ദല്‍ഹിയില്‍ പിണറായിയുടെ സുരക്ഷയ്ക്ക് സ്ഥിരം പോലീസ് വീണ്ടും വര്‍ധിപ്പിക്കാന്‍ നീക്കം

Sunday 5 August 2018 3:14 am IST

ന്യദല്‍ഹി: മുഖ്യമന്ത്രി പിണറായി വിജയന്റെ സുരക്ഷയ്ക്ക് ദല്‍ഹിയില്‍ സ്ഥിരം സംവിധാനം. ദല്‍ഹി പോലീസിന്റെ സുരക്ഷയ്ക്കു പുറമെ കേരളത്തില്‍ നിന്നുള്ള പ്രത്യേക സംഘത്തെയും പിണറായിക്ക് വേണ്ടി നിയോഗിച്ചിട്ടുണ്ട്. രണ്ടു പോലീസ് വാഹനങ്ങളും നാല് കോണ്‍സ്റ്റബിള്‍മാരുമാണ് ഈ സംഘത്തിലുള്ളത്. മുഖ്യമന്ത്രി ദല്‍ഹിയില്‍ വരുമ്പോള്‍ മാത്രമാണ് ഇവര്‍ക്ക് ജോലിയുള്ളത്. വര്‍ഷത്തില്‍ പരമാവധി 30 ദിവസം മാത്രം. മുന്‍ മുഖ്യമന്ത്രിമാര്‍ക്കില്ലാതിരുന്ന സുരക്ഷയാണ് പിണറായിക്ക് ഇപ്പോള്‍ത്തന്നെ നല്‍കിക്കൊണ്ടിരിക്കുന്നത്. 

ഇന്നലെ യുവാവ് ആത്മഹത്യാ ഭീഷണി മുഴക്കിയ സംഭവത്തെ മുതലെടുത്ത് ഇത് വീണ്ടും വര്‍ധിപ്പിക്കാനാണ് നീക്കം. ആത്മഹത്യാ ശ്രമം മുഖ്യമന്ത്രിക്കെതിരായ ആക്രമണ ശ്രമമായി സിപിഎം പ്രചരിപ്പിക്കുന്നതും ഇതിന്റെ ഭാഗമായാണ്. ഭാവിയില്‍ ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ വിവിഐപികള്‍ വരുന്ന സമയങ്ങളില്‍ സുരക്ഷാ സംവിധാനം കര്‍ശനമാക്കുമെന്ന് കേരള ഹൗസ് അധികൃതര്‍ പറഞ്ഞു. കേരളത്തില്‍ പിണറായി ചെല്ലുന്നിടത്തെല്ലാം സുരക്ഷയ്ക്കായി സ്റ്റേഷനിലുള്ള പോലീസുകാര്‍ ഒന്നാകെ അകമ്പടി സേവിക്കുന്നതായി നേരത്തെ പരാതി ഉയര്‍ന്നിരുന്നു. 

മുഖ്യമന്ത്രിമാര്‍ക്ക്, മുന്‍പ് ദല്‍ഹി പോലീസ് മാത്രമാണ് സുരക്ഷ ഒരുക്കിയിരുന്നത്. കേരളത്തിലടക്കം വന്‍ പോലീസ് സന്നാഹങ്ങളുമായി സഞ്ചരിക്കുന്ന പിണറായി ദല്‍ഹിയിലും പ്രത്യേക സംവിധാനമൊരുക്കാന്‍ ആവശ്യപ്പെടുകയായിരുന്നു. ഔദ്യോഗിക പരിപാടികള്‍ക്കും പാര്‍ട്ടി പരിപാടികള്‍ക്കുമായി മാസത്തില്‍ ഒന്നോ രണ്ടോ തവണ മാത്രമാണ് മുഖ്യമന്ത്രി ദല്‍ഹി സന്ദര്‍ശിക്കുന്നത്. ഏതാനും ദിവസം മാത്രം ഇവിടെ തങ്ങുന്ന മുഖ്യമന്ത്രിയുടെ സുരക്ഷയ്ക്കാണ് നാല് കോണ്‍സ്റ്റബിള്‍മാരും രണ്ടു വാഹനങ്ങളും ദിവസങ്ങളോളം വെറുതെ കിടക്കുന്നത്. ഇതിന് പുറമെ പിണറായിക്കൊപ്പം കേരളത്തില്‍ നിന്നുള്ള പ്രത്യേക പോലീസ് സംഘവും ദല്‍ഹിയിലേക്ക് അനുഗമിക്കാറുണ്ട്. 

കെ. സുജിത്

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.