മിനിമം ബാലന്‍സ്: ബാങ്കുകള്‍ ഈടാക്കിയത് 5,000 കോടി രൂപ

Sunday 5 August 2018 8:25 pm IST

ന്യൂദല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് സൂക്ഷിക്കാത്ത ഇടപാടുകാരില്‍ നിന്ന് ബാങ്കുകള്‍ പിഴ ഈടാക്കിയത് 5,000 കോടി രൂപ.  21 പൊതുമേഖലാ ബാങ്കുകളും മൂന്നു സ്വകാര്യമേഖലാ ബാങ്കുകളും 2017-18 കാലയളവില്‍ ഈടാക്കിയ കണക്കുകളാണിത്.

ആകെ തുകയില്‍ (4,989.55 കോടി) പകുതിയും രാജ്യത്തെ ഏറ്റവും വലിയ പൊതുമേഖലാ ബാങ്കായ എസ്ബിഐയാണ് ഈടാക്കിയത്. 2017-18ല്‍ 6,547 കോടി രൂപയായിരുന്നു ബാങ്കിന് നഷ്ടം. ഇതോടെ മിനിമം ബാലന്‍സ് ഇല്ലാത്ത അക്കൗണ്ടുകള്‍ക്ക് മുമ്പുണ്ടായിരുന്ന നിരക്കില്‍ പിഴയിടാന്‍ ബാങ്ക് തീരുമാനിക്കുകയായിരുന്നു.

2012 മുതലാണ് മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ എസ്ബിഐ പിഴ ഈടാക്കി തുടങ്ങിയത്. ഇടപാടുകാരെ ചൂഷണം ചെയ്യുന്നുവെന്ന് വിമര്‍ശനമുയര്‍ന്നതിനെ തുടര്‍ന്ന് 2017 ഒക്‌ടോബര്‍ മുതല്‍ ഇതിന്റെ നിരക്ക് കുറച്ചിരുന്നു. 

പിഴ ഈടാക്കിയതില്‍ എച്ച്ഡിഎഫ്‌സി, ആക്‌സിസ് ബാങ്കുകളാണ് രണ്ടും മൂന്നും സ്ഥാനത്ത്. ഉപഭോക്താക്കളില്‍ നിന്ന് എച്ച്ഡിഎഫ്‌സി ഈടാക്കിയത് 590.84 കോടി രൂപ. 530.12 കോടി  ആക്‌സിസ് ബാങ്കും 317.6 കോടി ഐസിഐസിഐ ബാങ്കും ഈടാക്കി. 

അതേസമയം അടിസ്ഥാന ബാങ്കിങ് നിക്ഷേപ പദ്ധതി (ബിഎസ്ബിഡി), പ്രധാനമന്ത്രി ജന്‍ധന്‍ യോജന പദ്ധതികള്‍ പ്രകാരം തുടങ്ങുന്ന അക്കൗണ്ടുകള്‍ക്ക് മിനിമം ബാലന്‍സ് ആവശ്യമില്ല. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.