്രമായ പര്‍ദ്ദ നിര്‍ബന്ധമില്ല. 

പൊതു ഇടങ്ങളില്‍ കര്‍ശനമായ വിലക്കുകളില്ല. പുറത്തിറങ്ങി അഭിരുചിക്കനുസരിച്ചുള്ള ജോലി ചെയ്യാം. സ്ത്രീകള്‍ക്കിനി മുതല്‍ ടാക്‌സി ഡ്രൈവര്‍മാരായും സംഗീത പ്രിയര്‍ക്ക് സംഗീതക്കച്ചേരികള്‍ നടത്താനുമെല്ലാം സാധിക്കും. 

തൊഴില്‍ മേഖലകളില്‍ ശക്തമായ എതിര്‍പ്പുകള്‍ പലയിടങ്ങളില്‍ നിന്നും സ്ത്രീകള്‍ നേരിടുന്നുണ്ട്. ഇവയില്‍ നിന്നൊരു മുക്തിയാണ് സൗദിയിലെ സ്ത്രീകള്‍ക്ക് ലഭിച്ചിരിക്കുന്നത്.

(പര്‍ദ്ദക്കുള്ളിലെ വെളിച്ചം-ആറ്റക്കോയ പള്ളിക്കണ്ടി- കന്യക മാസിക)

 

നിയമവും നീതിയും തമ്മില്‍ അടിസ്ഥാനപരമായി വ്യത്യാസങ്ങളുണ്ട്. അഥവാ നിയമം നീതിയല്ല. രണ്ടും രണ്ടാണ്. നിയമം നടപ്പിലാക്കുമ്പോഴാണ് ഒരു പൗരന് നീതി ലഭിക്കുന്നത്. അതില്‍ ഒരു ന്യായാധിപനു വിവേചനാധികാരമുണ്ട്. 

ഒന്നുകൂടി വ്യക്തമായി പറഞ്ഞാല്‍ നിയമം നീതിപൂര്‍വം വ്യാഖ്യാനിക്കാന്‍ കഴിയുമ്പോഴാണ് ഒരു പൗരന് അര്‍ഹിക്കുന്ന നീതി ലഭിക്കുന്നത്. ഈ വ്യാഖ്യാനം ഔചിത്യപൂര്‍വം നിര്‍വഹിക്കാന്‍ ന്യായാധിപനു കഴിയണമെങ്കില്‍ വെറും യാന്ത്രികമനസ്സോ കടലാസിലെ നിയമപരിജ്ഞാനമോ പോരാ. നിയമം അതേപടി നടപ്പിലാക്കാന്‍ ഒരു മികച്ച ന്യായാധിപന്റെ ആവശ്യമില്ല. 

പുസ്തകത്തിലെഴുതി വച്ചത് അതേപടി നടപ്പിലാക്കാന്‍ മറ്റു പരിജ്ഞാനമൊന്നും വേണ്ട. പക്ഷേ, അപ്പോള്‍ പൗരന് അര്‍ഹിക്കുന്ന നീതി ലഭിച്ചു എന്നുപറയാന്‍ കഴിയില്ല. നമ്മുടെ സമൂഹത്തിലെ ഏറ്റവും സാധാരണക്കാരനും പാവപ്പെട്ടവനും നീതി ലഭ്യമാകുമ്പോള്‍ മാത്രമേ നമ്മുടെ നീതിന്യായ സംവിധാനം അതിന്റെ യഥാര്‍ത്ഥ ലക്ഷ്യം കൈവരിക്കുന്നുള്ളു. 

ഇവിടെയാണ് യുക്തിപൂര്‍വം വിവേചന ശേഷി ഉപയോഗിച്ച് നിയമം വ്യാഖ്യാനിക്കുന്ന ന്യായാധിപന്റെ പ്രസക്തി.

(പാവപ്പെട്ടവന് നീതി ലഭ്യമാകുമ്പോഴേ നീതിന്യായ സംവിധാനം യഥാര്‍ഥ ലക്ഷ്യം കൈവരിക്കൂ- ജസ്റ്റിസ് ബി. കെമാല്‍പാഷ- കേരള ശബ്ദം വാരിക)

 

സിനിമയെന്നപോലെ ഫുട്‌ബോളും പുരുഷന്റെ കര്‍തൃപക്ഷത്തു നിലയുറപ്പിച്ചുകൊണ്ടാണ് ആഖ്യാനം നിര്‍വഹിക്കുന്നത്. ഫുട്‌ബോള്‍ കളിയിലെ പുരുഷമേല്‍ക്കോയ്മ സ്റ്റേഡിയത്തിനുള്ളിലെ കാണികളായ ആണുങ്ങളുടെ (ആണ്‍) കൂട്ടാരവങ്ങളിലും പ്രതിഫലിക്കുന്നുണ്ട്.

 ആണ്‍ വാഴ്ചയുടെ/ ആണ്‍ നോട്ടത്തിന്റെ കളിയായ സിനിമയും ഫുട്‌ബോളും അതിന്റെ ആഖ്യാനഭാഷയില്‍ സ്ത്രീവിരുദ്ധവും നിഷേധാത്മകവുമാണ്. ഫുട്‌ബോള്‍ എന്ന അതിവേഗ കളി സിനിമയെ പ്രലോഭിപ്പിക്കുന്നതില്‍ അതിന്റെ ആണധികാരം കൊണ്ട് ഗൂഢമായി പ്രവര്‍ത്തിക്കുന്നുണ്ട്. 

ജയിക്കുന്നവന്റെ പ്രതിഫലം/ൃലംമൃറ ആണ് സ്ത്രീ. ചാര്‍ളി ചാപ്ലിന്റെ  'ഠവല ഇവമാുശീി'  എന്ന സിനിമയില്‍ ബോക്‌സിങ് റിംഗില്‍ വിജയിക്കുന്ന നായകന്റെ 'ൃലംമൃറ'  നായികയുടെ ചുംബനമാണ്.

(സിനിമയുടെ ഫുട്‌ബോള്‍ രാഷ്ട്രീയം- പ്രിയാനായര്‍ - ഗ്രന്ഥാലോകം മാസിക)

 

പുരോഹിതന്റെ മുമ്പാകെ ദേവാലയത്തില്‍ വെച്ചാണ് പാപം ഏറ്റുപറയേണ്ടത്. പാപം ഏറ്റുപറഞ്ഞ് അനുതപിക്കുന്നത് യഥാര്‍ത്ഥത്തില്‍ ദൈവത്തിന് മുമ്പിലാണ്. പഴയ വേദപുസ്തകമാണ് കുമ്പസാരത്തിന് കൂടുതല്‍ പ്രാധാന്യം കല്‍പ്പിക്കുന്നത്. 

പുരോഹിതന്റെ മുമ്പില്‍ പാപം ഏറ്റുപറഞ്ഞ് കുമ്പസരിക്കണമെന്ന് നിര്‍ബന്ധമുള്ളത് ഇന്ന് കത്തോലിക്കാ സഭയ്ക്കും ഓര്‍ത്തഡോക്‌സ് സഭയ്ക്കുമാണ്. ചില സഭകള്‍ ഇപ്പോള്‍ കുമ്പസാരം ഗൗരവമായെടുക്കുന്നില്ല. 

യൂറോപ്പിലെ ക്രിസ്ത്യാനികള്‍ പൊതുവേ കുമ്പസാരം എന്ന പ്രായശ്ചിത്ത പദ്ധതിയോട് വിട പറഞ്ഞുകൊണ്ടിരിക്കുകയാണ്. തെറ്റ് ചെയ്താലുണ്ടാകുന്ന കുറ്റബോധം കൊണ്ട് മനസ് ഇടിഞ്ഞുതകരുന്ന അവസ്ഥയെ സമാശ്വസിപ്പിക്കാന്‍ കഴിയുന്ന ഒരു മനഃശാസ്ത്ര കര്‍മമായിട്ടാണ് പ്രൊട്ടസ്റ്റന്റ് മതത്തിന്റെ പുരോഹിതന്മാര്‍ കുമ്പസാരത്തെ കാണുന്നത്. 

തെറ്റുകള്‍ ഏറ്റുപറയുന്ന രഹസ്യകുമ്പസാരത്തെ ഒരു മനഃശാസ്ത്ര പ്രക്രിയയായിട്ടാണ് മാര്‍ട്ടിന്‍ ലൂഥര്‍ കരുതിയത്. പ്രൊട്ടസ്റ്റന്റ് മതം കുമ്പസാരത്തെ അംഗീകരിക്കുന്നുണ്ടെങ്കിലും അത് പൊതുവെ പ്രയോഗിക്കുന്നില്ല.

(മെഴുകുതിരികള്‍ കത്തുന്നു- ഇ.വി. ശ്രീധരന്‍ - കേരള കൗമുദി ആഴ്ചപ്പതിപ്പ്)

പാതിരിമാരുടെ ബലാത്സംഗവും വഴിവിട്ട ജീവിതവും അതുമായി ബന്ധപ്പെട്ട കൊലപാതകങ്ങളും കേരളത്തിനു പുത്തരിയല്ല. 

ഇപ്പോഴാണെങ്കില്‍ ഓര്‍ത്തഡോക്‌സ് സഭയിലെ ഏഴു പുരോഹിതന്മാരുടെ വ്യഭിചാരകഥകള്‍ പാട്ടായിരിക്കുന്നു. പത്രങ്ങള്‍ മൂടിവെക്കാന്‍ ശ്രമിച്ചിട്ടും ജനങ്ങള്‍ 'കുമ്പസാര രഹസ്യം' തിരിച്ചറിഞ്ഞുകഴിഞ്ഞു.

 മതമെന്നാല്‍ ചൂഷണമാണെന്ന് യുക്തിവാദികള്‍ കാലാകാലമായി ആവര്‍ത്തിക്കുമ്പോഴും സദാചാരവും സന്മാര്‍ഗ്ഗവുമുണ്ടാക്കുന്നത് മതങ്ങളാണെന്ന് കൊട്ടിഘോഷിക്കുന്നവര്‍ക്ക് എന്താണ് പറയാനുള്ളത്. പ്രശ്‌നം അതുമാത്രമല്ല. ക്രിമിനല്‍ കുറ്റം ചെയ്തവര്‍ ളോഹയുടെ മറവില്‍ രക്ഷപ്പെടുന്നുവെന്നതാണ്. 

ബിഷപ്പ് ആലഞ്ചേരിക്കെതിരെ കോടികളുടെ ഭൂമി തട്ടിപ്പു കേസ് ഉണ്ടായിട്ടും, വിശ്വാസികള്‍ തന്നെ അതിനെതിരെ രംഗത്തുവന്നിട്ടും സര്‍ക്കാര്‍ അനങ്ങാപ്പാറ നയം സ്വീകരിക്കുന്നുവെന്നതാണ്.

(ബലാത്സംഗം ന്യൂനപക്ഷാവകാശമാണോ - മുഖപ്രസംഗം - യുക്തിരേഖ മാസിക)

 

സംഘടനകളെക്കുറിച്ചു വികാരം കൊള്ളാന്‍ ഞാനില്ല. 'അമ്മ'യുടെ ആദ്യകാല സെക്രട്ടറിയും സ്ഥാപകാംഗവുമാണ് ഞാന്‍. അമ്മയില്‍ നിന്ന് ഒരു രീതിയിലെ സേവനവും സൗജന്യവും ഈ നിമിഷം വരെ കൈപ്പറ്റിയിട്ടില്ല. കൈനീട്ടം വാങ്ങുന്നുമില്ല.

 നാല്‍പ്പത്തിരണ്ടു ദിവസം കൊച്ചിയിലെ ആശുപത്രിയില്‍ കിടന്നപ്പോള്‍, ജീവിതത്തിലെ ഏറ്റവും കഠിനമായ കാലത്തിലൂടെ കടന്നുപോയ ആ കാലത്ത് ഒരു സംഘടനാ ഭാരവാഹിയും തിരിഞ്ഞുനോക്കിയിട്ടില്ല. ചികിത്സ കഴിഞ്ഞ് ഒരു വര്‍ഷം ഹൈദരബാദില്‍ വിശ്രമിച്ചപ്പോഴും 'സുഹൃത്തേ, നിങ്ങള്‍ എവിടെയാണെ' ന്ന് ചോദിക്കാനും ആരേയും കണ്ടിട്ടില്ല. 

പക്ഷേ, ആശുപത്രിക്കട്ടിലിനരികിലിരുന്ന് എന്റെ ആരോഗ്യത്തിനായി മൂന്നു നേരം നിസ്‌കരിച്ച ഒരു ഉമ്മയെ എനിക്കോര്‍മയുണ്ട്. ഹൈദരബാദിലേക്ക് വഴിപാടുകളും പ്രസാദങ്ങളുമൊക്കെ അയച്ചുതന്നവരും മായാതെ മനസ്സിലുണ്ട്. അതുകൊണ്ട് സംഘടനയിലല്ല പ്രേക്ഷകരിലാണ് എന്റെ വിശ്വാസം.

(കുടുംബചിത്രം- ബാലചന്ദ്രമേനോന്‍- വനിത മാസിക)

ഉദിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.