അഭിമന്യുവിനെ കുത്തിയതാര്? കത്തിയെവിടെ?

Sunday 5 August 2018 3:12 am IST

കൊച്ചി: മഴക്കെടുതി, മീശ വിവാദങ്ങളില്‍ അഭിമന്യു വധം മുങ്ങിയതില്‍ ആഭ്യന്തര വകുപ്പ് ആശ്വസിക്കുമ്പോള്‍ സിപിഎമ്മില്‍ അമര്‍ഷം കത്തുന്നു. മഹാരാജാസ് കോളേജിലെ എസ്എഫ്‌ഐ പ്രവര്‍ത്തകനായിരുന്ന അഭിമന്യുവിനെ എസ്ഡിപിഐ-പോപ്പുലര്‍ ഫ്രണ്ട് ഭീകരര്‍ കുത്തിക്കൊലപ്പെടുത്തിയിട്ട് മാസം ഒന്ന്  കഴിഞ്ഞിട്ടും കത്തിയും കുത്തിയവനെയും കണ്ടെത്താന്‍ പോലീസിനു കഴിഞ്ഞിട്ടില്ല. എല്‍ഡിഎഫ് സംസ്ഥാനം ഭരിക്കുകയും മുഖ്യമന്ത്രി തന്നെ ആഭ്യന്തര വകുപ്പ് കൈകാര്യം ചെയ്തിട്ടും അഭിമന്യുവിനെ കുത്തിക്കൊലപ്പെടുത്തിയതാരെന്നു കണ്ടെത്താന്‍ കഴിയാത്തത് സിപിഎമ്മിനു നാണക്കേടായെന്ന അഭിപ്രായം പാര്‍ട്ടിയില്‍ ശക്തിപ്പെടുകയാണ്. 

ജൂലൈ ഒന്നിന് രാത്രിയിലാണ് അഭിമന്യുവിനെ പോപ്പുലര്‍ഫ്രണ്ടുകാര്‍ കൊലപ്പെടുത്തിയത്. കേസില്‍ ഇതുവരെ 15 പേരാണ് പിടിയിലായത്. അറസ്റ്റിലായവരെല്ലാം ഗൂഢാലോചനയില്‍ പങ്കാളികളായവരും പ്രതികളെ രക്ഷപ്പെടാന്‍ സഹായിച്ചവരുമാണ്. എന്നാല്‍ അഭിമന്യുവിന്റെ കൊലയാളിയെക്കുറിച്ച് പോലീസിന് യാതൊരു വിവരവും ലഭിച്ചിട്ടില്ല. ഇയാള്‍ വിദേശത്തേക്ക് കടന്നിരിക്കാമെന്ന നിഗമനത്തിലാണ് പോലീസ്. കേസില്‍ പ്രധാന തെളിവായ കത്തി കണ്ടെത്താനാവാത്തതും പോലീസിന്റെ വീഴ്ചയാണെന്നു പാര്‍ട്ടിപ്രവര്‍ത്തകര്‍ ആരോപിക്കുന്നു. 

മെട്രോ നഗരത്തില്‍ പാര്‍ട്ടി പ്രവര്‍ത്തകന്റെ  അരുംകൊല നടന്നിട്ടും കൊലയാളിയെ പിടിക്കാത്തത് ആഭ്യന്തര വകുപ്പിന്റെ പിടിപ്പുകേടാണെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകര്‍ കരുതുന്നത്. കേസില്‍ പ്രത്യേക അന്വേഷണസംഘത്തെ നിയോഗിക്കാത്തതും സംശയത്തിന് ഇട നല്‍കുന്നു.   

വരാപ്പുഴയില്‍ ശ്രീജിത്തിന്റെ  കസ്റ്റഡി കൊലപാതക കേസിലും നടി ആക്രമിക്കപ്പെട്ട കേസിലും അന്വേഷണത്തിന് പ്രത്യേക സംഘത്തെ നിയോഗിച്ചിരുന്നു. അഭിമന്യു വധത്തില്‍ കണ്‍ട്രോള്‍ റൂം എസിപി സി.ടി. സുരേഷ് കുമാറിനാണ് അന്വേഷണത്തിന്റെ മേല്‍നോട്ടം. ദൈനംദിന കേസുകള്‍ കൈകാര്യം ചെയ്യുന്നതിനിടയിലാണ് പോലീസ് അഭിമന്യു കൊലപാതക കേസിന്റെയും അന്വേഷണം നടത്തുന്നത്. 

ഗൂഢാലോചനയില്‍ പോപ്പുലര്‍ ഫ്രണ്ട്-എസ്ഡിപിഐ നേതൃത്വത്തിന് പങ്കുണ്ടെന്ന് പോലീസ് തന്നെ പറയുന്നു. എന്നാല്‍ ആ വഴിക്ക് അന്വേഷണം നടക്കുന്നില്ല. കേസിന്റെ തുടക്കത്തില്‍ പോലീസ് കാണിച്ച ശുഷ്‌കാന്തി പിന്നീടുള്ള അന്വേഷണത്തില്‍ ഉണ്ടായില്ല. ഇത് സിപിഎം-പോപ്പുലര്‍ ഫ്രണ്ട് ഒത്തുതീര്‍പ്പിന്റെ ഭാഗമാണെന്നാണ് സിപിഎം പ്രവര്‍ത്തകര്‍ തന്നെ പറയുന്നത്.

കെ.എസ്. ഉണ്ണികൃഷ്ണന്‍

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.