ലോക കിരീടത്തിനരികെ

Sunday 5 August 2018 3:12 am IST

ബീജിങ്: ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ പി.വി സിന്ധു ഫൈനലില്‍ കടന്നു. ജപ്പാന്റെ അകനെ യമഗുച്ചിയെ നേരിട്ടുള്ള സെറ്റുകള്‍ക്കാണ് സിന്ധു മുട്ടുകുത്തിച്ചത്. സ്‌കോര്‍ 21-16, 24-22. റിയോ ഒളിമ്പിക്‌സ്, 2017 ലോക ചാമ്പ്യന്‍ഷിപ്പ്, 2018 ലോക ചാമ്പ്യന്‍ഷിപ്പ് എന്നീ മൂന്ന് അന്താരാഷ്ട്ര ഫൈനലുകളും കളിക്കുന്ന ഏക താരമെന്ന  നേട്ടവും ഇതോടെ സിന്ധു സ്വന്തമാക്കി.

സ്‌പെയിനിന്റെ കരോലീന മാരിനാണ് ഫൈനലില്‍ സിന്ധുവിന്റെ എതിരാളി. റിയോ ഒളിമ്പിക്‌സ് ഫൈനലില്‍ ഇരുവരും ഏറ്റുമുട്ടിയപ്പോള്‍ വിജയം മാരിനായിരുന്നു. റിയോ ഒളിംപിക്‌സിനു ശേഷം പരുക്കിലായിരുന്ന മാരിന്‍ മികച്ച പ്രകടനത്തോടെയാണ് ഫൈനലിലെത്തിയിരിക്കുന്നത്. നിലവിലെ ചാമ്പ്യനായ ജപ്പാന്റെ തന്നെ നൊസോമി ഒകുഹാരയെ ക്വാര്‍ട്ടറില്‍ സിന്ധു പുറത്താക്കിയിരുന്നു. 

സെമിഫൈനലിന്റെ ആദ്യ സെറ്റ് പകുതിയായപ്പോള്‍ 11-8 എന്ന നിലയില്‍ യമഗുച്ചി ലീഡ് നേടിയിരുന്നെങ്കിലും തുടര്‍ച്ചയായുള്ള ആറു പോയിന്റുകളോടെ സിന്ധു 18- 12ലേക്കു മുന്നേറി. സിന്ധുവിന്റെ തന്ത്രങ്ങള്‍ക്കു മുന്നില്‍ അടി പതറുന്ന യമഗുച്ചിയെയാണ് പിന്നീട് കോര്‍ട്ടില്‍ കണ്ടത്. 

രണ്ടാം സെറ്റില്‍ നെറ്റിലേക്ക് കയറിക്കളിച്ച യമഗുച്ചി 7-3 എന്ന സ്‌കോറിലൂടെ സിന്ധുവിനെ പിടിച്ചുകെട്ടാന്‍ ഒരു ശ്രമം കൂടി നടത്തിയെങ്കിലും 19-19 എന്ന സ്‌കോര്‍ മുതല്‍ സിന്ധുവിന്റെ മുന്നേറ്റമായിരുന്നു.  മാച്ച് പോയിന്റില്‍ ഏറെ നേരം നീണ്ടുനിന്ന റാലിക്കൊടുവിലാണ് നെറ്റ് ഡ്രിബിളിങ്ങിലൂടെ യമഗുച്ചിയെ സിന്ധു നിലംപരിശാക്കിയത്. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.