സുപ്രീംകോടതിയിൽ മൂന്ന് വനിതകൾ ; ചരിത്രത്തിൽ ഇതാദ്യം

Sunday 5 August 2018 3:17 am IST

ന്യൂദല്‍ഹി:   ഇന്ത്യയുടെ ചരിത്രത്തില്‍ ഇതാദ്യമായി സുപ്രീംകോടതിയില്‍ മൂന്ന് വനിതാ ജഡ്ജിമാര്‍. ഇന്നലെ നിയമിതയായ ഇന്ദിരാ ബാനര്‍ജി, ജസ്റ്റിസുമാരായ ആര്‍. ഭാനുമതി, ഇന്ദുമല്‍ഹോത്ര എന്നിവര്‍.  ഇന്ദിരാ ബാനര്‍ജി  സുപ്രീംകോടതിയിലെ എട്ടാമത്തെ വനിതാ ജഡ്ജിയാണ്. ഫാത്തിമാ ബീവി, സുജാത വി. മനോഹര്‍, രുമാ പാല്‍, ജ്ഞാന്‍സുധ മിശ്ര, രഞ്ജനാ പ്രകാശ് ദേശായി, ആര്‍. ഭാനുമതി, ഇന്ദുമല്‍ഹോത്ര എന്നിവരാണ് മറ്റുള്ളവര്‍.  ഇന്ദിര മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായിരുന്നു. 

 1950ല്‍ സ്ഥാപിച്ച അന്നു മുതല്‍ ഇതുവരെ സുപ്രീംകോടതിയില്‍ ഇത്രയേറെ വനിതാ പ്രാതിനിധ്യം ലഭിച്ചിട്ടില്ല. പരമോന്നത നീതി പീഠത്തിലേക്ക് നേരിട്ട് നിയമിക്കപ്പെട്ട ആദ്യ വനിതാ ജഡ്ജിയാണ്.  60 വയസ്സുകാരിയായ ജസ്റ്റിസ് ഇന്ദിര 57 സപ്തംബര്‍ 24നാണ് ജനിച്ചത്. കൊല്‍ക്കത്ത ലോറേറ്റോയില്‍ വിദ്യാഭ്യാസം. പ്രസിഡന്‍സി കോളേജ്, കല്‍ക്കത്ത യൂണിവേഴ്‌സിറ്റി കോളേജ് എന്നിവിടങ്ങളില്‍ ഉപരിപഠനം. 85ല്‍ കല്‍ക്കത്ത ഹൈക്കോടതിയില്‍ അഭിഭാഷകയായി.  2002 ഫെബ്രുവരി 5ന് കല്‍ക്കത്ത ഹൈക്കോടതിയില്‍ ജഡ്ജിയായി. 2016ല്‍ ദല്‍ഹി ഹൈക്കോടതിയിലേക്ക് മാറ്റം. 2017 ഏപ്രില്‍ അഞ്ചിനാണ് മദ്രാസ് ഹൈക്കോടതി ചീഫ് ജസ്റ്റിസായത്. മദ്രാസ് ഹൈക്കോടതിയിലെ രണ്ടാമത്തെ വനിതാ ചീഫായിരുന്നു.

കൊളീജിയത്തിന്റെ ശുപാര്‍ശ പ്രകാരം കേന്ദ്രം മൂന്നു പേരെയാണ് കേന്ദ്രം സുപ്രീംകോടതി ജഡ്ജിമാരായി നിയമിച്ചത്. ഇന്ദിരാ ബാനര്‍ജിക്കു പുറമേ മലയാളിയായ, ഉത്തരാഖണ്ഡ് ഹൈക്കോടതി ചീഫ് ജസ്റ്റിസ് കെ.എം .ജോസഫ്, ഒഡീഷ ഹൈക്കോടതി ചീഫ് ജസ്റ്റിസ് വിനീത് ശരണ്‍ എന്നിവര്‍.  ഇപ്പോള്‍ സുപ്രീംകോടതി ജഡ്ജിമാരുടെ എണ്ണം 25 ആയി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.