മാതാവിന്റെ അനുമതി

Monday 6 August 2018 2:07 am IST

രാമന്റെ ഉപദേശത്തിനു മറുപടിയായി ലക്ഷ്മണന്‍ പറഞ്ഞത്  നമ്മുടെ പിതാവിന്റെ ആജ്ഞ ധര്‍മത്തിനു നിരക്കാത്തതായതിനാല്‍ അവഗണിക്കത്തക്കതാണ് എന്നത്രേ. വിധിയേക്കാള്‍ ശക്തി ബാഹുബലത്തിനാണെന്നും അതിനാല്‍ ആയുധം എടുത്ത് അഭിഷേകവിഘ്‌നം വരുത്തുന്നവരെ നേരിടണമെന്നുമാണ് ലക്ഷ്മണന്റെ  പക്ഷം. ഒരു ക്രുദ്ധസര്‍പ്പത്തേപ്പോലെയായിരുന്നു ലക്ഷ്മണന്റെ  പെരുമാറ്റം. 

ജ്യേഷ്ഠനോടുള്ള ആദരവും സ്‌നേഹവും കാരണം രാമനോടു കാട്ടുന്ന അനീതി ലക്ഷ്മണന് സഹിക്കാവുന്നതിലും അപ്പുറമായിരുന്നു. പിതാവു നല്‍കിയ വരത്തിന്റെ കാര്യം സത്യമായിരുന്നുവെങ്കില്‍ അഭിഷേകത്തിനു തുനിയും മുമ്പു തന്നെ അത് നടപ്പാക്കുമായിരുന്നേനെ. വീരനായ ജ്യേഷ്ഠാ, അങ്ങയുടേതല്ലാത്ത ആരുടേയും അഭിഷേകം എനിക്കു ചിന്തിക്കുവാന്‍ കൂടി കഴിയില്ല. എന്നോടു ക്ഷമിക്കൂ. അഭിഷേകം നടത്താതിരിക്കുവാനുള്ള മാതാപിതാക്കളെന്ന ശത്രുക്കളുടെ തീരുമാനം അവഗണിക്കുകയാണു വേണ്ടത്. ഏതു ശത്രുവിനേയാണ് എന്റെ  ആയുധങ്ങള്‍ നാമാവശേഷമാക്കേണ്ടത്?

ലക്ഷ്മണന്റെ കണ്ണുനീര്‍ രാമന്‍ പല തവണ തുടച്ചു. ലക്ഷ്മണനെ ആശ്വസിപ്പിച്ചുകൊണ്ട് സ്‌നേഹത്തോടെ രാമന്‍ പറഞ്ഞു 'എന്റെ  മാതാപിതാക്കളുടെ ആജ്ഞ നിറവേറ്റുകയാണ് എന്റെ  ധര്‍മ്മം  എന്നറിയൂ. കാരണം ധര്‍മാത്മാക്കളുടെ മാര്‍ഗ്ഗം അതാണു ലക്ഷ്മണാ'.

രാജകീയ സൗകര്യങ്ങളെല്ലാം അനുഭവിച്ചുവന്ന രാമന്‍ അതൊന്നുമില്ലാതെ വനത്തില്‍ എങ്ങനെ ജീവിക്കും എന്നത് കൗസല്യാദേവിക്കു സഹിക്കുവാന്‍ കഴിഞ്ഞില്ല. അവര്‍ രാമനോടൊപ്പം വനത്തിലേക്കു പോകുമെന്ന് നിശ്ചയിച്ചു. ഇതുമനസ്സിലാക്കിയ രാമന്‍ മാതാവിനോടിങ്ങനെ പറയുകയുണ്ടായി കൈകേയി മാതാവിനാല്‍ വഞ്ചിക്കപ്പെട്ട രാജാവ് ഞാന്‍ വനത്തിലേക്കു പോയശേഷം മാതാവുകൂടി ഉപേക്ഷിച്ചാല്‍ പിന്നെ ജീവിച്ചിരിക്കയില്ല.

കൂടാതെ ഒരു സ്ത്രീക്ക് ഭര്‍ത്താവിനെ ഉപേക്ഷിച്ചു പോകുന്നത് ഭൂഷണമല്ല. ഞാന്‍ വനത്തിലേക്കു പോയശേഷവും മാതാവ് പിതാവിനുവേണ്ടുന്ന ശുശ്രൂഷകള്‍ ചെയ്ത് അദ്ദഹം ജീവിച്ചിരിക്കുവോളം കാലം അദ്ദേഹത്തോടൊപ്പം കഴിയണം.

രാമന്‍ തുടര്‍ന്നു,  'പിതാവ് ജീവിച്ചിരിക്കുവോളം കാലം നമ്മള്‍ അനാഥരല്ല. സ്ത്രീയുടെ ദൈവമാണ് ഭര്‍ത്താവ്. ഭരതനാണെങ്കില്‍ ധര്‍മാത്മാവുമാണ്. ഭരതന്‍ ധര്‍മമേ പ്രവര്‍ത്തിക്കൂ. അവന്‍ മാതാവിനോട് അപ്രിയമൊന്നും പ്രവര്‍ത്തിക്കില്ല. മാതാവിനു വേണ്ട ശുശ്രൂഷകള്‍ ആ കുമാരന്‍ ചെയ്യും. ഉത്തമയായ പത്‌നി ഭര്‍ത്താവിനു വേണ്ടതെല്ലാം ചെയ്യും. ഇതാണ് ശ്രുതിയിലും സ്മൃതിയിലും പറഞ്ഞിരിക്കുന്നത്'. 

കൗസല്യാദേവിയുടെ ഹൃദയം കര്‍ത്തവ്യത്തിന്റെ വിളി അറിഞ്ഞു. അവര്‍ പുത്രനോടു പറഞ്ഞു 'ശരി, പോയിവരൂ. വിധിയെത്തടുക്കുവാന്‍ ആര്‍ക്കുമാവില്ല. ചാഞ്ചല്യമില്ലാത്ത മനസ്സോടെ പോകൂ. നിനക്കു നല്ലതു വരും. എന്റെ ദുഃഖം നീ മടങ്ങിവരുമ്പോഴായിരിക്കും മാറുക. അന്ന് ഞാന്‍ ആഹ്‌ളാദിക്കും. നിന്നെ ധര്‍മം രക്ഷിക്കട്ടെ. ദേവാലയങ്ങളിലും വീഥികളിലും നീ ആരേയൊക്കെ കുമ്പിടുന്നുവോ അവരെല്ലാം നിന്നെ കാത്തുകൊള്ളട്ടെ. ബ്രഹ്മര്‍ഷിയായ വിശ്വാമിത്രന്‍ നല്‍കിയ അസ്ത്രശസ്ത്രങ്ങള്‍ നിന്നെ സംരക്ഷിക്കട്ടെ. പിതാവിനും മാതാക്കള്‍ക്കും നല്‍കിയ ഉത്തമസേവനത്തിന്റെ ഫലമായും നിന്റെ സത്യത്തിന്റെ ഫലമായും നീ ദീര്‍ഘായുസ്സായിരിക്കട്ടെ. ദേവന്മാരും ദിക്പാലന്മാരും പിതൃക്കളും കാലവും നിനക്ക് മംഗളം വരുത്തട്ടെ'. 

ഇങ്ങനെ പുത്രനെ സുദീര്‍ഘമായി അനുഗ്രഹിച്ച മാതാവ് മകനെ പ്രദിക്ഷണം ചെയ്തു. മാതാവിന്റെ പാദങ്ങളില്‍ നമസ്‌കരിച്ച രാമന്‍ അവിടെനിന്നും സീതാദേവിയുടെ അടുത്തക്കാണ് പോയത്. മാതാവിന്റെ അനുഗ്രഹത്തിന്റെ  ഫലമെന്നു തോന്നുമാറ് രാമന്‍ അതീവ തേജസ്വിയായി കാണപ്പെട്ടു.

 

രാമായണസുഗന്ധം-15

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.