ഇന്ത്യക്ക് 31 റണ്‍സ് തോല്‍വി

Sunday 5 August 2018 3:11 am IST

എഡ്ജ്ബാസ്റ്റണ്‍: ഇന്ത്യ- ഇംഗ്ലണ്ട് ടെസ്റ്റ് പരമ്പരയിലെ ആദ്യ ടെസ്റ്റില്‍ ഇന്ത്യക്ക് തോല്‍വി. 31 റണ്‍സിനാണ് കോഹ്‌ലിപ്പട ആതിഥേയരോട് പരാജയപ്പെട്ടത്. അഞ്ച് വിക്കറ്റുമായി നാലാം ദിനം കളിക്കാനിറങ്ങിയ ഇന്ത്യക്ക് ആദ്യ ടെസ്റ്റ് ജയിക്കാന്‍ 84 റണ്‍സാണ് ആവശ്യമായിരുന്നത്. എന്നാല്‍ സന്ദര്‍ശകര്‍ 162 റണ്‍സിന് പുറത്തായി. എഡ്ജ്ബാസ്റ്റണിലെ ആദ്യ ടെസ്റ്റ് വിജയം എന്ന സ്വപ്‌നവും പൊലിഞ്ഞു. അഞ്ചു ടെസ്റ്റുകളുടെ പരമ്പരയില്‍ ഇംഗ്ലണ്ട് 1-0നു മുന്നിലെത്തി. 

51 റണ്‍സെടുത്ത ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്‌ലി ബെന്‍ സ്റ്റോക്‌സിന്റെ പന്തില്‍ പുറത്തായതോടെ ഇന്ത്യയുടെ പ്രതീക്ഷ ഏറെക്കുറെ അസ്തമിച്ചു. കോഹ്‌ലിയുടേതടക്കം നാല് വിക്കറ്റുകളാണ് സ്‌റ്റോക്‌സ് വീഴ്ത്തിയത്. സ്‌കോര്‍: ഇംഗ്ലണ്ട്: 287-180, ഇന്ത്യ 274-162

 പിന്നീടു വന്ന ഹാര്‍ദിക് പാണ്ഡ്യ രണ്ട് ബൗണ്ടറികളടക്കം 31 റണ്‍സ് അടിച്ച്  അവസാനം വരെ പൊരുതിയെങ്കിലും സ്റ്റോക്‌സിന്റെ പന്തില്‍ കുക്കിന് ക്യാച്ച് നല്‍കി പുറത്തായതോടെ അവസാന പ്രതീക്ഷയും അവസാനിച്ചു. ദിനേശ് കാര്‍ത്തിക്(20), മുഹമ്മദ് ഷമി (0), ഇഷാന്ത് ശര്‍മ (11) എന്നിവരാണ് ഇന്നലെ പുറത്തായ മറ്റ് ബാറ്റ്‌സ്മാന്മാര്‍. നാല്‍പ്പത് റണ്‍സിനാണ് സ്‌റ്റോക്‌സ് നാല് വിക്കറ്റ് വീഴ്ത്തിയത്. ആന്‍ഡേഴ്‌സണും ബ്രോഡും രണ്ട് വിക്കറ്റുകള്‍ വീതം പങ്കിട്ടു. രണ്ടാം ടെസ്റ്റ് ലോര്‍ഡ്‌സില്‍ ഈ മാസം ഒമ്പതിന്.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.